Monday
19 Nov 2018

ശബരിമല ദര്‍ശനത്തിനെത്തിയത് തേഡ് റേറ്റ് പെണ്ണുങ്ങള്‍: എ എന്‍ രാധാകൃഷ്ണന്‍

By: Web Desk | Wednesday 7 November 2018 5:15 PM IST

കോഴിക്കോട്: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ  തേഡ് റേറ്റ് പെണ്ണുങ്ങള്‍ എന്നാക്ഷേപിച്ച്  ബി ജെ പി സംസ്ഥാന ജനറ.സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. ചുംബന സമരക്കാരും അത് ബിസിനസ്സാക്കിയവരുമായ യുവതികളാണ് ശബരിമലയിലെത്തിയത്.  ഇത്തരം തേഡ് റേറ്റ് പെണ്ണുങ്ങളെ ശബരിമലയില്‍ കയറാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ പാര്‍ട്ടി പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രീധരന്‍ പിള്ള പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് പോയി ചോദിക്കണമെന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകര്‍ അത്ര വലിയ സംഭവമൊന്നുമല്ലെന്നും തന്നെ പഠിപ്പിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ വരേണ്ടെന്നും ഏറെ പ്രകോപിതനായി അദ്ദേഹം പറഞ്ഞു. പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ എല്ലാറ്റിനും മേലെയാണെന്ന് ആരും കരുതേണ്ട. ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചിട്ടില്ല. കൈരളി ഒഴികെയുള്ള മറ്റെല്ലാ ചാനലുകളും താന്‍ കാണാറുണ്ട്. അതിലൊന്നും ബിജെപി ക്കാര്‍ അക്രമിച്ചതിന്റെ ദൃശ്യങ്ങളൊന്നും കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.  ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരി ആചാരലംഘനം നടത്തിയല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇക്കാര്യത്തില്‍ വത്സന്‍ തില്ലങ്കരി മറുപടി പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി.
ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത് സിപിഎം പ്രവര്‍ത്തകരാണ്. മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനായിട്ടാണ് അവരെ ശബരിമലയിലെത്തിച്ചത്. അതുകൊണ്ട് തന്നെയാണ് സംഭവത്തില്‍ ആരെയും പിടികൂടാതിരിക്കുന്നത്. വത്സന്‍ തില്ലങ്കരി ശബരിമലയില്‍ സര്‍ക്കാറിനെ സഹായിക്കുകയാണ് ചെയ്‌തെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ഇത്തരമൊരു പരാമര്‍ശം മുഖ്യമന്ത്രി നടത്തിയിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ താന്‍ പത്രത്തില്‍ വായിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിത നടപടികളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ഭക്തരെ പീഡിപ്പിക്കുകയാണ്. ഹിറ്റ്‌ലറുടെ കാലത്ത് ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു