Sunday
23 Sep 2018

ബിജെപി സംഭാവനകള്‍ സ്വീകരിക്കുന്നത് ചട്ടങ്ങള്‍ മറികടന്നാണെന്ന് രേഖകള്‍

By: Web Desk | Tuesday 12 June 2018 10:16 PM IST

  • നടപടിക്ക് തയ്യാറാകാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന പാര്‍ട്ടിയായ ബിജെപി സംഭാവനകള്‍ സ്വീകരിക്കുന്നത് ചട്ടങ്ങള്‍ മറികടന്നാണെന്ന് രേഖകള്‍. അക്കൗണ്ട് കൈകാര്യം ചെയ്യേണ്ടത് ട്രഷറര്‍ ആയിരിക്കണം എന്ന ചട്ടം നില നില്‍ക്കുമ്പോഴും ട്രഷറര്‍ ആരെന്ന് വ്യക്തമാക്കാതെയാണ് 2014 മുതല്‍ ബി ജെപിയുടെ പ്രവര്‍ത്തനം. ഇക്കാര്യം ബോധ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് തയ്യാറായിട്ടില്ല.

ബിജെപിയുടെ വരുമാനത്തില്‍ 81 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ കാലമാണ് 2016-17 സാമ്പത്തിക വര്‍ഷം. 1034.27 കോടി രൂപയാണ് അക്കൊല്ലം പാര്‍ട്ടിക്ക് കിട്ടിയ തുക, ഇത് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ബിജെപി സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ആണ് ഇത്. ട്രഷററുടെ പേര് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല, ഫോര്‍ ട്രഷറര്‍ അഥവാ ട്രഷറര്‍ക്ക് വേണ്ടി എന്ന് എഴുതുക മാത്രമാണ് ചെയ്തത്.

ട്രഷററോ ആല്ലെങ്കില്‍ ആ ചുമതലയുള്ള ആളോ ആയിരിക്കണം പാര്‍ട്ടി അക്കൌണ്ട് കൈകാര്യം ചെയ്യേണ്ടത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2014ലെ മാര്‍ഗ്ഗ രേഖയിലുണ്ട്. ഈ നിര്‍ദ്ദേശത്തിന്റെ ലംഘനമാണ് ബി ജെ പി നടത്തിയതെന്ന് വ്യക്തം. പക്ഷേ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഇടപെട്ടിട്ടില്ല. മാര്‍ഗ്ഗ നിര്‍ദ്ദേശം മറികടന്നുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.

2014 വരെ ബിജെപി ട്രഷറര്‍ സ്ഥാനത്ത് ഇപ്പോഴത്തെ ധനമന്ത്രി പിയൂഷ് ഗോയലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം മന്ത്രിസഭയില്‍ അംഗമായ ശേഷം ആരാണ് പാര്‍ട്ടി ട്രഷറര്‍ എന്ന് വെബ്‌സൈറ്റിലും ബിജെപി പരസ്യപ്പെടുത്തിയിട്ടില്ല. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പോലും ട്രഷറുടെ പേര് വ്യക്തമാക്കാത്തതും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത് ചോദ്യം ചെയ്യാത്തതും ദുരൂഹമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Related News