Tuesday
16 Oct 2018

ബിജെപി മന്ത്രിയാക്കാമെന്നു പറഞ്ഞു വിളിച്ചെന്നു കോൺഗ്രസ് നേതാവ്

By: Web Desk | Wednesday 16 May 2018 10:47 AM IST

കർണാടകത്തിൽ ബിജെപി കുതിരക്കച്ചവടം തുടങ്ങിയതിന്റെ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് അമരെ ഗൗഡ ലിംഗനഗൗഡ പട്ടീൽ ബയ്യപുർ. എന്നാൽ താൻ കോൺഗ്രസിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

“എന്നെ ബിജെപി നേതാക്കൾ വിളിച്ചു. ഞങ്ങളോടൊപ്പം വന്നാൽ മന്ത്രിസ്ഥാനം തരാമെന്നു പറഞ്ഞു. നിങ്ങളെ മന്ത്രിയാക്കാമെന്നു പറഞ്ഞു. പക്ഷെ ഞാൻ ഇവിടെ തന്നെ തുടരാൻ പോവുകയാണ്. എച് ഡി കുമാരസ്വാമിയാണ് ഞങ്ങളുടെ മുഖ്യമന്ത്രി” – കോൺഗ്രസ് നേതാവ് അമരെ ഗൗഡ ബയ്യപുർ  പറഞ്ഞു.

ജനതാദൾ  (എസ് ) നേതാവ് കുമാരസ്വാമി തന്നെയാവും മുഖ്യമന്ത്രിയെന്ന്  സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൽ ഒരു വിഭാഗം തങ്ങൾ ജനതാദളുമായി കൂടുന്നതിൽ അതൃപ്തരാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു സിദ്ധരാമയ്യ പറഞ്ഞു.

തെരെഞ്ഞെടുപ്പിൽ ബിജെപി 104 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും തെരെഞ്ഞെടുപ്പു ഫലം വന്ന ശേഷം ഇന്നലെ സഖ്യത്തിലേർപ്പെട്ട കോൺഗ്രസിനും (78) ജനതാദളിനും (37) ബിഎസ്പി ക്കും (1) കൂടി 116 സീറ്റുണ്ട്. ആകെയുള്ള 224 സീറ്റിൽ 222 സീറ്റിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. ഇതിനു പുറമെ കർണാടക പ്രജ്ഞാവന്ത ജനത പാർട്ടിയ്ക്കും സ്വതന്ത്രനും ഓരോ സീറ്റു വീതമുണ്ട്.

രാവിലെ രാജ്ഭവനിൽ ബിജെപി നേതാവ് യെദ്യുരപ്പ ഗവർണ്ണറെ സന്ദർശിച്ചു കത്ത് നൽകി. യുക്തമായ തീരുമാനം അറിയിക്കാമെന്ന് ഗവർണ്ണർ പറഞ്ഞുവെന്നു യെദ്യുരപ്പ പുറത്തിറങ്ങി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എങ്ങനെയും മന്ത്രിസഭ രൂപീകരിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഗവർണ്ണർ വജുഭായ് വാല സജീവ ആർ എസ്  എസ്  പ്രവർത്തനത്തിൽ നിന്നും രാഷ്ട്രീയത്തിലെത്തി ഗുജറാത്തിൽ മോഡി സർക്കാരിൽ ധനമന്ത്രിയും പിന്നീട് സ്‌പീക്കറുമായിരുന്നതിനാൽ യെദ്യുരപ്പയെ ആദ്യം മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കുമെന്നാണ്  ബിജെപി പ്രതീക്ഷിക്കുന്നത്. മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ് ആയിരുന്നിട്ടും അവരെ ക്ഷണിക്കാതെ ബിജെപിക്ക് മന്ത്രിസഭ രൂപീകരിക്കാൻ അവസരം നൽകിയ സമീപകാല കീഴ്വഴക്കം നിലവിലിരിക്കെ വജുഭായ് വാലയുടെ തീരുമാനം നിർണായകമാണ്.