Monday
28 May 2018

കശ്മീരില്‍ വെടിനിര്‍ത്തല്‍: നിര്‍ദ്ദേശം ബിജെപി തള്ളി

By: Web Desk | Thursday 10 May 2018 10:24 PM IST

ശ്രീനഗര്‍: അമര്‍നാഥ് യാത്രയുടെയും റംസാന്‍ വ്രതാരംഭത്തിന്‍റെയും പശ്ചാത്തലത്തില്‍ കശ്മീരില്‍ തീവ്രവാദികളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നിര്‍ദ്ദേശം സഖ്യകക്ഷിയായ ബിജെപി തള്ളി. ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത് രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും താഴ്‌വരയില്‍ സൈന്യം ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമില്ലാതെ പോകുമെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി നിര്‍ദ്ദേശം തള്ളിയത്. ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായത്തെ മാനിക്കണമെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തന്റെ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും ജമ്മു കാശ്മീര്‍ ബിജെപി വക്താവ് സുനില്‍ സേതി വ്യക്തമാക്കി.

താഴ്‌വരയിലുണ്ടായ കല്ലേറില്‍ തമിഴ്‌നാട് സ്വദേശിയായ വിനോദ സഞ്ചാരി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അടിയന്തരമായി വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ച തീരുമാനമുണ്ടായത്. തീരുമാനത്തെ എല്ലാ മുഖ്യധാരാ പാര്‍ട്ടികളും അനുകൂലിച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയാണ് തീരുമാനത്തെ തള്ളി ബിജെപി രംഗത്തെത്തിയത്.
അതേസമയം, ഇത്തരത്തില്‍ തങ്ങള്‍ക്ക് യാതൊരു വിധ അപേക്ഷകളും ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. ഒരുപക്ഷേ വെടിനിര്‍ത്തല്‍ സംബന്ധിച്ച ജമ്മുകശ്മീര്‍ സര്‍ക്കാരിന്‍റെ അപേക്ഷ ലഭിക്കുകയാണെങ്കില്‍ കൂടി ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കില്ലെന്നാണ് വിവരം. 2000ല്‍ റംസാന്‍ വ്രതാരംഭത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് കശ്മീരിലെ വിഘടനവാദികളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്നത്തെ സാഹചര്യമല്ല നിലവിലുള്ളതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.

Related News