Wednesday
22 Nov 2017

മെഡിക്കല്‍ കോഴ : അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു

By: Web Desk | Monday 11 September 2017 12:48 PM IST

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. പണം കൈമാറിയതിന്റെ രേഖകള്‍ ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് അന്വേഷണ സംഘം പറഞ്ഞു.

മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ കോളജ് ഉടമകളില്‍ നിന്ന് ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്നായിരുന്നു കേസ്. 5.6 കോടിയുടെ അഴിമതി നടന്നെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരുന്നത്.  ബിജെപി സംസ്ഥാന സമിതി നിയോഗിച്ച അന്വേഷണ കമ്മിഷനാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

തുടര്‍ന്ന് വിജിലിന്‍സ് സംഘം മൊഴി ശേഖരിച്ചെങ്കിലും ആരും തെളിവ് നല്‍കാന്‍ തയാറായില്ല. മാത്രവുമല്ല മെഡിക്കല്‍ കോളജ് ഉടമ മൊഴി മാറ്റിപ്പറഞ്ഞതും കേസിന് തിരിച്ചടിയായി. തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് സംഘം തീരുമാനിച്ചത്.

എന്നാല്‍ ഇടപാടിലെ തുകയെ സംബന്ധിച്ച് കോളജ്  ഉടമ , ബിജെപി നേതാക്കള്‍, ഇടനിലക്കാരന്‍ എന്നിവര്‍ വ്യത്യസ്തമായ മൊഴികളാണ് നല്‍കിയിട്ടുള്ളത്. ഇക്കാര്യം വിജിലന്‍സ് പരിശോധിച്ചുവരികയാണ്.