Friday
14 Dec 2018

‘ബീസ്റ്റ് ഫ്രം ദ ഈസ്റ്റ് ‘: ജെനീവ വിമാനത്താവളം അടച്ചിട്ടു

By: Web Desk | Thursday 1 March 2018 8:49 PM IST

സൂറിച്ച്: സൈബീരിയയില്‍ നിന്നുള്ള മഞ്ഞുകാറ്റ് – ‘ബീസ്റ്റ് ഫ്രം ദ ഈസ്റ്റ്’ ശക്തമായതോടെ ജനീവ വിമാനത്താവളം അടച്ചിട്ടു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജെനീവയിലുള്ള കോയിന്‍ട്രിന്‍ വിമാനത്താവളമാണ് അതിശൈത്യവും മഞ്ഞുകാറ്റും തുടരുന്ന സാഹചര്യത്തില്‍ അടച്ചിട്ടത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിമാനത്താവളം അടഞ്ഞുകിടക്കുമെന്ന് ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അധികൃതര്‍ അറിയിച്ചത്.
വ്യോമഗതാഗതത്തിന് പുറമേ റയില്‍ റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്. പലയിടത്തും ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.
സൈബീരിയയില്‍നിന്നുള്ള മഞ്ഞുകാറ്റ് വീശുന്നതിനാല്‍ യൂറോപ്പിന്റെ പലഭാഗങ്ങളും കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൊടുംതണുപ്പിന്റെ പിടിയിലാണ്. ‘ബീസ്റ്റ് ഫ്രം ദ ഈസ്റ്റ്’ എന്ന പേരിലാണ് ശൈത്യക്കാറ്റ് അറിയപ്പെടുന്നത്. മഞ്ഞുകാറ്റിതുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും ജനജീവിതം ദുസ്സഹമായി. എസ്റ്റോണിയയില്‍ താപനില -29 വരെ ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യൂറോപ്പിലാകെ ഇതുവരെ 25ല്‍ അധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പോളണ്ടില്‍ ഒന്‍പത് പേരാണ് അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചത്. ഫ്രാന്‍സില്‍ നാലും ലിത്വേനിയയില്‍ അഞ്ചും ചെക്ക് റിപ്പബ്ലിക്കില്‍ മൂന്നും റൊമേനിയയില്‍ രണ്ടും പേര്‍ മരിച്ചു.

Related News