ഭോപ്പാല്‍ റയില്‍വേയോടൊപ്പം നാരിമാര്‍ ഹാപ്പി ഹാപ്പി

ഷെഹിന ഹിദായത്ത്
യാത്രകള്‍ക്കിടയിലെ ആര്‍ത്തവ ദിനങ്ങളെ പേടിയോടെ കണ്ടിരുന്ന സ്ത്രീകള്‍ക്ക് ആശ്വാസമേകി ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷന്. റയില്‍വേ സ്റ്റേഷനുകളില്‍ സാധാരണയായി ടിക്കറ്റ് കൗണ്ടറുകള്‍, യാത്രക്കാരുടെ ഹെല്‍പ്പ് ഡസ്ക്കുകള്‍,ടൊയ്ലറ്റുകള്‍ , കാത്തിരിപ്പ് മുറികള്‍, എടിഎം കൗണ്ടറുകള്‍ തൂടങ്ങിയവയാണ് കാണാറുള്ളത്, ഇതില്‍ നിന്ന് വ്യത്യസ്തമായി വനിതകള്‍ക്ക് വേണ്ടി പുതിയൊരു പദ്ധതിയാണ് ഭോപ്പാല്‍ ആവിഷ്കരിക്കുന്നത്്.
സ്ത്രീ എന്നും സന്തോഷവതിയായിരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ള ‘ഹാപ്പി നാരി’ എന്ന പദ്ധതി സ്ത്രീകളുടെ ആര്‍ത്തവകാല ആകുലതകള്‍ക്ക് വിരാമമിടുന്ന ഒരു സംരംഭം കൂടിയാണ്. ഭോപ്പാലിലെറയില്വേ വനിതാക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്.
ആര്‍ത്തവകാലങ്ങളില്‍ ഉപയോഗിച്ച സാനിറ്ററി പാഡുകള്‍ ഉപേക്ഷിക്കാനുള്ള സൗകര്യക്കുറവ് സ്ത്രീകളില്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍ കുറവല്ല. പാഡുകള്‍ മാറ്റുന്നതിനും കളയുന്നതിനുമുള്ള സൗകര്യക്കുറവുകള്‍ ഒരു ദിവസം മുഴുവന്‍ ഒരേ പാഡ് ഉപയോഗിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കുന്നു. ഗര്‍ഭാശയരോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ ഉണ്ടാകാന്‍ ഇത്് കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങള്ക്ക്് പരിഹാരമെന്നോണമാണ് ഹാപ്പി നാരി എന്ന പദ്ധതി ഭോപ്പാല്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ഏത് സമയത്തും സാനിറ്ററി പാഡുകള്‍ എടുക്കുവാന്‍ സാധിക്കുന്നവെന്ഡിങ് മെഷിനുകളില്‍ ലഭിക്കുന്ന പാഡുകള്‍ക്ക് സാധാരണ പാഡുകളില്‍ നിന്നും വിലക്കുറവുമായിരിക്കും. വെന്‍ഡിങ് മെഷീന് വഴി അഞ്ച് രൂപ നിരക്കിലാണ് പാഡുകള്‍ ലഭിക്കുക.
ഇത്തരത്തിലൊരു പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സര്‍ക്കാരായി ഭോപ്പാല്‍ ഇതോടെ മാറിയിരിക്കുകയാണ്. റയില്‍വേ ജീവനക്കാരി അഞ്ജലി താക്കൂര്‍ ഹാപ്പി നാരി 2018 ജനുവരി 1 ന് രാജ്യത്തിന് സമര്‍പ്പിച്ചു. ഭോപ്പാലിലെ പ്രാദേശിക സംഘടനയായ ആരുഷിയാണ് മെഷിന് സ്ഥാപിക്കുന്നതിന് വേണ്ടിയുളള മുഴുവന്‍ സഹായവും ചെയ്തത്. ഒരു തവണ 75 ഓളം സാനിറ്ററി പാഡുകള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന മെഷീനാണിത്. 89 മണിക്കൂറുകള്‍ക്കുള്ളില്‍ 500 നാപ്കിനുകള്‍ വെന്‍ഡിങ് മെഷീനില്‍ നിന്നും വിതരണം ചെയ്ത ഹാപ്പി നാരി പദ്ധതിയ്ക്ക് ആദ്യ ദിനത്തില്‍ തന്നെ മികച്ച പ്രതികരണമാണുണ്ടായത്.
നാപ്കിനുകളെ നശിപ്പിച്ചുകളയുന്ന ഇന്സിനറേറ്റുകളും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്. പാഡുകള്‍ കത്തിച്ചുകളയുക വഴി റയില്‍വേ ജീവനക്കാര്‍ക്ക് സാനിട്ടറി വേസ്റ്റുകള്‍ നീക്കം ചെയ്യേണ്ട ബുദ്ധിമുട്ടുമുണ്ടാകില്ല.
സ്ത്രീകളുടെ വിശ്രമമുറികളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇന്സിനറേറ്റുകളുടെ സൗകര്യങ്ങള്‍ ജനുവരി അവസാനത്തോടുകൂടി ലഭ്യമാകും. പദ്ധതിയുടെ വിജയം കണക്കിലെടുത്ത് മധ്യപ്രദേശിലെ എല്ലാ സ്റ്റേഷനുകളിലും ഹാപ്പി നാരി നിലവില്‍ വരുത്തും. പ്രാദേശിക നാപ്കിന് നിര്‍മ്മാതാക്കളും എന്‍ജിഒകളും ചേര്‍ന്നാണ് കുറഞ്ഞചെലവില്‍ വെന്‍ഡിങ് മെഷിനുകള്‍ക്ക് നാപ്കിന് ലഭ്യമാക്കുന്നത്.
മെഷീന് സ്ഥാപിക്കുന്നതിന്റെയും മോണിറ്ററിങ് ജീവനക്കാരുടെയും സാനിറ്ററി നാപ്കിനുകളുടെയും ആകെ ചെലവ് 20,000 രൂപ മാത്രമാണ്. ഇത്തരത്തില്‍, കൂടുതല്‍ പാഡ് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാനുളള ആലോചനയിലാണ് ഭോപ്പാല്‍ റയില്‍വേ സ്റ്റേഷന് അധികാരികള്‍. ഈ പദ്ധതിയുടെ സമ്പൂര്‍ണ്ണ വിജയത്തിനായി മറ്റ് വന്‍കിട കമ്പനികളെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. സ്ത്രീ സൗഹാര്‍ദ്ദത്തിന്റെ ഏറ്റവും സമുന്നതമായി പദ്ധതി നടപ്പിലാക്കി രാജ്യത്തെ മറ്റു റയില്‍വെ സ്റ്റേഷനുകള്‍ക്ക് മാതൃകയായിരിക്കുകയാണ് ഭോപ്പാല്‍.