Wednesday
17 Jan 2018

പ്രതിസന്ധി പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍ രംഗത്ത്

By: Web Desk | Saturday 13 January 2018 10:16 PM IST

ഏഴംഗ സമിതി രൂപീകരിച്ചു

ന്യൂഡല്‍ഹി: സുപ്രിംകോടതിയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍ രംഗത്ത്. ചീഫ് ജസ്റ്റിസിനെതിരായി സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉയര്‍ത്തിയ കലാപം പരിഹരിക്കാനാണ് ബാര്‍ കൗണ്‍സില്‍ ഇടപെടുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഏഴംഗ സമിതി രൂപീകരിച്ചു. ന്യായാധിപരുമായി ഏഴംഗ സമിതി കൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ജുഡീഷറിയിലെ ഭിന്നതകള്‍ പൊതുജന മധ്യത്തിലേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നെന്നും മനന്‍ കുമാര്‍ മിശ്ര അഭിപ്രായപ്പെട്ടു.

സുപ്രിം കോടതിയുടെ ഭരണ സംവിധാനത്തിനും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുമെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നാല് ജഡ്ജിമാര്‍ രംഗത്തെത്തുകയും വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ നടക്കുന്ന നീക്കങ്ങളെ മനന്‍ കുമാര്‍ മിശ്ര ശക്തമായി എതിര്‍ത്തു. ഇത്തരം നീക്കങ്ങളില്‍നിന്ന് എല്ലാവരും പിന്മാറണം. ജുഡീഷ്യറിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ആരും ശ്രമിക്കരുത്. രാജ്യത്തെ ജനങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ അടിയുറച്ച വിശ്വാസമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം രാജ്യംകണ്ട ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് പരമോന്നത നീതിപീഠം കടന്നുപോകുന്നതെന്നും മഞ്ഞുരുക്കാനുള്ള നീക്കങ്ങള്‍ സജീവമാണെങ്കിലും ഇപ്പോഴും ജഡ്ജിമാര്‍ രണ്ട് തട്ടില്‍ തന്നെയാണെന്നും പ്രതികരിച്ച അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉടന്‍ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ പ്രകോപനങ്ങളിലേക്ക് കാര്യങ്ങള്‍ പോകാതെ പ്രശ്‌നം തീര്‍ക്കണമെന്ന അഭിപ്രായമാണ് അറ്റോര്‍ണി ജനറല്‍ അടക്കമുള്ള മുതിര്‍ന്ന അഭിഭാഷകര്‍ മുന്നോട്ടുവയ്ക്കുന്ന പോംവഴി. എന്നാല്‍ ചീഫ് ജസ്റ്റിസ് തീരുമാനം വ്യക്തമാക്കട്ടെ എന്നാണ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഉള്‍പ്പടെ പ്രതിഷേധം ഉയര്‍ത്തിയ നാല് ജഡ്ജിമാരും വ്യക്തമാക്കിയിട്ടുള്ളത്.
ഇതിനിടെ സഹ ജഡ്ജിമാരുമായും മുതിര്‍ന്ന അഭിഭാഷകരുമായും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചര്‍ച്ച നടത്തിവരുന്നുവെന്നാണ് സൂചന. രാവിലെ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്കായി എത്തിയ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ ചീഫ് ജസ്റ്റിസ് തിരിച്ചയച്ചു. കോടതിയിലെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ വേണ്ടിയാകാം ചീഫ് ജസ്റ്റിസ് ഈ തീരുമാനം എടുത്തതെന്നാണ് സൂചന. അതേസമയം പ്രതിഷേധിച്ച നാല് ജഡ്ജിമാരില്‍ ജസ്റ്റിസ് ജെ ചെലമേശ്വര്‍ മാത്രമാണ് ഡല്‍ഹിയിലുള്ളത്. സുപ്രിംകോടതിയിലെ എല്ലാ ജഡ്ജിമാരും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന അഭിപ്രായങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. അതിന് ആര് മുന്‍കൈയെടുക്കുമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല.

Related News