Saturday
23 Jun 2018

ഭാനുവിന്റെ ഓണം

By: Web Desk | Monday 4 September 2017 3:21 PM IST

ഇന്നലെ വൈകുന്നേരം മുതലാണ് ഭാനു എന്നോട് തീരെയും മിണ്ടാതായത്. ഈയിടെയായി ഭാനു ഇങ്ങനെയാണ്. എത്ര നേരം വേണമെങ്കിലും മിണ്ടാതിരിക്കും. ഏറിയാല്‍ ഒരു മണിക്കൂര്‍. അതിനപ്പുറം ദൈര്‍ഘ്യം ഒരു പിണക്കത്തിനും മുന്‍പൊന്നും ഉണ്ടായിട്ടില്ല.
‘എനിക്കു വയ്യ സാറിനോട് മിണ്ടാതിരിക്കാന്‍… ശ്വാസം മുട്ടുന്നു…’
ഭാനു അടുത്തു കൂടും.
‘ഏതു ക്ലാസിലാ അച്ഛന്‍ അമ്മയെ പഠിപ്പിച്ചത്?… സാറേ… സാറേ..’
ഗോകുലിന്റെയും ലക്ഷ്മിയുടെയും കളിയാക്കലുകളില്‍ എന്നുമെപ്പോഴും സ്‌നേഹം തുളുമ്പിയൊഴുകി. ഭാനുവിനെ ഞാന്‍ പഠിപ്പിച്ചിട്ടില്ല. മറ്റുള്ളവര്‍ വിളിക്കുന്നതു കേട്ട് ഭാനുവിനും ഞാന്‍ സാറായി.
‘ഈ വിളിയൊന്ന് മാറ്റാമോ… ഭാനു?’ സ്‌നേഹശാസനകളൊന്നും ഫലം കണ്ടില്ല.
‘എങ്ങനെയാ സാറേ… എനിക്കങ്ങനയേ വരൂ…’
ഭാനുവിന്റെ നിസഹായതയിലെ നിഷ്‌കളങ്കതയെ വാത്സല്യപൂര്‍വം ചേര്‍ത്തുപിടിച്ചു.
ഏതു തിരക്കിനിടയിലും സമയം കണ്ടെത്തി വരും ഭാനു. ചായയോ കാപ്പിയോ സംഭാരമോ എന്തെങ്കിലുമുണ്ടാവും കയ്യില്‍. അടുക്കളയില്‍ നിന്നും കരിഞ്ഞ മണം എത്തും വരെ ചുറ്റിപ്പറ്റി നില്‍ക്കും.
‘അയ്യോ… എന്റെ മെഴുക്കുപുരട്ടി കരിഞ്ഞു…’
പിന്നീടൊരോട്ടമാണ്…
ഇങ്ങനെയൊക്കെയായിരുന്നു ഭാനു!
പക്ഷേ… ഇപ്പോള്‍…
ഭാനു ഒരുപാടു മാറി. കളിതമാശയൊന്നുമില്ല. എപ്പോഴും സങ്കടം വിതുമ്പുന്ന ഒരുതരം ഗൗരവം… പണ്ടത്തെ പോലെ എന്നും പത്രവായനയുടെ നേരം അടുത്തുവരും. പരിഭവങ്ങളും പരാതികളുമൊക്കെയായി വായന മുടക്കും. ദേഷ്യപ്പെടും വരെ അതങ്ങനെ തുടരും… ഒടുവില്‍ പിണങ്ങി എഴുന്നേറ്റു പോകും.
ഇന്നലെ ഒരേ വാശിയിലായിരുന്നു ഭാനു. ദേഷ്യവും കുറവായിരുന്നില്ല. ഓണത്തിന് ആഘോഷമൊന്നും വേണ്ടത്രെ! ഒരാഴ്ച മുന്നേ മക്കള്‍ രണ്ടുപേരും എത്തിയിട്ടുണ്ട് കുടുംബസമേതം.
കഴിഞ്ഞ വര്‍ഷം തിരുപ്പതി, മൂകാംബിക…. അങ്ങനെ പോയി ഓണനാളുകള്‍… സന്തോഷമായിരുന്നു ഭാനുവിന്.
യാത്രകളെന്നും ഭാനുവിന് അങ്ങനെയായി
രുന്നു.
‘എന്താ ഭാനൂ ഇങ്ങനെ…? കുട്ടികളുടെ സന്തോഷമല്ലേ നമ്മുടെ സന്തോഷം…’ ഭാനു ദേഷ്യപ്പെട്ടു.
‘സാറ് കാണുന്നില്ലേ… ഒരു പൂക്കളം ഈ മുറ്റത്തുണ്ടോ?… അത്തം പിറന്നിട്ട് നാളെത്രയായി.. എല്ലാത്തിനും എന്റെ കയ്യെത്തണം…’
‘കുട്ടികളല്ലേ ഭാനൂ… നഗരത്തിലെ ജീവിതം.. അവര്‍ക്കിതൊന്നും വശമുണ്ടാവില്ല..’ ഭാനുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
‘ഇതൊക്കെ കണ്ടല്ലേ ലക്ഷ്മി വളര്‍ന്നത്.. കല്യാണം വരെ അവളുണ്ടായിരുന്നല്ലോ ഇവിടെ…’
ഭാനുവിന്റെ ദേഷ്യം അധികരിച്ചു.
‘രണ്ടു കായ വറക്കാന്‍… ഇത്തിരി കളിയോടക്ക ഉണ്ടാക്കാന്‍ ആരുമില്ലല്ലോ ഇവിടെ.. എല്ലാത്തിനും എന്റെ കയ്യെത്തണം…’
ഉപ്പേരി, കളിയോടക്ക, ശര്‍ക്കരപുരട്ടി, അച്ചപ്പം, ഉണ്ണിയപ്പം.. എത്രയുണ്ടാക്കിയാലും ഭാനുവിന് മതിയാവാറില്ല. ഉണ്ടാക്കുന്നതിന്റെ ഒരു പങ്ക് അയല്‍പക്കങ്ങളിലും എത്തിയിട്ടുണ്ടാവും. അങ്ങനെയായിരുന്നു ഭാനു!
‘ഭംഗിയുള്ള കവറില്‍ ഭദ്രമായി പൊതിഞ്ഞ് കിട്ടുമല്ലോ എല്ലാം കടയില്‍… പായസം കൂടി പായ്ക്കറ്റില്‍ വാങ്ങിയാല്‍ അത്രയും നന്ന്…’
സങ്കടവും ദേഷ്യവും അടക്കാനാവാതെ ഭാനു കരയുമോ എന്ന് ഭയപ്പെട്ടുപോയി ഞാന്‍…
‘പോട്ടെ ഭാനൂ… കുട്ടികളല്ലേ..’
ഒന്നു ചേര്‍ത്തുപിടിക്കാന്‍ കൊതിച്ചപ്പോഴേക്കും ഭാനു നടന്നകന്നു.
പൂവിളിയും തുമ്പിതുള്ളലും ഊഞ്ഞാല്‍പാട്ടും കൈകൊട്ടിക്കളിയും…
ഭാനുവിന്റെ ഓണം അങ്ങനെയൊക്കെയാണ്.
മൂവാണ്ടന്‍ മാവിന്റെ ശിഖരത്തില്‍ അനാഥമായൊരൂഞ്ഞാല്‍… ഭാനുവിന്റെ മറ്റൊരു വിഷമം… കൊച്ചുമക്കള്‍ക്ക് സന്തോഷമാവട്ടെ എന്ന് ഭാനു നിര്‍ബന്ധിച്ചപ്പോള്‍ കെട്ടിയ ഊഞ്ഞാലാണ്. ഇന്നലെ ഏറെ നേരം ഭാനു ഊഞ്ഞാലിനരികിലും സങ്കടപ്പെട്ടു നിന്നു. കുട്ടികളെയൊന്നും പുറത്തു കാണാനേയില്ല. വീടിന്റെ ഏതൊക്കെയോ മൂലകളില്‍ വാട്‌സാപ്പും ഫെയ്‌സ്ബുക്കുമൊക്കെയായി അവരുടെ ലോകം വേറെ…
മക്കള്‍ രണ്ടുപേരും ഒരാഴ്ച മുന്നേ കുടുംബസമേതം എത്തണം എന്നത് ഭാനുവിന്റെ ആഗ്രഹമായിരുന്നു. തുടര്‍ച്ചയായുള്ള അവധി, കുട്ടികളുടെ പഠിത്തം. അവര്‍ക്ക് ബുദ്ധിമുട്ടാവും എന്ന് പലതവണ പറഞ്ഞിട്ടും ഭാനു നിര്‍ബന്ധിച്ചു.
‘എന്റെ ഒരാഗ്രഹമല്ലേ… സാറ് പറഞ്ഞാല്‍ അവര് കേള്‍ക്കും..’
ഭാനുവിന്റെ ആഗ്രഹങ്ങള്‍ക്കു മുന്‍പില്‍ എപ്പോഴും എന്നതുപോലെ ഇപ്പോഴും ഞാന്‍ നിശബ്ദനായി; കുട്ടികള്‍ക്ക് ബുദ്ധിമുട്ടാവും എന്നറിഞ്ഞുകൊണ്ടുതന്നെ.
കേട്ട മാത്രയില്‍ തന്നെ ഗോകുല്‍ ചോദിച്ചു..
‘അച്ഛനിതെന്തു പറ്റി?… ഞങ്ങളുടെ ലീവ്… കുട്ടികളുടെ പരീക്ഷ. രണ്ടു ദിവസം മുന്നേ ഞങ്ങള്‍ എത്തുമല്ലോ…’
‘അറിയാഞ്ഞിട്ടല്ല മോനേ… അമ്മ… അമ്മയുടെ ആഗ്രഹം..’
ശബ്ദം ഇടറാതിരിക്കുവാന്‍ ശ്രദ്ധിച്ചുവെങ്കിലും അതിനായില്ല.
ഒട്ടൊരു നിശബ്ദതയ്ക്ക് ശേഷം ഗോകുല്‍ പറഞ്ഞു.
‘അച്ഛന്‍ വിഷമിക്കണ്ട .. ഒരാഴ്ച മുന്നേ ഞങ്ങളെത്താം..’
കുട്ടികള്‍ക്ക് ബുദ്ധിമുട്ടായല്ലോ എന്നോര്‍ത്ത് വിഷമിച്ചുവെങ്കിലും ഭാനുവിന്റെ സന്തോഷത്തില്‍ വിഷമമൊക്കെ മങ്ങിമാഞ്ഞു പോയി. മുന്‍കൂട്ടി ഓണക്കോടി വാങ്ങുന്ന പതിവ് ഉണ്ടായിരുന്നില്ല. എല്ലാവരും ഒരുമിക്കുമ്പോള്‍ ഒന്നിച്ചു പോവുക.. അങ്ങനെയായിരുന്നു. ഇത്തവണ അതിനും മാറ്റമുണ്ടായി.
‘നമുക്കവരെ അത്ഭുതപ്പെടുത്തണം.. വരുന്ന ദിവസം തന്നെ ഓണക്കോടി സമ്മാനിക്കും…’
ഭാനു ഓര്‍ത്തോര്‍ത്തു ചിരിച്ചു.
ഗോകുലിന്റെയും ലക്ഷ്മിയുടെയും നിറകണ്ണുകളില്‍ അത്ഭുതം മാത്രമായിരുന്നില്ല. വേദനയുടെ കാര്‍മേഘത്തുണ്ടുകള്‍ പറന്നിറങ്ങി പെയ്തമര്‍ന്നത് എന്റെയുള്ളിലായിരുന്നവല്ലോ…
ഭാനുവിന്റെ പെട്ടെന്നുള്ള മാറ്റം മനസിലാക്കാനാവുന്നില്ല. ഇന്നിത്ര നേരമായിട്ടും അടുത്തേക്കു വന്നില്ല. പിണങ്ങി മാറി നില്‍പ്പാണ്. എത്രയൊക്കെ ബുദ്ധിമുട്ടിയിട്ടാവും ലീവ് തരപ്പെടുത്തി കുട്ടികളുടെ പഠിത്തവുമുപേക്ഷിച്ച് അവരെത്തിയിട്ടുണ്ടാവുക…
അവരെ സന്തോഷിപ്പിക്കുവാന്‍ എത്രയെത്ര കാര്യങ്ങള്‍ ചെയ്തു… ഒക്കെയും ഭാനുവിന്റെ ആഗ്രഹപ്രകാരം.
ഒടുവിലിപ്പോള്‍ തിരുവോണത്തിന് ചുരുക്കം ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ‘ആഘോഷം വേണ്ട… ഒന്നും വേണ്ട…’ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആര്‍ക്കാണ് ദേഷ്യം വരാത്തത്…
എന്തൊക്കെയോ പറഞ്ഞു… വേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നി. ഒന്നും മിണ്ടാതെ ഭാനു നടന്നുമാറിയപ്പോള്‍ ഹൃദയം പിളര്‍ന്നു മാറും പോലെ തോന്നി.
വല്ലാത്ത ദാഹം. ഇന്ന് കാര്യമായിട്ടൊന്നും കഴിച്ചിട്ടില്ല. എല്ലാവര്‍ക്കും മുന്നില്‍ എന്തൊക്കെയോ കഴിച്ചെന്ന് ഭാവിച്ചു.
ഇടയ്‌ക്കെപ്പഴോ ലക്ഷ്മി ചോദിച്ചു…
‘അച്ഛനെന്തു പറ്റി… വിശപ്പില്ലേ…
ഒന്നും കഴിച്ചില്ലല്ലോ..’
മറുപടിക്ക് കാത്തുനില്‍ക്കാതെ ഏതോ തിരക്കിലേയ്ക്കവള്‍ മുങ്ങിത്താണു.
വെള്ളമെത്ര കുടിച്ചിട്ടും ദാഹം ശമിച്ചില്ല. ചാരുകസേരയിലിരുന്നു. നേരിയ മയക്കത്തിലേക്ക് കണ്ണുകള്‍ പതുക്കെയടഞ്ഞു. എത്ര നേരം കഴിഞ്ഞു എന്നറിയില്ല.. നെറുകയിലൂടൊഴുകിയിറങ്ങിയ നേര്‍ത്ത തണുപ്പിലേക്ക് മയക്കമുണര്‍ന്നു…
അരികില്‍ ഭാനു…
നെറുകയില്‍ അമര്‍ന്നിരിക്കുന്ന ഭാനുവിന്റെ കൈകള്‍ക്ക് വല്ലാത്ത തണുപ്പ്…
ശരീരമാകെ പടര്‍ന്നിറങ്ങുന്ന തണുപ്പ്…
ഭാനു എന്റെ കൈകളില്‍ മുറുകെ പിടിച്ചു…
തണുപ്പിലും പൊട്ടിച്ചിതറുന്ന വിയര്‍പ്പുമണികള്‍…
ഭാനുവിന്റെ തണുത്തുറഞ്ഞ ശബ്ദം..
‘പോകാം… നമുക്ക്..’
എങ്ങോട്ടെന്ന് ചോദിച്ചില്ല.
‘ഞാന്‍ പറഞ്ഞില്ലേ.. ഒന്നും വേണ്ടെന്ന്..’
ഭാനുവിന്റെ കൈകള്‍ക്കുള്ളില്‍ എന്റെ കൈകള്‍ പിടഞ്ഞുതളര്‍ന്നു.
രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പൊരു രാത്രിയില്‍ പെട്ടെന്നങ്ങു നിന്നു പോയി ഭാനുവിന്റെ ഹൃദയം.
അന്നുമുണ്ടായിരുന്നു ഭാനുവിന്റെ കൈകള്‍ക്ക് ഇതേ തണുപ്പ്!
ഭാനുവിന്റെ വിളി വീണ്ടും…
‘പോകാം… നമുക്ക്..’
മക്കളെയോര്‍ത്ത് മനസു മടിച്ചു. പക്ഷേ പോകാതിരിക്കാന്‍ ആവില്ലല്ലോ…
ഭാനുവിന്റെ പിന്നാലെ നടന്നു…
ഞങ്ങള്‍ക്കു പിന്നില്‍ പടിയിറങ്ങുന്നുണ്ട്…
ഭാനുവിന്റെ ഓണം…

വര : ജയകൃഷ്ണന്‍