Monday
23 Jul 2018

‘ജയിലെന്ന നരകത്തിലെ ആ സുദിനം’- ജയിലിലെ സുന്ദരിയെ കണ്ടെത്താൻ

By: Web Desk | Saturday 25 November 2017 1:10 PM IST

ബ്രസീൽ:റിയോ ഡി ജനീറോയിലെ വനിതാ ജയിലിലെ തടവുകാർക്ക് അത് അസാധാരണമായ ഒരു ദിനമായിരുന്നു. ഒരു ദിവസത്തേക്ക് ബോറടിപ്പിക്കുന്ന ലോക്കപ്പ് വേഷങ്ങൾക്ക് ഗുഡ്‌ബൈ പറഞ്ഞ് സിൽക്ക് ഗൗണും ഹൈഹീൽസും മേക്ക് അപ്പും അണിഞ്ഞൊരു ദിനം. ജയിലിലെ സുന്ദരിയെ കണ്ടെത്താൻ സൗന്ദര്യ മത്സരം ഒരുക്കി റിയോ ഡി ജനീറോയിലെ വനിതാ ജയിലി അധികൃതർ. വനിതാ തടവുകാർക്ക് അവരുടെ ആത്മാഭിമാനം മെച്ചപ്പെടുത്തുക ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ജയിൽ അധികൃതർ ഇത്തരമൊരു മത്സരം ഒരുക്കിയത്.

വർണ്ണാഭമായ മത്സരത്തിൽ പങ്കെടുത്ത് നീങ്ങുന്ന എല്ലാ തടവുകാരുടെ മുഖത്തും പുഞ്ചിരി നിറഞ്ഞുനിന്നിരുന്നു. 10 തടവുകാർ പങ്കെടുത്ത മത്സരത്തിൽ അവരുടെ സൗന്ദര്യവും, ബുദ്ധിയും  വിലയിരുത്തിയാണ് സുന്ദരി പട്ടത്തിന് അർഹയായവരെ കണ്ടെത്തിയത്. മറ്റൊരു പ്രത്യേകത എന്തെന്നാൽ സൗന്ദര്യ മത്സരം വീക്ഷിക്കാൻ തടവുകാരുടെ കുടുംബത്തിനും ബന്ധുക്കൾക്കും അവസരം ഒരുക്കി എന്നതാണ്.

കവർച്ച കേസിൽ ശിക്ഷ അനുഭവിക്കുന്ന മയാന ആൽവേസ് ആണ് ജയിൽ സുന്ദരി പട്ടത്തിന് അർഹയായത്. എന്നാൽ ഇതാദ്യമായിട്ടല്ല റിയോ ഡി ജനീറോയിലെ വനിതാ ജയിലിൽ സൗന്ദര്യമത്സരങ്ങൾ സംഘടിപ്പിക്കുന്നത്.