Wednesday
21 Nov 2018

ബലാബലം ഇവര്‍തമ്മില്‍

By: Web Desk | Monday 9 July 2018 10:38 PM IST

മോസ്‌കോ: ഫ്രാന്‍സ് ബെല്‍ജിയം സെമിഫൈനല്‍ മധ്യനിരയുടെ ബലാബലമാകും. ഫ്രാന്‍സ് താരം പോള്‍ പോഗ്ബയും ബെല്‍ജിയം താരം കെവിന്‍ ഡിബ്രൂയനും തമ്മിലുള്ള പോരാട്ടമായി ഇത് മാറാനും സാധ്യതയേറെ. മധ്യനിരയില്‍ മിന്നും പ്രകടനം കാഴ്ചവെയ്ക്കുന്ന ഇരുവരിലേക്കുമാണ് ലോകവും ഉറ്റു നോക്കുന്നത്.
മുന്‍നിര അക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ കഴിവുള്ള മധ്യനിര താരങ്ങള്‍ തന്നെയാണ് ഇരുവരും. പോള്‍ പോഗ്ബ എന്ന ഫ്രഞ്ച്താരം ക്വാര്‍ട്ടര്‍ഫൈനലില്‍ ഉറുഗ്വായ്‌ക്കെതിരെ നടത്തിയ പ്രകടനം ലോകം കണ്ടതാണ്. പ്രതിഭാശാലിയായ ഇദ്ദേഹത്തിന്റെ കാലുകളില്‍ സുരക്ഷിതമാണ് ഫ്രഞ്ച് മധ്യനിര.

അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ പോള്‍ പോഗ്ബയോട് കിടപിടിക്കാന്‍ കഴിവുള്ള താരം തന്നെയാണ് കെവിന്‍ ഡി ബ്രൂയന്‍. ചടുലമായ വേഗം കൊണ്ടും ഫിനിഷിങ് മികവ് കൊണ്ടും ഡിബ്രുയ്ന്‍ ടീമിന്റെ കുന്തമുനയായിക്കഴിഞ്ഞു.ബ്രസീലിനെതിരെ ഇദ്ദേഹത്തിന്റെ കാലുകളില്‍ നിന്ന് തൊടുത്ത് വിട്ട ഓരോ ഷോട്ടുകളും ഇതിന് ഉദാഹരണമാണ്. ബസീലിന്റെ കഥ കഴിച്ച ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു.
ആക്രമണനിരയില്‍ റൊമേലു ലുക്കാക്കുവും കിലിയന്‍ എംബാപ്പെയും തമ്മിലായിരിക്കും മത്സരം. നാലു ഗോളുകള്‍ ഇതിനകം നേടിക്കഴിഞ്ഞ ലുക്കാക്കു ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ ഏറ്റവും മികച്ച താരമാണ്. ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെ ശരിക്കും വെള്ളം കുടിപ്പിച്ചതും ലുക്കാക്കുവായിരുന്നു. ഒന്നിലേറെ താരങ്ങള്‍ വളഞ്ഞിട്ടു പിടിച്ചിട്ടും അവയെല്ലാം തകര്‍ത്ത് ലുക്കാക്കുവിന്റെ അതിവേഗകുതിപ്പാണ് കണ്ടത്.
ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ മുന്‍പന്തിയിലുള്ള താരം എംബാപ്പെയാണ്. മിന്നല്‍ വേഗം കൊണ്ട് എതിര്‍ പ്രതിരോധത്തെ കീറിമുറിക്കാന്‍ ശേഷിയുള്ള താരത്തിന്റെ ഷൂട്ടിങ് പാടവും അപാരമാണ്. ഈ ലോകകപ്പില്‍ ഇതിനകം മൂന്നു ഗോളുകള്‍ താരം നേടിക്കഴിഞ്ഞു. ബ്രസീല്‍ ഇതിഹാസം പെലെയ്ക്കു ശേഷം ലോകകപ്പില്‍ മൂന്നു ഗോളുകള്‍ നേടിയ ആദ്യ യുവ താരം കൂടിയാണ് എംബാപ്പെ.