Sunday
16 Dec 2018

ശബരിമല ; സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കാന്‍ ബിജെപി

By: Web Desk | Thursday 29 November 2018 5:24 PM IST

കൊച്ചി: ശബരിമല വിഷയത്തില്‍  തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കാന്‍ ബിജെപിയുടെ തീരുമാനം.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരന്ദ്രനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 15 ദിവസത്തേയ്ക്കാണ് നിരാഹാര സമരമെന്ന് ബിജെപി നേതൃയോഗത്തിനു ശേഷം സംസ്ഥാന പ്രസിഡന്റ് അഡ്വ.പി എസ് ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനായിരിക്കും നിരാഹാര സമരം നടത്തുന്നത്. ഒരോ ദിവസവും ഒരോ ജില്ലാ കമ്മറ്റികള്‍ക്കായിരിക്കും സമരത്തിന്റെ ചുമതല.ഇതിനൊപ്പം ശബരിമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഒപ്പു ശേഖരണം തുടരും.അഞ്ചാം തിയതി മുതല്‍ പഞ്ചായത്ത് തലത്തില്‍ അയ്യപ്പ ഭക്ത സദസുകള്‍ സംഘടിപ്പിക്കും. ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡയുടെ നേതൃത്വത്തിലുള്ള എംപി മാരുടെ നാലംഗ സംഘം അടുത്ത മാസം രണ്ട്, മൂന്ന് തീയതികളില്‍ ് കേരളം സന്ദര്‍ശിക്കും. രണ്ടിന് കൊച്ചിയിലെത്തുന്ന സംഘം ശബരിമലയില്‍ മനുഷ്യാവകാശ ലംഘനം നേരിട്ടവരില്‍ നിന്നും  കൊച്ചിയില്‍ വെച്ച്  പരാതികള്‍ സ്വീകരിക്കും.തുടര്‍ന്ന്  ശബരിമലയിലടക്കം സന്ദര്‍ശനം നടത്തി ശബരിമല കര്‍മ്മ സമിതി, ബിജെപി കോര്‍ ടീം,പന്തളം കൊട്ടാരം, തന്ത്രികുടുംബം,എന്‍ഡിഎയിലെ ഘടക കക്ഷികള്‍  എന്നിവരടക്കമുള്ളവരുമായി ചര്‍ച നടത്തും.തുടര്‍ന്ന് ഗവര്‍ണറെയും സന്ദര്‍ശിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സുരേന്ദ്രന്റെ അറസ്റ്റ് അനധികൃതമാണ്. ഇത്തരത്തില്‍ നിയമംലഘിച്ച് അറസ്റ്റ് നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബിജെപി കേസ് ഫയല്‍ ചെയ്യും. പാര്‍ടിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ പേരില്‍ കൃത്രിമമായി സര്‍ക്കുലര്‍ നിര്‍മിച്ച് പ്രചരിപ്പിച്ച് ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച സിപിഎമ്മിനെതിരെയും കേസ് ഫയല്‍ ചെയ്യും. യതീഷ് ചന്ദ്രക്കെതിരെ കെ ടി ശശികലയുടെ മകന്‍ മാനനഷ്ടത്തിന് കേസു നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. യതീഷ് ചന്ദ്രയുടെ തറവാട്ട് സ്വത്താണോ പോലീസ് സേനയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. തുടര്‍ച്ചയായ നിയമയുദ്ധമായിരിക്കും ബിജെപിയുടെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്നതെന്നും ശ്രീധരന്‍ പിളള പറഞ്ഞു. പി സി ജോര്‍ജുമായി ബിജെപി നിയമസഭയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പി സി ജോര്‍ജ്ജ്  എന്‍ഡിഎയില്‍ വരാന്‍ സന്നദ്ധനാകുകയാണെങ്കില്‍  അത് സംബന്ധിച്ച് കമ്മറ്റി കൂടി തീരുമാനിക്കും.ഇപ്പോള്‍ നിയമസഭയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.വരും ദിവസങ്ങളില്‍ കുടുതല്‍ പേര്‍ ബിജെപിയുമായി സഹകരിക്കാന്‍ മുന്നോട്ടു വരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Related News