Wednesday
23 Jan 2019

ബര്‍ലിന്‍ ഡയറിയും ക്രിസും ഫെയ്‌സ്ബുക്കും

By: Web Desk | Thursday 3 May 2018 11:15 PM IST

ഗീതാനസീര്‍
കനകലത, ഞങ്ങളുടെ സൗഹൃദത്തെക്കുറിച്ച് എവിടെനിന്ന് തുടങ്ങണമെന്നറിയില്ല. ഈ സൗഹൃദത്തെപ്പറ്റി ഇപ്പോള്‍ എഴുതാനുണ്ടായ കാരണം ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. സാമൂഹ്യ മാധ്യമങ്ങള്‍ ചില നേരങ്ങളില്‍ ചില അപ്രതീക്ഷിത ഓര്‍മകള്‍ ചികഞ്ഞ് പുറത്തിടും. അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് ഡെക്കാന്‍ ക്രോണിക്കിലെ ക്രിസ് എന്ന മാധ്യമ പ്രവര്‍ത്തക മെസഞ്ചറിലേക്ക് എന്റെ ഒരു പഴയ ഫോട്ടോ ഇട്ടുതന്നത്. ഇതാര് എന്ന കുസൃതി നിറഞ്ഞ ചോദ്യത്തോടെ. വിദ്യാര്‍ഥികാലത്തെ ആ ഫോട്ടോ എവിടുന്ന് കിട്ടി എന്ന എന്റെ അന്വേഷണം ചെന്നെത്തിയത് കനകലതയിലേക്ക്.
കേരളത്തിലെ ബാലവേദിയുടെ ആദ്യ പ്രസിഡന്റായിരുന്നു കനകലത. എഐഎസ്എഫും എഐവൈഎഫും നേതൃത്വം കൊടുത്ത ബാലവേദി രൂപം കൊള്ളുന്നത് തിരുവനന്തപുരത്തെ വഴുതക്കാട് കേന്ദ്രീകരിച്ചാണ്. അവിടെ വാടകവീടുകളിലായി ഞങ്ങള്‍ (അച്ഛന്‍ എന്‍ ഇ ബാലറാമും കുടുംബവും, കെ ഗോവിന്ദപ്പിള്ളയും കുടുംബവും) താമസിച്ചിരുന്ന ലെയ്‌നില്‍ എതിര്‍വശത്തെ വീട്ടില്‍ താമസിച്ചിരുന്നത് സംസ്‌കൃത പണ്ഡിതനായ എ വി ശങ്കരവാര്യരും കുടുംബവുമായിരുന്നു. ഈ കുടുംബങ്ങളിലെയെല്ലാം കുട്ടികള്‍ തമ്മില്‍ നല്ല സൗഹൃദമുണ്ടായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയായി അച്ഛനും, മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍കാല ഡബ്ല്യുഎഫ്ഡിവൈ, എഐവൈഎഫ് നേതാവായ കെ ഗോവിന്ദപ്പിള്ളയും ഇരുവീടുകളും ശങ്കരവാര്യരുടെ കുടുംബവുമായി ഗാഢബന്ധം സൂക്ഷിച്ചിരുന്നു. ഗോവിന്ദപ്പിള്ളയുടെ മകന്‍ മോഹന്‍, മകള്‍ താര (ഡോ. കെ ജി താര, ദുരന്ത നിവാരണ വകുപ്പിന്റെ മുന്‍ അധിപ) ശങ്കരവാര്യരുടെ മക്കളായ പ്രേമലത, കനകലത, ഹരി, ഗിരി, ഞങ്ങള്‍ നാലുപേര്‍ എല്ലാം ചേര്‍ന്നൊരു പടയുണ്ടായിരുന്നു അവിടെ. കൂടാതെ വഴുതക്കാട് സിപിഐ കൗണ്‍സലറായ ചന്ദ്രമോഹനും അനുജന്‍ കുഞ്ഞുമോനും, എന്റെ സഹപാഠി ഗീതശ്രീയുടെ അനുജന്‍ മോഹന്‍കുമാര്‍, ജയന്‍ (ബാലവേദിയുടെ ആദ്യ പ്രസിഡന്റ് 16 വയസില്‍ അകാലത്തില്‍പൊലിഞ്ഞുപോയി), ഇപ്പോഴത്തെ സിപിഐ മണ്ഡലം സെക്രട്ടറി മുരളി പ്രതാപ്, രാജഗോപാല്‍, ഭക്തവത്സലന്‍, നജീബ്, വിനോദ് തുടങ്ങി വലിയൊരു സംഘത്തിന്റെ നേതൃത്വത്തില്‍ ശക്തമായ വൈഎഫ്എസ്എഫ് യൂണിറ്റുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുമ്പോഴാണ് ബാലവേദി ആലോചനകള്‍ ഉദയം ചെയ്തത്. വളരെ ആവേശത്തോടെയാണ് ഞങ്ങള്‍ ഈ കുട്ടികളുടെ നേതൃത്വത്തില്‍ വലിയൊരു സംഗമം വിളിച്ചുകൂട്ടിയത്. തോപ്പില്‍ ഗോപാലകൃഷ്ണന്‍, എം നസീര്‍, ബിനോയ് വിശ്വം, കെ പി രാജേന്ദ്രന്‍, കെ ബാലകൃഷ്ണന്‍, കെ എന്‍ എ ഖാദര്‍, നന്ദകുമാര്‍ തുടങ്ങി എസ്എഫ്‌വൈഎഫ് നേതാക്കള്‍ ഞങ്ങളോടൊപ്പം ബാലവേദി രൂപീകരിക്കുന്നതില്‍ പങ്കാളികളായി. അങ്ങനെ ആദ്യസമ്മേളനത്തില്‍ ജയന്‍ സെക്രട്ടറിയും കനകലത പ്രസിഡന്റുമായി ബാലവേദി സംസ്ഥാനതലത്തില്‍ രൂപീകരിക്കപ്പെട്ടു. പേരൂര്‍ക്കട ശ്രീകുമാറെന്ന വൈഎഫ് നേതാവ് മരുമകള്‍ ബീനയുടെ (എഴുത്തുകാരി കെ എ ബീന, ബീനകണ്ട റഷ്യയുടെ ഉടമസ്ഥ) കൈപിടിച്ച് സമ്മേളനസ്ഥലത്തേക്ക് വന്നതിപ്പോഴും ഓര്‍മയിലുണ്ട്. ബാലവേദിക്ക് കണിയാപുരം രാമചന്ദ്രന്‍ ഒരു അവതരണഗാനം രചിക്കുകയുണ്ടായി. ”സാന്ദീപനിയുടെ ഭാരതം, ഇതുസംസ്‌കാരത്തിന്‍ താവളം, ഇവിടെ ജനിച്ചവര്‍ ഞങ്ങള്‍, പുതുയുഗശില്‍പികള്‍ ഞങ്ങള്‍ എന്ന് തുടങ്ങുന്ന ഗാനം കനകലതയും ബീനയും ഒക്കെയായി ഒത്തുകൂടുമ്പോള്‍ ഞങ്ങള്‍ പാടി ആനന്ദിക്കാറുണ്ട്.
ബാലവേദി പ്രവര്‍ത്തനം സംസ്ഥാനമൊട്ടാകെ അതിവേഗം വ്യാപിപ്പിക്കുകയുണ്ടായി. വേനല്‍ക്കാല ക്യാമ്പുകളും ക്ലാസുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്‌കൂള്‍കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ അവരുടെ കലാസാഹിത്യ കായിക മികവുകള്‍ പ്രകടിപ്പിക്കാനും കൈമാറാനും ബാലവേദി നിമിത്തമായി. ഈ സമയത്താണ് ലോകയുവജനോത്സവവും കുട്ടികള്‍ക്കായുള്ള യംഗ് പയനിയര്‍ ക്യാമ്പും മറ്റും ജര്‍മനിയിലെ ബര്‍ലിനിലും സോവിയറ്റ് യൂണിയനിലെ ആര്‍ത്തക്കിലും നടക്കുന്നത്. ബര്‍ലിന്‍ ക്യാമ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് കനകലതയും ജയനും പങ്കെടുത്തു. പിറ്റെ വര്‍ഷം ആര്‍തെക്കില്‍ നടന്ന ക്യാമ്പില്‍ ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ പങ്കെടുത്ത സംഘത്തില്‍ കെ എ ബീനയും ഉണ്ടായിരുന്നു. ബീനകണ്ട റഷ്യ ബീന എഴുതിയത് അങ്ങനെയാണ്. ബര്‍ലിന്‍ യാത്രയെക്കുറിച്ച് കനകലതയെഴുതിയ തിരുവനന്തപുരം ബെര്‍ലിന്‍ ഡയറി 1975 ല്‍ പ്രസിദ്ധീകരിച്ചെങ്കിലും അത് പിന്നീട് വേണ്ടത്ര പ്രചരിപ്പിക്കപ്പെടുകയുണ്ടായില്ല. അന്ന് എഐവൈഎഫിന്റെ സഹയാത്രികനായിരുന്ന ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍ വരച്ച മുഖചിത്രത്തോടുകൂടിയ പുസ്തകത്തിന്റെ വില 7 രൂപ 50 പൈസ.
ആ പുസ്തകം ഒരു ലൈബ്രറിയില്‍ നിന്നും യാദൃച്ഛികമായി ക്രിസിന്റെ കയ്യില്‍ കിട്ടി. അതിനകത്തെ ഫോട്ടോ എനിക്കയച്ചുതന്നതോടെ പുസ്തകമെഴുതിയ ആളെക്കുറിച്ചും മറ്റും കൂടുതല്‍ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നടന്ന ചര്‍ച്ചയിലൂടെ പുറത്തുവന്നു. ജര്‍മനി എന്ന സോഷ്യലിസ്റ്റ് രാഷ്ട്രത്തെക്കുറിച്ചും അവിടെ കണ്ട മനംകവരുന്ന കാഴ്ചകളെക്കുറിച്ചും പതിമൂന്നുകാരിയുടെ കൗതുകത്തോടെയുള്ള വിവരണമാണ് ക്രിസിനെ അത്ഭുതപ്പെടുത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് കനകലതയെ അന്വേഷിച്ചിറങ്ങിയത്. വാടകവീടൊഴിഞ്ഞ് ശങ്കരവാര്യരും കുടുംബവും സ്വദേശത്തേക്ക് മടങ്ങിയശേഷം കാണലും അറിയലും ക്രമേണ കുറഞ്ഞുപോയെങ്കിലും പത്തുവര്‍ഷം മുന്‍പ് വീണ്ടും കനകലത സജീവമായി നമ്മുടെ ഇടയിലേക്ക് വന്നു കനകലതയുടെ അച്ഛന്റെ മരുമകനും മലയാള വിവര്‍ത്തന ശാഖയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ എഴുത്തുകാരനുമായ എ വി ഗോപാലകൃഷ്ണനെ വിവാഹം ചെയ്ത് ഹോങ്കോങ്ങില്‍ താമസമാക്കിയ കനകലത എഴുത്തില്‍ നിന്നും വിട്ടുനിന്നിരുന്നില്ല. 2010 ല്‍ അപ്രതീക്ഷിതമായുണ്ടായ ഭര്‍ത്താവിന്റെ വിയോഗത്തിനുശേഷം കുട്ടികളും ജോലിയുമായി കനകലത ഇപ്പോഴും ഹോങ്കോങ്ങില്‍ തുടരുന്നു. ബര്‍ലിന്‍ ഡയറിക്ക് ശേഷം വംഗദേശത്തേക്കൊരു യാത്ര എന്ന പേരില്‍ ഒരു യാത്രാവിവരണം പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതുകയുണ്ടായി. തിലോദകം, ശാന്തസമുദ്രം എന്ന രണ്ട് നോവലുകളും പ്രസിദ്ധീകരിച്ചു.
ബര്‍ലിന്‍ ഡയറിയുടെ കോപ്പി ഇന്ന് ലഭ്യമല്ല. പതിമൂന്നുകാരിയുടെ യാത്രാവിവരണപ്പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ കനകലതയുടെ കൂട്ടുകാരി നളിനി തയാറായതായി ഫെയ്‌സ്ബുക്കില്‍ കൂടി പറഞ്ഞിരിക്കുന്നു. മലയാള ചരിത്രത്തില്‍ പതിമൂന്നുകാരികളുടെ യാത്രാവിവരണങ്ങള്‍ ആദ്യവും അവസാനവുമായി പ്രസിദ്ധീകരിക്കാന്‍ കാരണക്കാരായത് എഐഎസ്എഫ്-വൈഎഫ് ബാലവേദി പ്രസ്ഥാനങ്ങളും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളായ ജര്‍മനിയും സോവിയറ്റ് യൂണിയനും- ചരിത്രത്തില്‍ അടയാളപ്പെടുത്തുകതന്നെ വേണം. കനകലതയുടെ ബര്‍ലിന്‍ ഡയറിയും കെ എ ബീനയുടെ ബീനകണ്ട റഷ്യയും- അത് ജന്മമെടുക്കാനുള്ള സാഹചര്യങ്ങളും.