Sunday
16 Dec 2018

ഭാരതീയ ജനതാ പാര്‍ട്ടിയും പി സി ജോര്‍ജിന്റെ കേരള ജനപക്ഷവും ഒന്നാകുന്നു

By: Web Desk | Tuesday 27 November 2018 5:15 PM IST

തിരുവനന്തപുരം : ഭാരതീയ ജനതാ പാര്‍ട്ടിയും പി സി ജോര്‍ജിന്റെ കേരള ജനപക്ഷവും സഭയ്ക്കുള്ളില്‍ യോജിച്ചു പ്രവര്‍ത്തിക്കും.  കേരള നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി അംഗമായ ഒ രാജഗോപാലും കേരളാ ജനപക്ഷത്തിലെ പി സി ജോര്‍ജും സഭയില്‍ ഒന്നിച്ചു  നീങ്ങാനാണ് തീരുമാനം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ളയും ജനപക്ഷം നേതാവ് പിസി ജോര്‍ജും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇരുകക്ഷികളും തമ്മില്‍ സഭയിലുള്ള സഹകരണം. ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് ശബരിമല വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഇരുകക്ഷികളുടെയും നിലപാട് സഭയ്ക്കുള്ളില്‍ ശക്തമായി തുടരും.

ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ എരുമേലി പഞ്ചായത്തില്‍ ഇടത് മുന്നണിയ്ക്ക് നല്‍കിയിരുന്ന പിന്തുണ ജനപക്ഷം അവസാനിപ്പിച്ചിരുന്നു. പിന്നാലെ ബിജെപിയുമായി ചേര്‍ന്ന് സിപിഎം പ്രസിഡന്റിന് എതിരെ അവിശ്വാസത്തിന് നോട്ടീസും നല്‍കി. വിശ്വാസികളെ ദ്രോഹിക്കുന്നതിനാൽ  സിപിഎമ്മുമായുള്ള ബന്ധം പാപമാണെന്ന് ആരോപിച്ചാണ് പിസി ജോര്‍ജ് എം എല്‍ എ പിന്മാറ്റം അറിയിച്ചത്.  എന്നാല്‍ ബിജെപിക്കാര്‍ മോശമാണെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും ഇപ്പോള്‍ തുല്യ അകലമാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
തുടർന്ന്  ജനപക്ഷം വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി  സ്ഥാനം രാജിവച്ചിരുന്നു.

പ്രസിഡന്റ് സിപിഎമ്മിലെ ധനേഷ് വെട്ടിമറ്റത്തിനെതിരെ അവിശ്വാസം കൊണ്ടുവന്ന് ഭരണപക്ഷത്തെ മറിച്ചിടാനാണ് ജനപക്ഷ തീരുമാനം. ശബരിമല സമരത്തില്‍ പിസി ജോര്‍ജ് മുന്‍ പന്തിയില്‍ നിന്നതോടെ സിപിഎമ്മുമായിട്ടുള്ള ബന്ധം വഷളായി. ഇതേതുടര്‍ന്നാണ് ജനപക്ഷം സിപിഎം ഭരണത്തിന് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Related News