Monday
23 Jul 2018

ഭിക്കാജികാമ വെറുമൊരു പേരല്ല

By: Web Desk | Saturday 23 September 2017 12:38 AM IST

നിമിഷ
ജനനവും മരണവും ചരിത്രത്തിന്റെ ഭാഗമാകുന്ന വെറും തീയതികള്‍ മാത്രമല്ല. അതൊരു സന്ദേശം കൂടിയാണ്. ഒരു വ്യക്തി ജന്മംകൊണ്ട് നേടിയെടുക്കുന്ന കീര്‍ത്തി അവരെ മരണത്തിലും മരണാനന്തര കാലത്തും വിലപ്പെട്ട ഓര്‍മയായി മാറ്റും. അത്തരത്തിലൊരു പേരാണ് ഭിക്കാജി കാമയുടേത്. ഇന്ത്യയുടെ സ്വാതന്ത്ര്യം 40 വര്‍ഷം അകലെ നില്‍ക്കുമ്പോള്‍ 1907 ല്‍ ആദ്യമായി ഒരു ദേശീയപതാക ഉയര്‍ത്തിക്കാട്ടി രാജ്യസ്വാതന്ത്ര്യത്തിന്റെ കൊടിയടയാളമാണിത്, യുവാക്കളെ ഇതുയര്‍ത്തിപ്പിടിക്കൂ ആവോളം എന്ന കാമയുടെ പ്രഖ്യാപനം രാജ്യചരിത്രത്തിലെ തിളങ്ങുന്ന ഓര്‍മയായി മാറുകയുണ്ടായി. ഭിക്കാജി കാമയെ ചരിത്രവിദ്യാര്‍ഥികള്‍ നെഞ്ചേറ്റുന്നതും അതുകൊണ്ട് തന്നെയാണ്.

രാജ്യത്തിന്റെ ആദ്യകൊടി പറത്തിയ ധീര വനിത അതാണവര്‍. 1861 സെപ്റ്റംബര്‍ 24നാണ് കാമ ജനിക്കുന്നത്. ഉന്നത ധനികപാര്‍സി കുടുംബത്തില്‍ സോറബ്ജി ഫ്രാംജി പട്ടേലിന്റെയും ജെയ്ജിഭായ് പട്ടേലിന്റെയും പുത്രിയായി ബോംബെയിലായിരുന്നു ജനനം.
പഠനകാലത്ത് തന്നെ സ്വാതന്ത്ര്യസമര വികാരം ജ്വലിക്കുന്ന വാര്‍ത്തകള്‍ ഭിക്കാജിയെ ഹഠാദാകര്‍ഷിച്ചിരുന്നു. മുന്നി എന്നാണ് ഭിക്കാജിയെ സ്‌നേഹത്തോടെ എല്ലാവരും വിളിച്ചിരുന്നത്. പഠനത്തില്‍ മിടുക്കിയായ ഭിക്കാജിയെ രാഷ്ട്രീയ തല്‍പരനായ അഭിഭാഷകന്‍ റസ്തം കാമ 1885 ഓഗസ്റ്റ് മുന്നിന് വിവാഹം കഴിച്ചു. 1896 ല്‍ ബോംബെയില്‍ പടര്‍ന്നു പിടിച്ച പ്ലേഗ് ഭിക്കാജിയുടെ ജീവിതം മാറ്റിമറിച്ചു. അവശതയനുഭവിക്കുന്ന രോഗികളെ സഹായിക്കാന്‍ ഗ്രാന്‍ഡ് മെഡിക്കല്‍ കോളജ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ ഭിക്കാജിയും ഭാഗഭാക്കായി. തുടര്‍ന്ന് രോഗം പിടിപെട്ട ഭിക്കാജി അത്ഭുതകരമായാണ് അതില്‍ നിന്ന് രക്ഷപ്പെട്ടത്. തുടര്‍ ചികിത്സയ്ക്കായി ഭിക്കാജിയെ ഇംഗ്ലണ്ടിലേക്കയച്ചു. അവിടെയും അവര്‍ അടങ്ങിയിരുന്നില്ല. ഇന്ത്യന്‍ സമൂഹത്തിലെ പ്രഗത്ഭരായ ദേശീയ പ്രസ്ഥാന വക്താക്കളുമായി ഭിക്കാജി സൗഹൃദം സ്ഥാപിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടീഷ് കമ്മിറ്റി നേതാവായ ദാദാഭായ് നവറോജിയുമായുള്ള സൗഹൃദം ഇന്ത്യന്‍ ഹോം റൂള്‍ പ്രസ്ഥാനത്തിന് കാരണമായി. തിരിച്ച് ബോംബെയിലേക്ക് മടങ്ങണമെങ്കില്‍ ഇവിടെ വന്നാല്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെടില്ല എന്ന് എഴുതി നല്‍കണമെന്ന ആവശ്യം ഭിക്കാജി നിഷേധിച്ചു. പിന്നീട് 1907 ല്‍ ജര്‍മനിയിലെ സ്റ്റുവര്‍ട്ടില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ബ്രിട്ടനിലെ കോണ്‍ഗ്രസ് കമ്മിറ്റി ഭിക്കാജിയെ നിയോഗിച്ചു. അവിടെയാണ് ഭിക്കാജി ആദ്യമായി ഇന്ത്യയുടെ തൃവര്‍ണപതാകയുടെ ആദിമ രൂപം ഉയര്‍ത്തിക്കാട്ടി സമ്മേളന പ്രതിനിധികളെ പ്രകമ്പനം കൊള്ളിച്ചത്.
ബ്രിട്ടനിലെ താമസം സുരക്ഷിതമല്ലാതായതോടെയാണ് ഭിക്കാജി പാരീസിലേക്ക് കുടിയേറിപ്പാര്‍ത്തത്. വിവിധ ലോക രാജ്യങ്ങളില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വക്താവായി അവര്‍ സഞ്ചരിച്ചു. നിരവധി വിപ്ലവകാരികള്‍ക്ക് അവര്‍ താങ്ങും തണലുമായി. ഒപ്പം സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടി. 1910 ല്‍ കെയ്‌റോയില്‍ നടന്ന നാഷണല്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തുകൊണ്ടവര്‍ ചോദിച്ചു: ”ഈജിപ്തിന്റെ പകുതിയെവിടെ? എനിക്ക് പുരുഷന്മാരെ മാത്രമല്ലേ കാണാന്‍ കഴിയുന്നുള്ളു-” പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സ്ത്രീപങ്കാളിത്തത്തിനു വേണ്ടിയുള്ള ആദ്യ ശബ്ദം അന്നാണുയര്‍ന്നത്. 35 വര്‍ഷത്തെ വിദേശവാസത്തിനു ശേഷം രോഗിയും അവശയുമായ ഭിക്കാജിക്ക് രാജ്യത്ത് മടങ്ങിവരാനായി. 1936 ഓഗസ്റ്റ് 13ന് സ്വാതന്ത്ര്യം പുലര്‍ന്നുകാണുന്നതിന് അവസരം ലഭിക്കാതെ അവര്‍ വിട പറഞ്ഞു.