Saturday
15 Dec 2018

ശബരിമലയിൽ സ‌്ത്രീകളെ ബിജെപി തടയില്ല: എം ടി രമേശ‌്

By: Web Desk | Tuesday 9 October 2018 8:24 PM IST

ആർ ഗോപകുമാർ

കൊച്ചി: സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ‌്ത്രീകൾ ശബരിമലയിൽ ദർശനത്തിന‌് വന്നാൽ അവരെ  ബിജെപി തടയില്ലെന്നു  ജനറൽ സെക്രട്ടറി എം ടി രമേശ‌് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ശബരിമലയെ സംഘർഷ ഭൂമിയാക്കാനോ സമര ഭൂമിയാക്കാനോ ബിജെപി തയ്യാറല്ല. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം കെ മോഹൻദാസ്, മണ്ഡലം പ്രസിഡണ്ടും എറണാകുളം ലോക് സഭ സ്ഥാനാർഥിയുമായിരുന്ന സി ജി രാജഗോപാൽ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. അയ്യപ്പ വിശ്വാസികളായ സ‌്ത്രീകളാരും മല ചവിട്ടില്ലെന്നു  എം ടി രമേശ‌് പറഞ്ഞു.

ശബരിമല വിഷയത്തിൽ വിശ്വാസം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും രക്തപ്പുഴ ഒഴുക്കുമെന്നുമുള്ള  ബിജെപി സംസ്ഥാന പ്രസിഡന്‍റ്  അഡ്വ. പി എസ് ശ്രീധരൻ പിള്ള ഇന്നലെ എറണാകുളത്തു ബിജെപി കോർ കമ്മിറ്റി യോഗം കഴിഞ്ഞപ്പോൾ നടത്തിയ വാർത്താസമ്മേളനത്തിലും വിവിധ പൊതുയോഗങ്ങളിലും പറഞ്ഞിരുന്നു. ശ്രീധരൻ പിള്ളയുടെ  വാർത്ത സമ്മേളനം ആരംഭിക്കുമ്പോൾ അതിൽ പങ്കെടുക്കാതെ പുറത്തേക്കു പോയ രമേശ് ഇന്ന് പ്രത്യേകം വാർത്താസമ്മേളനം വിളിക്കുകയായിരുന്നു.

ബി ജെ പിയിലെ അഭിപ്രായ വ്യത്യാസങ്ങൾ  ശബരിമല സമരത്തിലൂടെ പുറത്തേക്കു വരികയാണ്. രമേശിനൊപ്പം വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത രണ്ടു പേരും അദ്ദേഹത്തിന്റെ ഗ്രൂപ്പിൽ പെട്ടവരാണ്.

സുപ്രീം കോടതി വിധിയിൽ ബിജെപിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും എം ടി രമേശ‌് പറഞ്ഞു. സുബ്രഹ‌്മണ്യം സ്വാമിയും മേനക ഗാന്ധിയും വിധിയെ അനുകൂലിച്ച കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ അത‌് അവരുടെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു മറുപടി. ആർഎസ‌്എസിലും ഇക്കാര്യത്തിൽ രണ്ടഭിപ്രായയില്ല. ശബരിമല വിഷയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പാർടി ഘടകങ്ങളുടെ പിന്തുണയോടെ പ്രചാരണം ശക്തമാക്കും.

ഹിന്ദുത്വ വികാരമിളക്കിവിട്ട‌് കലാപമുണ്ടാക്കരുതെന്ന‌് വെള്ളാപ്പള്ളി നടേശന്റെ പരാമർശം ചൂണ്ടികാണിച്ചപ്പോൾ ഒരോ സംഘടനയ‌്ക്കും അവരുടെ നിലപാടുണ്ടെന്ന‌് രമേശ‌് പറഞ്ഞു.  വിധിയുടെ പ്രത്യാഘാതത്തെക്കുറിച്ച‌് സംസ്ഥാന സർക്കാർ തന്ത്രി മുഖ്യൻമാരുമായി ചർച്ച നടത്തി പരിഹരിക്കണമെന്നും എം ടി രമേശ‌് പറഞ്ഞു. എൻഡിഎ നേതൃത്വത്തിൽ ബുധനാഴ‌്ച പന്തളത്ത‌് നിന്നും ശബരിമല സംരക്ഷണ യാത്ര ആരംഭിക്കും. വിവിധ ജില്ലകളിലെ പര്യടനത്തിന‌് ശേഷം 15ന‌് സെക്രട്ടറിയറ്റ‌് മാർച്ചോടെ സമാപിക്കും.

ശബരിമല വിധി നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിലാണ‌് ശ്രീധരൻ പിള്ള രക്തപ്പുഴ ഒഴുക്കുമെന്നു പ്രഖ്യാപിച്ചത‌്. ശബരിമല പ്രക്ഷേ‌ാഭങ്ങൾക്ക‌് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കിയിരുന്നു. ബിജെപി കോർ കമ്മിറ്റി യോഗത്തിന‌് ശേഷവും ഇക്കാര്യം അദ്ദേഹം ആവർത്തിച്ചു. എ എൻ രാധാകൃഷ‌്ണൻ, ശോഭ സുരേന്ദ്രൻ, കെ സുരേന്ദ്രൻ എന്നിവർ ശ്രീധരൻ പിള്ളക്കൊപ്പം കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Related News