Sunday
24 Jun 2018

വര്‍ഗീയ വികാരം ഉയര്‍ത്തി ദുരിതങ്ങള്‍ മറയ്ക്കാന്‍ ശ്രമം

By: Web Desk | Tuesday 12 September 2017 1:41 AM IST

നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം മൂന്ന് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ വീണ്ടും മോഡി, മന്ത്രിസഭാ പുനഃസംഘടന നടത്തിയിട്ടുണ്ട്. ഈ മൂന്ന് വര്‍ഷത്തെ ബിജെപി ഭരണം കൊണ്ട് എന്ത് നേട്ടമാണ് രാജ്യത്തിന് ഉണ്ടായത്? സാധാരണ ജനങ്ങളുടെ ജീവിതം പുരോഗമിച്ചില്ലെന്ന് മാത്രമല്ല കൂടുതല്‍ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തത്.
നരേന്ദ്രമോഡിയുടെ ഭരണത്തിന്റെ വലിയ നേട്ടമായി അവകാശപ്പെടുന്നത്, നോട്ട് അസാധുവാക്കലാണ്. 2016 നവംബര്‍ എട്ടിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സികള്‍ അസാധുവാക്കി. നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കിയപ്പോള്‍ മോഡി അവകാശപ്പെട്ടിരുന്നത് ഇതിന്റെ ബുദ്ധിമുട്ടുകള്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണ്. രാജ്യത്തെ അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഏറ്റവും വലിയ നീക്കമാണിതെന്ന അവകാശവാദവും ഉയര്‍ത്തിയിരുന്നു. രാജ്യത്തെ അഴിമതിമുക്തമാക്കാന്‍ നോട്ട് അസാധുവാക്കല്‍ സഹായിക്കുമെന്ന് പറഞ്ഞിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ വക്താവ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇപ്പോള്‍ പറയുന്നത് കള്ളപ്പണം പിടിച്ചെടുക്കല്‍ മാത്രമല്ല ലക്ഷ്യമെന്നാണ്. നരേന്ദ്രമോഡിയുടെ മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, പിന്നോട്ട് പോവുകയും ചെയ്തു. രാജ്യത്തിന്റെ വികസനത്തിന്റെ വളര്‍ച്ച മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) ത്തിന്റെ വളര്‍ച്ചയാണെന്നാണ് മോഡി സര്‍ക്കാര്‍ കണക്കാക്കുന്നതും പ്രചരിപ്പിക്കുന്നതും. ഇക്കഴിഞ്ഞ പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചനിരക്ക് 5.7 ശതമാനമായി കുറഞ്ഞിരിക്കുന്നു. മനുഷ്യജീവിത വികസനമല്ല മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചയാണ് വികസനത്തിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്ന മോഡിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ വികസനം മുന്നോട്ടു പോവുകയാണോ അതോ പിന്നോട്ടു പോവുകയാണോ? ദി ഹിന്ദു ബിസിനസ് ലൈനിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത്, നോട്ട് അസാധുവാക്കല്‍, ഇന്ത്യന്‍ സമ്പദ്ഘടനയുടെ വികസനത്തില്‍ പ്രയോജനത്തെക്കാളേറെ തകര്‍ച്ചയാണെന്നാണ്. സാമ്പത്തികത്തകര്‍ച്ചയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കാനല്ല കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചതും ശ്രമിക്കുന്നതും. കറന്‍സി ഇല്ലാത്ത നാണയങ്ങളില്ലാത്ത ഒരു സമ്പദ്ഘടന സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് സാധാരണ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുകയും സാമ്പത്തിക രംഗം താറുമാറാക്കുകയും ചെയ്തു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബാങ്കുകളുടെ ലയനം. ബാങ്കുകളുടെ ലയനം സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞിരിക്കുന്നത് ഈ നയം കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനേ സഹായിക്കുകയുള്ളുവെന്നാണ്. കിട്ടാക്കടം കൊണ്ട് ബാങ്കുകള്‍ പൊറുതിമുട്ടുകയാണ്. അതിനാല്‍ ആദ്യം ചെയ്യേണ്ടത് കിട്ടാക്കടം പരമാവധി കുറയ്ക്കുകയെന്നതാണെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ചുരുക്കത്തില്‍ ബാങ്കിങ് മേഖലയെ ആകെ തകരാറിലാക്കുന്ന നടപടികളാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
സാധാരണ ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രശ്‌നം വിലക്കയറ്റമാണ്. അതില്‍തന്നെ ഏറ്റവും പ്രധാനമാണ് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം. അതില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കാനാണ് പണ്ഡിറ്റ് നെഹ്‌റുവിന്റെ കാലത്ത് റേഷന്‍ സമ്പ്രദായം ആരംഭിച്ചത്. ഇതില്‍ രണ്ട് ഗുണങ്ങള്‍ ഉണ്ടായിരുന്നു. കര്‍ഷകര്‍ക്ക് ന്യായമായൊരു വില ലഭ്യമാക്കി കാര്‍ഷികോല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഫുഡ് കോര്‍പ്പറേഷന്‍ വാങ്ങും. ഇത് സബ്‌സിഡി നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. റേഷന്‍ സമ്പ്രദായത്തില്‍ അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയും ഉണ്ടായിരുന്നു. ഇപ്പോള്‍ മണ്ണെണ്ണയുടെയും പഞ്ചസാരയുടെയും വിതരണം ചുരുക്കിക്കൊണ്ടുവന്ന് ഏകദേശം ഇല്ലാതാക്കിയിരിക്കുകയാണ്. രാജ്യത്തെ യഥാര്‍ഥ ചിത്രമെന്താണ്? ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി പ്രസിദ്ധീകരിച്ചിരിക്കുന്നത്, ഇന്ത്യയില്‍ പോഷകാഹാരക്കുറവ് മൂലം വളര്‍ച്ച മുരടിച്ച അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ 49.7 ശതമാനമാണെന്നാണ്. ഇതനുസരിച്ച് ഇന്ത്യയില്‍ നേരെ ചൊവ്വേ ആഹാരം കഴിക്കാത്തവര്‍ 50 ശതമാനമാണ്. അതേസമയം ദാരിദ്ര്യരേഖയ്ക്ക് താഴെയെന്ന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് 21 ശതമാനമാണ്. റേഷന്‍ സൗജന്യം നല്‍കേണ്ടവരുടെ തോത് കുറച്ചുകൊണ്ടുവന്ന് റേഷന്‍ സമ്പ്രദായം തന്നെ ഇല്ലാതാക്കാനാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രവീണ്‍ ഝായും നിരഞ്ചന്‍ ആചാര്യയും കൂടി കണക്കാക്കിയിരിക്കുന്നത്, രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ അധികമായി വേണ്ടത് 84,794 കോടി രൂപയാണെന്നാണ്. വര്‍ഷംതോറും കുത്തകകള്‍ക്ക് അഞ്ച് ലക്ഷം കോടി രൂപയുടെ നികുതി സൗജന്യമാണ് നല്‍കുന്നത്. ആരുടെ വികസനമാണ് മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്? വിലക്കയറ്റത്തെ സഹായിക്കുന്നൊരു നയമാണ് സര്‍ക്കാരിന്റേത്. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി മാറ്റം വരുത്തുന്നതിന് എണ്ണക്കമ്പനികളെ അനുവദിച്ചിരിക്കുന്നു. ഡീസലിന്റെ വില വര്‍ധനവ് ചരക്ക് കൂലി വര്‍ധിപ്പിക്കും. ഇത് വിലക്കയറ്റത്തിന് കാരണമാകുന്നു. ഇതുമൂലം സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാവുന്നു.
കാര്‍ഷിക രംഗം തകര്‍ച്ചയിലാണ്. കടഭാരംകൊണ്ട് ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്നു. ഒരു വര്‍ഷംകൊണ്ട് കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചുവരുന്നു. മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ ജില്ലയില്‍ ഒരാഴ്ചയില്‍ 34 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം 50 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ണാടകത്തില്‍ കടക്കെണിമൂലം ഒരു മാസം 95 കര്‍ഷകരാണ് ജീവനൊടുക്കിയത്. മോഡിയുടെ ഭരണത്തില്‍ കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അശോക് ദശ്‌ഖേല്‍ അധ്യക്ഷനായ സമിതിയുടെ പ്രഥമ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്നത്, 2004-05 മുതല്‍ 2013-14 വരെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ലഭിച്ച വിലയുടെ വര്‍ധനവിനെക്കാള്‍ കൂടുതലായിരുന്നു കൃഷി ചെലവിന്റെ വര്‍ധനയെന്നാണ്. ചുരുക്കത്തില്‍ ഈ കാലഘട്ടത്തില്‍ കര്‍ഷകരുടെ മിച്ചവരുമാനം കുറഞ്ഞുവരികയാണ്. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കണമെങ്കില്‍ വരുമാനം കാര്യമായി വര്‍ധിക്കണം. അതിന് അടിയന്തരമായി നയപരമായ തീരുമാനങ്ങള്‍ എടുക്കണം. മൂന്ന് വര്‍ഷത്തെ മോഡിഭരണത്തില്‍ മഹാഭൂരിപക്ഷം ജനങ്ങളും ദുരിതത്തിലായിരിക്കുകയാണ്. അതേസമയം പണമുള്ളവന്‍ കൂടുതല്‍ പണക്കാരനായി മാറിക്കൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തില്‍ ജനവികാരം ബിജെപിക്കെതിരായിരിക്കുമെന്ന് കണ്ട് മതത്തിന്റെയും ജാതിയുടെയും പ്രചരണം അഴിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിന് സന്യാസിമാരെയും ആള്‍ദൈവങ്ങളെയും ഉപയോഗിക്കാനുള്ള തീവ്രശ്രമവും നടക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹരിയാനയിലെ ദേരാ സച്ഛാ സൗദ ആശ്രമത്തിലെ ഗുര്‍മീത് റാം റഹിം സിങ്. ആശ്രമത്തിലെ അന്തേവാസികളായ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തതിന് 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹത്തെ. സുപ്രിം കോടതിയുടെയും ഹൈക്കോടതിയുടെയും ശക്തമായ ഇടപെടല്‍ മൂലമാണ് ഇദ്ദേഹത്തിന് ശിക്ഷലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബിജെപി അധികാരത്തില്‍ വന്നത് ഇയാളുടെ സഹായത്തിലാണ്. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായിരിക്കുന്നത് ഒരു ക്ഷേത്ര ട്രസ്റ്റിന്റെ രക്ഷാധികാരിയായ യോഗി ആദിത്യനാഥിനെയാണ്. എങ്ങനെയും ജാതിയെയും മതത്തേയും സന്യാസിമാരെയുമൊക്കെ ഉപയോഗിച്ച് അധികാരത്തില്‍ വരാനാണ് മോഡിയും ബിജെപിയും ശ്രമിക്കുന്നത്.

Related News