Monday
16 Jul 2018

പ്രവാസഭൂമിയില്‍ ഭാവന വീണ്ടും

By: Web Desk | Thursday 12 October 2017 11:34 PM IST

കെ രംഗനാഥ്

ദുബായ്: തന്റെ ജീവിതത്തിലെ പ്രതിസന്ധിക്കും മലയാളസിനിമാലോകത്തെ പ്രകമ്പനങ്ങള്‍ക്കും തുടക്കം കുറിച്ച ഈ പ്രവാസഭൂമിയിലേക്ക് വീണ്ടും നടി ഭാവന എത്തി. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം.
തല്‍ക്കാലം മലയാളസിനിമയിലേക്കില്ല. പക്ഷേ വിവാഹം കഴിഞ്ഞാലും താന്‍ സിനിമയില്‍ അഭിനയിക്കും. പ്രതിസന്ധികളില്‍ തളരാതെ തലയുയര്‍ത്തി നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് കഴിവുകുറവാണ്. പക്ഷേ താന്‍ മറിച്ചാണെന്ന് ഭാവന തെളിയിക്കുന്നു. ഇവിടെ അല്‍വാസല്‍ റോഡില്‍ തന്റെ കൂട്ടുകാരിയും ഫാഷന്‍ ഡിസൈനറുമായ രഹാനാ ബഷീര്‍ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനും അനുബന്ധമായി നടന്ന ഫാഷന്‍ ഷോയിലും പങ്കെടുക്കാനെത്തിയതായിരുന്നു ഭാവന. ‘പ്ലീസ്, സ്വകാര്യ ചോദ്യങ്ങളോ കൂടുതല്‍ സിനിമാകാര്യങ്ങളോ ചോദിക്കരുതെന്ന മുഖവുരോടെയാണ് നടി ഭൂരിപക്ഷവും മലയാളികളടങ്ങുന്ന ഇന്ത്യന്‍ മാധ്യമ’ പട്ടാളത്തിനു മുന്നിലെത്തിയത്. സല്‍വാര്‍ ധരിച്ചെത്തിയ നടി വാര്‍ത്താസമ്മേളനത്തിനുശേഷം ഊതനിറത്തിലുള്ള വേഷം ധരിച്ചാണ് ഫാഷന്‍ ഷോയില്‍ മറ്റു മോഡലുകള്‍ക്കൊപ്പം പങ്കെടുത്തത്.
തടികൂടാതിരിക്കാന്‍ ആഹാരക്രമത്തിന് ഒരു പട്ടികതന്നെ താന്‍ തയാറാക്കിവയ്ക്കും. പക്ഷേ രണ്ട് ദിവസം കഴിയുമ്പോള്‍ അതെല്ലാം മാറ്റിമറിക്കപ്പെടും. എന്തുഭക്ഷണം കിട്ടിയാലും കഴിക്കുമെന്ന് തെല്ല് ആര്‍ജവത്തോടെ ഭാവന മനസുതുറന്നു. ചലച്ചിത്ര നടിമാര്‍ ഉടയാടകളില്‍ വലിയ ശ്രദ്ധചെലുത്താറുണ്ട്. പക്ഷേ തനിക്ക് ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ഒരുപോലെയാണ്. മലയാള ചലച്ചിത്രരംഗത്തെ മാത്രം ഒറ്റപ്പെടുത്തി കുറ്റം പറയാനാവില്ല. ഈ വ്യവസായത്തില്‍ മൊത്തം കാണുന്ന നല്ലതും ചീത്തയുമെല്ലാം മലയാളത്തിലുണ്ട്. പക്ഷേ നായികാ പ്രാധാന്യമുള്ള സിനിമകള്‍ക്കും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ഭാവനയുടെ പക്ഷം. പൃഥ്വിരാജിനൊപ്പം അഭിനയിച്ച ആദം ജോവാന്‍ ആയിരുന്നു ഭാവനയുടെ മലയാളത്തിലെ ഏറ്റവും ഒടുവിലത്തെ ചിത്രം.
പൃഥ്വിരാജും നിവിന്‍പോളിയും ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനുമടക്കമുള്ള പ്രതിഭാസമ്പന്നരുടെ ഒരു നീണ്ടനിര മലയാള സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന് കരുതുന്നു. കന്നഡ നടനും നിര്‍മാതാവുമായ നവീനുമായുള്ള വിവാഹം ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷം യാഥാര്‍ഥ്യമാകുന്നതാണ്. പ്രതിസന്ധികളില്‍ തനിക്ക് എന്നും കരുത്തുപകര്‍ന്ന നവീന്‍ വിവാഹം കഴിഞ്ഞും താന്‍ സിനിമയില്‍ തുടരണമെന്നു നിര്‍ബന്ധമുള്ളയാളായത് മഹാഭാഗ്യമെന്നും നടി കരുതുന്നു.
സമീപകാലത്ത് മലയാള സിനിമയെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന സംഭവ ശ്രേണികളെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ ഭാവന ഒഴിഞ്ഞുമാറിയതും ശ്രദ്ധേയമായി.