Tuesday
22 Jan 2019

വിശ്വാസത്തെ അവസരമാക്കാനായി തയ്യാറാക്കിയ അജണ്ട: ബിനോയ് വിശ്വം

By: Web Desk | Tuesday 6 November 2018 9:50 PM IST

കോഴിക്കോട്: വിശ്വാസത്തെ അവസരമാക്കാനായി തയ്യാറാക്കിയ അജണ്ട പ്രകാരമാണ് ബിജെപി ശബരിമല വിഷയത്തില്‍ കരുക്കള്‍ നീക്കുന്നതെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി പറഞ്ഞു. എല്‍ഡിഎഫ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലൂടെ അവസരം കൈവന്നുവെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും അക്കൗണ്ട് തുറക്കാന്‍ കേരളത്തിലെ മതേതര മനസ്സ് ബിജെപിയെ അനുവദിക്കില്ല. ബിജെപി വഞ്ചനയുടേയും കാപട്യത്തിന്റേയും പാര്‍ട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.

ശബരിമല വിഷയത്തില്‍ കോടതിയെ സമീപിച്ചത് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള യംഗ് ലോയേഴ്‌സ് ഫോറമാണ്. ആര്‍എസ്എസ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. എവിടെവരെ പുരുഷന്‍മാര്‍ക്ക് പ്രവേശനമുണ്ടോ അവിടേവരെ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നായിരുന്നു ആര്‍എസ്എസ് നിലപാട്. സുപ്രിംകോടതി വിധി വന്നപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ആര്‍എസ്എസ് ആയിരുന്നു. പിന്നീട് 48 മണിക്കൂറിനകം ആര്‍എസ്എസ് മലക്കംമറിയുകയായിരുന്നു. വോട്ട് നേടാനുള്ള കാപട്യമാണ് ബിജെപിയുടേത്. ശ്രീരാമനും ശ്രീ അയ്യപ്പനും ബിജെപിയുടെ വോട്ടുപിടുത്തകാരല്ല. ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ ഈ നിലപാടിനെതിരെ ഓരോ വിശ്വാസിയും ഉണരണം. ഇപ്പോള്‍ ആര്‍എസ്എസ് പ്രമാണി ഇരുമുടിക്കെട്ടില്ലാതെ മലകയറിയിരിക്കുന്നു. ആചാരത്തിന്റെ പേരില്‍ കോലാഹലം നടക്കുമ്പോഴാണ് ഈ ആചാരലംഘനം എന്നത് ശ്രദ്ധേയമാണെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Related News