Friday
21 Sep 2018

ഇന്ത്യയിൽ നിന്നു മുങ്ങും മുമ്പ് ധനമന്ത്രിയെ കണ്ടു: മല്ല്യ

By: Web Desk | Wednesday 12 September 2018 7:01 PM IST

ലണ്ടൻ: ഇന്ത്യൻ ബാങ്കുകളെ 9000 കോടി രൂപ കബളിപ്പിച്ച് രാജ്യത്തു നിന്നും മുങ്ങിയ മദ്യരാജാവ് വിജയ മല്ല്യ പുറപ്പെടും മുമ്പ് ധനകാര്യമന്ത്രി അരുൺ  ജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്നു മല്ല്യയുടെ വെളിപ്പെടുത്തൽ. ജെയ്റ്റ്ലിയുടെ പേര് മല്ല്യ എടുത്തു പറഞ്ഞില്ലെങ്കിലും 2016 ൽ അദ്ദേഹമായിരുന്നു ധനകാര്യ മന്ത്രി.

ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ കേസിനെത്തിയ മല്ല്യ മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. കിങ്ഫിഷർ എയർലൈൻ ഉടമയായ മല്ല്യ തനിക്കു ബാങ്കുകളുമായുള്ള കേസ് ഒത്തുതീർക്കാൻ താല്പര്യമുണ്ടെന്നാണ് ധനമന്ത്രിയോട് പറഞ്ഞത്. 62 കാരനായ മല്ല്യ പറഞ്ഞു: “ജനീവയിൽ നിശ്ചയിച്ചിരുന്ന മീറ്റിംഗ് ഉള്ളതുകൊണ്ടാണ് ഞാൻ ഇന്ത്യ വിട്ടത്. പുറപ്പെടുംമുമ്പ് ഞാൻ ധനമന്ത്രിയെ കണ്ട് പ്രശ്നം തീർക്കാം (ബാങ്കുകളുമായുള്ള) എന്ന് പറഞ്ഞു.”

കർണാടക ഹൈക്കോടതി മുമ്പാകെ എല്ലാ വായ്പകളും അടച്ചു തീർക്കാമെന്ന സമ്മതം നൽകിയിരുന്നുവെന്നും മല്ല്യ അവകാശപ്പെട്ടു.

മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറിയാൽ താമസിക്കേണ്ട മുംബൈ കോടതി വേണ്ടത്ര സൗകര്യങ്ങളുണ്ടോ എന്ന് പരിശോധിക്കുന്ന ദിവസമാണ് മല്ല്യ കോടതിയിൽ എത്തിയത്. ഇപ്പോൾ മല്ല്യ ജാമ്യത്തിൽ പുറത്താണ്.

ആർതർ റോഡ് ജയിലിലെ സൗകര്യങ്ങൾ ചിത്രീകരിച്ച വീഡിയോ മജിസ്‌ട്രേറ്റ് മൂന്നു വട്ടം കണ്ടു. ജയിൽ മുറിയ്ക്കു മല്ല്യയ്ക്ക് കിടക്കാൻ പോന്നത്ര പ്രകാശം പോരെന്നാണ് അയാളുടെ അഭിഭാഷകയുടെ വാദം.

ജെയ്‌റ്റിലി നിഷേധിക്കുന്നു

എന്നാൽ മല്ല്യ തന്നെ കണ്ടുവെന്നത് കളവാണെന്ന് അരുൺ ജെയ്‌റ്റിലി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. 2014 മുതൽ ഒരിക്കലും താൻ മല്ല്യയ്ക്ക് സന്ദര്ശനാനുമതി നൽകിയിട്ടില്ല. ഒരു തവണ രാജ്യസഭാംഗമെന്ന അവകാശം ദുരുപയോഗം ചെയ്ത് താൻ സഭയിൽ നിന്നും മുറിയിലേക്ക് പോകുമ്പോൾ ഒപ്പം വന്ന് “ഞാൻ ഒത്തുതീർപ്പിനു തയ്യാർ” എന്ന് പറഞ്ഞു. അയാളുടെ കപട വാഗ്ദാനം അറിയുന്നതുകൊണ്ടു അത് തന്നോട് പറയേണ്ട, ബാങ്കിനോട് സംസാരിക്കാൻ പറഞ്ഞു. അയാൾ ഏൽപ്പിക്കാൻ നോക്കിയ കടലാസ് താൻ വാങ്ങിയില്ല, ജെയ്റ്റ്ലി പറഞ്ഞു.

Related News