Friday
19 Oct 2018

ബിജെപിയില്‍ വ്യത്യസ്ത സ്വരങ്ങള്‍: മോഡി

By: Web Desk | Saturday 28 October 2017 7:01 PM IST

നരേന്ദ്ര മോഡിയും അമിത് ഷായും പാർട്ടി ആസ്ഥാനത്തു ദീപാവലി മിലന് എത്തിയപ്പോൾ

ന്യൂഡല്‍ഹി: ബിജെപി വ്യത്യസ്ത സ്വരങ്ങളില്‍ സംസാരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.
പാര്‍ട്ടി ആസ്ഥാനത്ത് ദീപാവലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ മുന്‍ രൂപമായ ജനസംഘത്തിലാണ് താന്‍ ചേര്‍ന്നതെന്നും അന്ന് ‘വാക്കുകള്‍ വ്യത്യസ്തമായാലും, കേന്ദ്ര നേതൃത്വം മുതല്‍ താഴേക്കിടയിലുള്ളവര്‍ വരെ ഒരേ കാഴ്ച്ചപ്പാടുകള്‍ പുലര്‍ത്തിയിരുന്നുവെന്നും’ മോഡി പറഞ്ഞു.
പാര്‍ട്ടി വളര്‍ന്നതോടെ ‘ഈ താത്വിക ഐക്യം’ ഇല്ലാതായിരിക്കുന്നു. തീവ്രമായ പരിശീലനവും ആശയ വിനിമയവും വഴി ഇതിനി ഉണ്ടാക്കിയെടുക്കാനും കഴിയില്ല.
താജ്മഹല്‍ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന ബിജെപി എംഎല്‍എ സംഗീത് സോമിന്റെ വിവാദ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് മോഡിയുടെ പരാമര്‍ശം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിടുക്കത്തില്‍ ഈ ചരിത്ര സ്മാരകം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മന്ത്രിമാരുടെ അഴിമതി അന്വേഷിക്കുന്നതിനെ നിയന്ത്രിക്കുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ക്രിമിനല്‍ നിയമം (രാജസ്ഥാന്‍ ഭേദഗതി) ബിജെപിയ്ക്ക് ഉള്ളില്‍ത്തന്നെ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ച ഉണ്ടാകണമെന്നും ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്നും മോഡി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളെക്കുറിച്ച് ചര്‍ച്ച ഉണ്ടാകുന്നുണ്ട്. എന്നാല്‍ മൂല്യങ്ങളും തത്വശാസ്ത്രവും ആഭ്യന്തര ജനാധിപത്യവും ചര്‍ച്ചയാകുന്നില്ല.
എതിര്‍പാര്‍ട്ടികളെ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക് രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് മോഡിയുടെ അഭിപ്രായപ്രകടനം. കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണെന്ന് ബിജെപി നിരന്തരം ആരോപിച്ച് വരുന്നു.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ഹ്രസ്വ കൂടിക്കാഴ്ചയില്‍, ഗുജറാത്ത് തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ചോദ്യത്തിന് ‘പരമസുഖം’ എന്ന് മാത്രം മോഡി മറുപടി നല്‍കി.

photo credit: tribune
Related News