Saturday
15 Dec 2018

ഭക്തിയല്ലെന്‍ സമരായുധം….

By: Web Desk | Saturday 5 May 2018 7:06 PM IST

മഹിതമണി
ഹൈന്ദവ പുരാണത്തില്‍ മഹിഷാസുരനെ വധിക്കാന്‍ ശ്രീ പാര്‍വ്വതി എടുത്ത രൗദ്ര ഭാവം ദുര്‍ഗ്ഗ. ദുഷ് കര്‍മ്മങ്ങള്‍ക്കെതിരെ സധൈര്യം മുന്നോട്ടുവന്ന ദൈവീക സങ്കല്‍പം…. അതിനുപോലും ഇന്ന് മുറിവേറ്റിരിക്കുന്നു.ആധൂനിക മഹിഷാസുരന്‍മ്മാരെ വര്‍ണങ്ങള്‍ കൊണ്ടും വരകള്‍ കൊണ്ടും നേരിട്ടഒരു വനിതയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
ശക്തമായ ആശയം ചിത്രങ്ങളിലൂടെ മനുഷ്യ മനസ്സില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ കെല്‍പ്പുള്ള നിറങ്ങളുടെ കൂട്ടുകാരി, പ്രതിരോധത്തിന്റെ പടച്ചട്ട, ദുര്‍ഗ്ഗ മാലതി.ആനുകാലിക വിഷയങ്ങളാണ് ദുര്‍ഗ്ഗയുടെ ചിത്രങ്ങളുടെ പ്രധാന ആശയം. ഇടതു കൈഉപയോഗിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ വരക്കുന്നതെന്നും ശ്രദ്ധേയം.
കഠ്‌വയിലെ പെണ്‍കുട്ടി അതിദാരുണമായ ലൈംഗികാക്രമണത്തിന് ഇരയായതും കൊല്ലപ്പെട്ടതുമായ വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. കഠ്‌വ സംഭവത്തില്‍ സോഷ്യല്‍ മീഡിയക്ക് അകത്തും പുറത്തും പല രൂപത്തില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഈ ക്രൂരഹത്യയില്‍സംഘപരിവാറിന്റെ പങ്ക് വ്യക്തമായതോടെ സംഘപരിവാറിനെതിരെ സംസാരിക്കുന്നവരെ അസഭ്യം പറഞ്ഞും, സൈബര്‍ ആക്രമണം നടത്തിയും നിശ്ശബ്ദരാക്കാനുള്ള ശ്രമം ശക്തമായി തന്നെയുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരു ആക്രമണം തന്നെയാണ് ദുര്‍ഗ്ഗാ മാലതിക്കുനേരെയും ഉണ്ടായതെന്ന് നിസംശയം പറയാം.
എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്ന സംഘപരിവാറിന്റെ പതിവ് ശൈലി ഇവിടെയും തെറ്റിച്ചില്ല. ഹിന്ദുത്വ വികാരം ഉയര്‍ത്തിപ്പിടിച്ച് രാജ്യത്ത് ഭിന്നത സൃഷ്ടിക്കുന്ന ഇവര്‍ക്ക് അമ്പലമോ പള്ളിയോ എന്നതില്‍ വേര്‍തിരിവില്ല. ലൈംഗിക അതിക്രമം അമ്പലത്തിനുള്ളില്‍വെച്ച് നടത്തുമ്പോള്‍ ഇവരിലെ കപടഭക്തിക്ക് ഒട്ടും മുറിവേറ്റിട്ടുണ്ടായിരുന്നില്ല. അതിനെതിരെ പ്രതികരിച്ച ദുര്‍ഗ്ഗക്ക് അസഭ്യവര്‍ഷത്തിനു പിന്നാലെ ആക്രമണങ്ങളുടെ വേലിയേറ്റമായിരുന്നു. ചിത്രങ്ങള്‍ ദുര്‍ഗ്ഗയുടെ ആശയങ്ങള്‍ക്ക് ശബ്ദങ്ങള്‍ നല്‍കിയപ്പോള്‍ അവളുടെ വീടിനുനേരെ ആക്രമണങ്ങള്‍ അഴിച്ചു വിടുക എന്നതായിരുന്നു സംഘ പരിവാറിന്റെ ബദല്‍ മാര്‍ഗം.
ഹിന്ദുത്വം എന്ന മതത്തെ ഏറ്റവും നിന്ദിച്ചത് സംഘപരിവാര്‍ ആണെന്നിരിക്കിലും, മതവികാരം വ്രണപ്പെടുത്തിയത് ദുര്‍ഗയാണെന്ന പൊളി വാദവും അവര്‍ ഉന്നയിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നത്ദേവീ എന്ന സങ്കല്‍പ്പത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ആ ‘നിഷ്‌കളങ്ക ഭക്തര്‍’ അറിയാതെ പോയോ ?
സത്യത്തില്‍ ദുര്‍ഗ്ഗയുടെ ചിത്രം ഒരു മതത്തെയും നിന്ദിക്കുന്നില്ല. പവിത്രമായ ഒരു ആരാധനാലയത്തിന്റെ പ്രധാനഭാഗത്ത് പെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെടുന്നു. ഇതിനും വലിയ മതനിന്ദ മറ്റെന്താണ? സത്യത്തില്‍ അതിനെതിരെയുള്ള പ്രതിഷേധമല്ലേ ഉയരേണ്ടത്.

Related News