Sunday
24 Jun 2018

രാഷ്ട്രങ്ങള്‍

By: Web Desk | Friday 8 September 2017 1:25 AM IST

റാഹില്‍ നോറ ചോപ്ര

റൂഡിയെ ബിഹാര്‍ പ്രസിഡന്റാക്കി അനുനയിപ്പിക്കാന്‍ നീക്കം

കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കല്‍രാജ് മിശ്ര, ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ഗവര്‍ണര്‍ പദവി നല്‍കി അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം. അതോടൊപ്പം കര്‍ണാടകയില്‍ നിന്ന് അടുത്തകാലത്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എസ് എം കൃഷ്ണയ്ക്കും ഗവര്‍ണര്‍ പദവി നല്‍കാന്‍ നീക്കമുണ്ട്. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിന് മോഡിക്കെതിരെ പരസ്യ വിമര്‍ശനമുന്നയിച്ച രാജീവ് പ്രതാപ് റൂഡിയെ ബിഹാറില്‍ ബിജെപി പ്രസിഡന്റ് പദവി നല്‍കി ആശ്വസിപ്പിക്കുന്നതിനും പരിപാടിയുണ്ട്.
അതേസമയം മന്ത്രിസ്ഥാനത്തെ ചൊല്ലിയും വകുപ്പുകള്‍ നല്‍കിയതിനെ ചൊല്ലിയും ബിജെപിയും ഘടകകക്ഷികളും തമ്മില്‍ അഭിപ്രായവ്യത്യസങ്ങളുണ്ടെന്നാണ് അറിയുന്നത്. തങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റാത്ത ബിജെപിയുടെ ഉദാസീന സമീപനത്തില്‍ ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാറും ശിവസേന നേതാവ് ഉദ്ദവ് താക്കറെയും തെലുങ്ക് ദേശം പാര്‍ട്ടി നേതാക്കളും പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഇതെല്ലാംകൊണ്ട് ഉടന്‍ തന്നെ മറ്റൊരു മന്ത്രിസഭാ അഴിച്ചുപണിക്കും സാധ്യത തള്ളിക്കളയാനാവില്ല.
ഞായറാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി തന്റെ നീരസം വ്യക്തമായി പ്രകടിപ്പിക്കുകയുമുണ്ടായി. അതുപോലെ മുരളി മനോഹര്‍ ജോഷിയും. എന്നാല്‍ മന്ത്രിസഭയില്‍ നിന്ന് മാറ്റപ്പെട്ട കല്‍രാജ് മിശ്ര മുന്‍നിരയില്‍ തന്നെ ഇരിപ്പിടം കണ്ടെത്തി. ശ്രദ്ധേയമായ മറ്റൊരു അസ്സാന്നിധ്യം ഉമാ ഭാരതിയുടേതായിരുന്നു. എന്നാല്‍ അവര്‍ പിന്നീട് ‘ഞാന്‍ വാരണാസിയിലായിരുന്നു. മണ്ഡലമായ ഝാന്‍സി ലളിത് പൂരില്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു’ എന്ന് ട്വീറ്റ് ചെയ്തു.

ഗഡ്കരി രക്ഷപ്പെട്ടത് ആര്‍എസ്എസ് പിന്തുണയുണ്ടായതിനാല്‍

അമിത് ഷായ്ക്ക് താല്‍പര്യമില്ലാതിരുന്നിട്ടും ഗഡ്കരിക്ക് മന്ത്രിസ്ഥാനത്ത് തുടരാനായത് ആര്‍എസ്എസ് പിന്തുണയെന്ന് വിവരം. ഗതാഗത മന്ത്രിയെന്ന നിലയില്‍ മോശം പ്രകടനമാണ് ഗഡ്കരി കാഴ്ച വച്ചതെന്നും അതിനാല്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്നും ഷായ്ക്ക് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ഗഡ്കരി അത് നിരസിക്കുകയായിരുന്നു. അദ്ദേഹത്തിന് രണ്ടാം തവണയും തുടരാന്‍ അവസരം ലഭിച്ചതും ജലവിഭവ വകുപ്പ് അധികമായി ലഭിച്ചതും ആര്‍എസ്എസിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് വിവരം. അദ്ദേഹം ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് ഗുണമായി ഭവിച്ചുവെന്നര്‍ഥം.
മന്ത്രിസഭാ പുനഃസംഘടനയില്‍

രാജ്‌നാഥിന് രോഷം

മന്ത്രിസഭാ പുനഃസംഘടനാ വേളയില്‍ തന്നോട് പാര്‍ട്ടി കാണിച്ച സമീപനത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് കുപിതനാണെന്ന് വാര്‍ത്തകള്‍. തനിക്ക് താല്‍പര്യമുള്ള ചിലരെ ഞായറാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ പാര്‍ട്ടിയും ആര്‍എസ്എസും അത് തള്ളിക്കളയുകയായിരുന്നു. അതുകൊണ്ടാണ് സെപ്റ്റംബര്‍ ഒന്നുമുതല്‍ മൂന്ന് വരെ വൃന്ദാവനിലെ കേശവ് ധാമില്‍ നടന്ന ആര്‍എസ്എസ് ഉന്നത യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നതെന്നാണ് കരുതപ്പെടുന്നത്. നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ ആദ്യ ദിവസം അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും രാജ്‌നാഥ് തയ്യാറായില്ല. മോഹന്‍ ഭാഗവത്ത്, അമിത്ഷാ, രാംലാല്‍, കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത യോഗത്തില്‍ നിന്ന് രാജ്‌നാഥ് മാത്രമാണ് വിട്ടുന്നതെന്നത് ശ്രദ്ധേയമാണ്.

സ്മൃതിയെ വെട്ടാന്‍ നിര്‍മലയെ കൊണ്ടുവന്നത് ജെയ്റ്റ്‌ലി

നിര്‍മല സീതാരാമനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നില്‍ അരുണ്‍ ജെയ്റ്റ്‌ലി വിഭാഗം. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ നിര്‍മലയ്ക്ക് പ്രധാനവകുപ്പ് നല്‍കിയുള്ള പ്രാമുഖ്യം കിട്ടുന്നതിന് പിന്നില്‍ സ്മൃതി ഇറാനിക്കു പകരം കരുത്തയായ മറ്റൊരു സ്ത്രീ ഉണ്ടെന്ന് വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വാര്‍ത്തകള്‍.
സ്മൃതി ഇറാനിയെ പോലെ തീര്‍ത്തും പരിചയസമ്പത്തില്ലാത്ത വ്യക്തിക്ക് ആരും പ്രതീക്ഷിക്കാത്ത മനുഷ്യ വിഭവ ശേഷി വികസനം പോലെ സുപ്രധാനമായ വകുപ്പ് നല്‍കപ്പെട്ടത് പലരുടെയും നെറ്റി ചുളിച്ചിരുന്നു. അതിന് സമാനമായി നിര്‍മലയ്ക്ക് പരിഗണന ലഭിച്ചതും പാര്‍ട്ടിയിലും പുറത്തുമുള്ള പലരെയും അല്‍ഭുതപ്പെടുത്തുന്നതായിരുന്നു. നിര്‍മലയുടെ ഉയര്‍ച്ചയ്ക്കു പിന്നില്‍ ജെയ്റ്റ്‌ലിയുടെ കരങ്ങളാണെന്നാണ് കുശുകുശുപ്പ്.

പാര്‍ട്ടിയെ വഞ്ചിച്ച
നേതാക്കളെ സോണിയ ശകാരിച്ചു

പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം ആരോപിക്കപ്പെട്ട ബിഹാര്‍ കോണ്‍ഗ്രസ് നേതാവ് അശോക് ചൗധരി, സദാനന്ദ സിങ് എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ കടുത്ത ഭാഷയിലാണ് സംസാരിച്ചതത്രെ. പാര്‍ട്ടിയെ ഉപയോഗിച്ച് മന്ത്രി സ്ഥാനമുള്‍പ്പെടെ പദവികളും അധികാരവും എല്ലാം ആസ്വദിച്ചവരാണെന്ന് ഓര്‍മ്മപ്പെടുത്തിയ സോണിയ, ഇപ്പോഴത്തെ നിലപാട് വഞ്ചനാപരമാണെന്ന് തുറന്നടിച്ചു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സ്വയം ശാസിക്കണമെന്ന് സോണിയ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന ഒരു പ്രവര്‍ത്തനത്തിലും തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു ഇരുവരുടെയും മറുപടി. കോണ്‍ഗ്രസിലെ 16 എംഎല്‍എമാര്‍ നിതീഷുമായി ബന്ധം പുലര്‍ത്തുന്നുവെന്നാണ് അനുമാനം. എന്നാല്‍ അയോഗ്യരാക്കപ്പെടുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ നിന്ന് ഒഴിവാകണമെങ്കില്‍ 18 പേരുടെ പിന്തുണ ആവശ്യമാണ്. ബഹുജനങ്ങളെ കൂടെ നിര്‍ത്തുന്നതിനും നിതീഷ്‌കുമാറിന്റെ തന്ത്രങ്ങളെ നേരിടുന്നതിനും പ്രാപ്തനായ ഭുമിയാര്‍ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ അടുത്ത പിസിസി പ്രസിഡന്റാകുമെന്നാണ് വാര്‍ത്തകള്‍. അനില്‍ ശര്‍മ, അഖിലേഷ് സിങ്, ശ്യം സുന്ദര്‍ ധീരജ് തുടങ്ങിയ പേരുകളാണ് പരിഗണനയിലുള്ളത്.

ഗുലാം നബി ആസാദ്
മഹാരാഷ്ട്ര ചുമതലയിലേയ്ക്ക്

ഒഡിഷ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടങ്ങിയ സംഘം വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് വൈകാതെ പിസിസി പ്രസിഡന്റിനെ നിയമിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഒരു മാസത്തിലധികമായി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. എന്‍എസ്യു (ഐ) പ്രസിഡന്റ് ശരത് പട്‌നായിക്, ജനതാദളില്‍ നിന്ന് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭക്ത ചരണ്‍ ദാസ് എന്നിവരാണ് പ്രസിഡന്റ് പദവിക്കായി മത്സരിക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാന ചുമതലയില്‍ നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി മോഹന്‍ പ്രകാശിനെ മാറ്റുന്നതിനും നീക്കം നടക്കുന്നുണ്ട്. ഈയാഴ്ച രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലെ നണ്ഡേദ്, പര്‍ഭാനി എന്നിവിടങ്ങളില്‍ നടത്തുന്ന സന്ദര്‍ശന പരിപാടിയിലേയ്ക്ക് മോഹന്‍ പ്രകാശിനെ ക്ഷണിച്ചിട്ടില്ല. ഗുലാം നബി ആസാദ് മഹാരാഷ്ട്ര ചുമതലയിലേയ്ക്ക് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

Related News