Saturday
23 Jun 2018

മഴക്കാല പക്ഷി സര്‍വേ: വടക്കേ വയനാട്ടില്‍ നെല്‍പ്പൊട്ടനും പോതക്കിളിയും

By: Web Desk | Thursday 31 August 2017 8:45 PM IST

 

കല്‍പറ്റ: പശ്ചിമഘട്ടത്തിലെ ഉയരംകൂടിയ പുല്‍മേടുകളില്‍ മാത്രം കാണുന്ന അപൂര്‍വയിനത്തില്‍പ്പെട്ട നെല്‍പ്പൊട്ടന്‍(ഗോള്‍ഡന്‍ ഹെഡഡ് സിസ്റ്റികോള), പോതക്കിളി(ബ്രോഡ് ഹെഡഡ് ഗ്രാസ് ബേര്‍ഡ്) എന്നീ പക്ഷികളെ വടക്കേവയനാട് വനം ഡിവിഷനില്‍ കണ്ടെത്തി. സംസ്ഥാന വനം വകുപ്പ്, തൃശൂര്‍ ഫോറസ്ട്രി കോളേജ്, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി എന്നിവ സംയുക്തമായി നടത്തിയ മഴക്കാല സര്‍വേയില്‍ ബ്രഹ്മഗിരിയിലെ പുല്‍മേടുകളിലാണ് ഈ പക്ഷികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. 92 ഇനം പക്ഷികളെയാണ് സര്‍വേയില്‍ കാണാനയത്. ഇതില്‍ 11 എണ്ണം പശ്ചിമഘട്ടത്തിലെ തനത് ഇനങ്ങളാണന്ന് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു.

വടക്കേ വയനാട് വനം ഡിവിഷനിലെ മാനന്തവാടി, ബേഗൂര്‍, പേര്യ റേഞ്ചുകളില്‍ എട്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഈമാസം 24,25,26 തീയതികളിലായിരുന്നു സര്‍വേ. അട്ടകള്‍ നിറഞ്ഞ വനത്തില്‍ കനത്ത മഴയ്ക്കിടെ ശ്രമകരമായി നടത്തിയ സര്‍വേയില്‍ അഞ്ച് ഇനം ബുള്‍ബുളും ഏഴിനം ബാബ്ലറും (ചിലപ്പന്‍) അഞ്ച് ഇനം പ്രാവും മൂന്ന് ഇനം പരുന്തും നിരീക്ഷകരുടെ കണ്ണില്‍പ്പെട്ടു. പുല്ലുപ്പന്‍, ചെമ്പന്‍ എറിയന്‍ ഇന്നീ ഇനങ്ങളെയും കാണാനായി.
കേരളം, കര്‍ണാട, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ള 25 പക്ഷിനീരീക്ഷകരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഹേമന്ത് ബട്ടോയി, സഹന, ശ്വേത, അരുണ്‍ ചുങ്കപ്പള്ളി, മുഹമ്മദ് അസ്‌ലം, ഡോ. അഭിജിത്ത്, ഡോ. ആര്‍.എന്‍. രതീഷ്, അനുശ്രീത എന്നിവര്‍ നേതൃത്വം നല്‍കി. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ കെ.സി. പ്രസാദ്, റേഞ്ച് ഓഫീസര്‍മാരായ നജ്മല്‍ അമീന്‍, പ്രേം ഷമീര്‍, അരുണേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ജെ. ജോണ്‍സന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍വേ ഏകോപനം.
വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, കുറിച്യാട്, ബത്തേരി, തോല്‍പ്പെട്ടി റേഞ്ചുകളില്‍ ജൂലൈ 14 മുതല്‍ 16 വരെ നടത്തിയ മഴക്കാല സര്‍വേയില്‍ 127 ഇനം പക്ഷികളെ കണ്ടെത്തിയിരുന്നു. ജെര്‍ഡന്‍സ് ബാസ(പ്രാപ്പരുന്ത്), സിലോണ്‍ ഫ്രോഗ് മൗത്ത്(മാക്കാച്ചിക്കാട). പൈ ഹോണ്‍ബില്‍(പാണ്ടന്‍ വേഴാമ്പല്‍), ലെഗ്ഗീസ് ഹ്വാക്ക് ഈഗിള്‍(വലിയ കിന്നരിപ്പരുന്ത്), ഇന്ത്യന്‍ നട്ഹാച്ച്(താമ്രോദരന്‍ ഗൗളിക്കിളി) എന്നീ അപൂര്‍വയിനങ്ങളും ഇതില്‍പ്പെടും.
കാണുന്ന പക്ഷികളെ അപ്പോള്‍ത്തന്നെ ഇന്റര്‍നെറ്റ് ഡാറ്റ ബേസിലേക്ക് അപ്‌ലോഡ് ചെയ്യാനും സര്‍വേ കഴിയുമ്പോള്‍ത്തന്നെ സംക്ഷിപ്തം ക്രോഡീകരിക്കാനും ഉതകുന്ന ഇ ബേര്‍ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചായിരുന്നു വടക്കേവയനാട് വനത്തിലും സര്‍വേ. ഈ ആപ്ലിക്കേഷന്‍ സംസ്ഥാനത്ത് ആദ്യമായി വയനാട് വന്യജീവി സങ്കേതത്തില്‍ നടന്ന മഴക്കാല സര്‍വേയിലാണ് ഉപയോഗപ്പെടുത്തിയത്.
സെപ്റ്റംബര്‍ എട്ട്, ഒമ്പത്, 10 തീയതികളിലാണ് സൗത്ത് വയനാട് വനം ഡിവിഷനില്‍ മഴക്കാല സര്‍വേ. ജില്ലയിലെ മൂന്ന് ഡിവിഷനുകളിലും വേനല്‍ സര്‍വേ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്താനാണ് തീരുമാനം.