Monday
19 Nov 2018

ശബരിമലയില്‍ ബിജെപിയുടെ അജണ്ട കലാപം

By: Web Desk | Monday 5 November 2018 10:29 PM IST

കെ കെ ജയേഷ്

കോഴിക്കോട്: ശബരിമല വിഷയത്തില്‍ അക്രമത്തിന്റെ വഴി സ്വീകരിക്കില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ബിജെപി തന്നെയാണ് ശബരിമലയെ കലാപഭൂമിയാക്കാന്‍ നീക്കം നടത്തിയതെന്നതിനുള്ള തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ശബരിമലയില്‍ അക്രമം നടത്തുകയും അതിന്റെ ഉത്തരവാദിത്തം ഭക്തരുടെ തലയില്‍ കെട്ടിവയ്ക്കുകയും തുടര്‍ന്നുണ്ടാകുന്ന പൊലീസ് ഇടപെടലുകളെ നേരിട്ടുകൊണ്ട് നാട്ടില്‍ കലാപം അഴിച്ചുവിടാനുമായിരുന്നു ബിജെപിയുടെ നീക്കം. ശബരിമലയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷമെല്ലാം ബിജെപി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാക്കുന്നതാണ് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ നടന്ന യുവമോര്‍ച്ച സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള നടത്തിയ വെളിപ്പെടുത്തലുകള്‍.
ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി സമാധാനപൂര്‍ണ്ണമായ പ്രതിഷേധങ്ങള്‍ മാത്രമാണ് നടത്തിയതെന്ന നേതൃത്വത്തിന്റെ വാക്കുകള്‍ കളവായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പാര്‍ട്ടി പ്രസിഡന്റിന്റെ തന്നെ വാക്കുകള്‍. നമ്മള്‍ ഒരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയ്ക്ക് പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട് രംഗം കാലിയാക്കുമ്പോള്‍ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാര്‍ട്ടികളുമാണെന്ന് ശ്രീധരന്‍ പിള്ള പറയുന്നു. ശബരിമലയിലെ സമരം ബിജെപിയാണ് ആസൂത്രണം ചെയ്തത്. നമ്മുടെ ജനറല്‍ സെക്രട്ടറിമാര്‍ അത് വിജയകരമായി നടപ്പിലാക്കി. കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇത്. ബിജെപി വരയ്ക്കുന്ന വരയിലൂടെ കാര്യങ്ങള്‍ കൊണ്ടുപോകാമെന്നുമുള്ള ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം പൂര്‍ണ്ണമായി പുറത്തുവരുമ്പോഴാണ് വിഷയത്തില്‍ ബിജെപി നടത്തുന്ന നിഗൂഢ തന്ത്രങ്ങള്‍ പുറത്തുവരുന്നത്.

എല്ലാ അക്രമത്തിനും പിന്നില്‍ ബിജെപി തന്നെയാണെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തന്നെ തുറന്ന് സമ്മതിച്ചിരിക്കുകയാണ്. ബിജെപിയുടെ കെണിയില്‍ അകപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ തിരിഞ്ഞ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സ്വയം തിരിച്ചറിവിനുള്ള അവസരം കൂടിയാണ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലുകളിലൂടെ ലഭിച്ചിരിക്കുന്നത്. ഐ ജി ശ്രീജിത്ത് രണ്ട് സ്ത്രീകളുമായി ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് തടഞ്ഞതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ അതിനൊപ്പം പോയി സ്വയം തകര്‍ച്ചയുടെ കുഴികള്‍ തോണ്ടിയ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ പാഠമാവേണ്ടതുണ്ട്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാടിന് പിന്നിലും ബിജെപിയാണെന്ന് വ്യക്തമാക്കുന്നതാണ് ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. തുലാമാസ പൂജയ്ക്കിടെ നട അടച്ചിടാനുള്ള നീക്കം ബിജെപിയുമായി ആലോചിച്ചിട്ടാണെന്നുള്ള ശ്രീധരന്‍ പിള്ളയുടെ ഈ തുറന്ന് പറച്ചിലും വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ക്ഷേത്രം പൂട്ടിയിട്ടാല്‍ കോടതി വിധി ലംഘിച്ചു എന്ന് വരില്ലേ. അത് കോടതിയലക്ഷ്യം ആകില്ലേ എന്നെല്ലാമുള്ള ആശങ്കകള്‍ തന്ത്രിക്കുണ്ടായിരുന്നു. ഏറെ അസ്വസ്ഥനായാണ് തന്ത്രി വിളിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ തിരുമേനി ഒറ്റയ്ക്കല്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും പതിനായിരങ്ങളുടെ പിന്തുണ കൂടെയുണ്ടെന്നും താന്‍ പറഞ്ഞതായി പിള്ള പ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

പിള്ള പറഞ്ഞത് വാസ്തവമാണെങ്കില്‍ ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രീധരന്‍ പിള്ളയുമായി ഗൂഢാലോചന നടത്തുകയാണ് തന്ത്രി ചെയ്തിട്ടുള്ളത്. ഒരു ക്ഷേത്രത്തിലെ തന്ത്രി ഇത്തരമൊരു കാര്യത്തില്‍ ഒരു പാര്‍ട്ടി പ്രസിഡന്റിനെ വിളിച്ച് എങ്ങനെയാണ് വിശദീകരണം ചോദിക്കുക എന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്. ഇതേ സമയം ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍ തന്ത്രി നിഷേധിച്ചിട്ടുണ്ട്. ജനങ്ങളെ വര്‍ഗ്ഗീയമായി ചേരിതിരിക്കാനും കേരളത്തെ കലാപഭൂമിയാക്കി മാറ്റി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ബിജെപിയുടെ തന്ത്രങ്ങളാണ് സംസ്ഥാന പ്രസിഡന്റ് തന്നെ തുറന്ന് സമ്മതിച്ചിരിക്കുന്നത്.

പ്രസംഗം പുറത്തുവന്നതോടെ ശബരിമല വിഷയത്തില്‍ കപട നാടകങ്ങള്‍ നടത്തുന്ന ബി ജെ പി നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. അറിയാതെയെങ്കിലും ബിജെപി നേതാക്കളുടെ വാക്കുകള്‍ വിശ്വസിച്ചു പോയ ഭക്തരും ഇപ്പോള്‍ അവര്‍ക്കെതിരെ തിരിഞ്ഞു കഴിഞ്ഞു. ശബരിമലയുടെ സമരം വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ളതല്ല, കേരളത്തില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്നും കേരളം തിരിച്ചറിയുന്നു.
ആസൂത്രിതമായ അക്രമസംഭവങ്ങള്‍ക്കും അതുവഴി കലാപത്തിനുമാണ് ബിജെപി ഇതിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന് വ്യക്തമാകുന്നതോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് തന്നെയായിരുന്നു ശരിയെന്ന് എല്ലാ വിഭാഗം ആളുകളും തിരിച്ചറിയുന്നു.

ക്രമസമാധാനം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഉചിതമെന്ന് തോന്നുന്ന ഏതു നടപടിയും സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

നിലയ്ക്കലില്‍ പ്രതിഷേധത്തിനിടെ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിയായ ഗോവിന്ദ് മധുസൂദനന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതിയുടെ പരാമര്‍ശം. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കേണ്ടത്. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കോ തീര്‍ത്ഥാടകര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
ശബരിമലയില്‍ മാധ്യമങ്ങളെ തടഞ്ഞോയെന്ന് കോടതി ആരാഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. തീര്‍ത്ഥാടകരെയോ മാധ്യമപ്രവര്‍ത്തകരെയോ വിലക്കില്ലെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

പൊതുസമൂഹത്തോടും കോടതിയോടുമുള്ള വെല്ലുവിളി: ദേവസ്വം മന്ത്രി

തിരുവനന്തപുരം: കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ശബരിമലയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന കേരളത്തിന്റെ പൊതുസമൂഹത്തോടും സുപ്രിംകോടതിയോടുമുള്ള തുറന്ന വെല്ലുവിളിയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ബിജെപി മുന്നോട്ടുവച്ച അജണ്ടയില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞു എന്നാണ് ശ്രീധരന്‍ പിള്ളയുടെ വാദം. ഈ അജണ്ടകള്‍ എന്തൊക്കെയായിരുന്നു എന്ന് മലയാളി സമൂഹം ചിന്തിക്കേണ്ടതുണ്ട്. നിലയ്ക്കലും പമ്പയും ഉള്‍പ്പെടെയുള്ള പുണ്യ ഭൂമി കലാപ ഭൂമിയാക്കിയതും ജനവികാരം എതിരാകുന്നു എന്ന് കണ്ടപ്പോള്‍ ആക്ടിവിസ്റ്റുകളെ എത്തിച്ചതും നടപ്പന്തല്‍ വരെ അവര്‍ക്കെതിരെ യാതൊരു വിധ പ്രതിഷേധവും കൂടാതെ വഴിയൊരുക്കിയതും ബിജെപി അജണ്ട ആയിരുന്നില്ലേ എന്ന് ചിന്തിക്കേണ്ടതുണ്ട്.
മതേതര കേരളത്തെ ഇവര്‍ മതത്തിന്റെ പേരില്‍ കലാപ ഭൂമിയാക്കാനുള്ള ശ്രമമാണ് നടത്തിയത്. കലാപ ശ്രമത്തിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളെ നിയമത്തിന് മുന്നില്‍ എത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.