Thursday
13 Dec 2018

രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കു പരാജയമുണ്ടാകുമെന്നു സര്‍വേ

By: Web Desk | Friday 25 May 2018 10:53 AM IST

ഡല്‍ഹി: ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കു പരാജയമുണ്ടാകുമെന്നു എബിപി സര്‍വേ വ്യക്തമാക്കുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പു നടന്നാല്‍ മധ്യപ്രദേശില്‍ 49 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 34 ശതമാനം വോട്ടു മാത്രമാകും ലഭിക്കുക. രാജസ്ഥാനില്‍ ഇത് യഥാക്രമം 44 ശതമാനം, 39 ശതമാനം.
രാജസ്ഥാനില്‍ ഈ വര്‍ഷം ഉപതിരഞ്ഞെടുപ്പു നടന്ന രണ്ട് ലോക്സഭാ സീറ്റിലും ആറില്‍ നാലു നിയമസഭാ സീറ്റിലും കോണ്‍ഗ്രസിനായിരുന്നു ജയം. ഉപതിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്നു ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന അശോക് പര്‍നാമി മാര്‍ച്ച്‌ 16ന് രാജിവച്ചതോടെ രാജസ്ഥാനില്‍ ബിജെപി നാഥനില്ലാത്ത അവസ്ഥയിലാണ്.
മധ്യപ്രദേശില്‍ നാലാം അവസരം തേടി രംഗത്തുള്ള ശിവരാജ് സിങ് ചൗഹാനു ഭരണവിരുദ്ധ വികാരത്തില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് സര്‍വേ പറയുന്നത്. സംസ്ഥാന ഘടകത്തിന്റെ ചുമതല മുതിര്‍ന്ന നേതാവ് കമല്‍നാഥ് ഏറ്റെടുക്കുകയും പ്രചാരണചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കു നല്‍കുകയും ചെയ്തതിനൊപ്പം എസ്പി- ബിഎസ്പി സഖ്യത്തില്‍ ബിജെപിയെ നേരിടാന്‍ നടത്തുന്ന നീക്കുപോക്കുകളും കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ പൊതുവേ ഗുണകരമാകുമെന്നാണു സര്‍വേ വിലയിരുത്തുന്നത്.

Related News