Tuesday
16 Oct 2018

കുരുമുളകിന് ഡിജിറ്റല്‍ മാര്‍ക്കറ്റ്: കര്‍ഷകര്‍ക്ക് അവസരമൊരുക്കി നബാര്‍ഡ്

By: Web Desk | Tuesday 9 January 2018 4:26 PM IST

കല്‍പറ്റ: കുരുമുളകിന് നല്ല വിലയും വിപണിയും ഒരുക്കുന്നതിന് കര്‍ഷകരെ സഹായിക്കാന്‍ നബാര്‍ഡ് ശ്രമം തുടങ്ങി. ഇതിന്റെ ആദ്യപടിയായി കര്‍ഷകനും വിപണിയും എന്ന വിഷയത്തില്‍ എന്‍സിഡിഎക്‌സുമായി ചേര്‍ന്ന് കല്‍പറ്റയില്‍ ശില്‍പശാല നടത്തി. വ്യാപാരം ഇലക്ട്രോണിക് ആയതിനാല്‍ കര്‍ഷകര്‍ക്ക് പരിശീലനം ആവശ്യമാണ്. നബാര്‍ഡിന് കീഴില്‍ രൂപീകരിച്ച 13 ഉല്‍പാദക കമ്പനികള്‍ വഴിയായിരിക്കും ആദ്യഘട്ടത്തില്‍ രജിസ്‌ട്രേഷനും വിപണനവും.

മൊത്ത കച്ചവടത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിനാണ് ഉല്‍പാദക കമ്പനികള്‍ നേതൃത്വം വഹിക്കുന്നത്. കുരുമുളകിന്റെ ഗുണനിലവാരം, വിപണി സാധ്യതകള്‍, വില തുടങ്ങിയവയില്‍ കര്‍ഷകന് സഹായകരമായ തരത്തില്‍ ഇടപെടല്‍ നടത്തുന്നതിന് ഉല്‍പാദക കമ്പനികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. എല്ലാം ഇലക്ട്രാണിക് രീതിയില്‍ ആയതിനാല്‍ കച്ചവടത്തില്‍ വിശ്വാസ്യതയും സൂഷ്മതയും ഉണ്ടായിരിക്കും എന്നതാണ് ഇ വിപണിയുടെ പ്രത്യേകത. വിയറ്റ്‌നാം ഉള്‍പ്പെടെ ഉള്ള ലോകരാജ്യങ്ങളില്‍ കുരുമുളക് ഉല്‍പാദനം വര്‍ധിച്ചു വരുന്നുണ്ട്. ലോക വിപണിയില്‍ ഇപ്പോഴും മലബാര്‍ കുരുമുളകിന് നല്ല ഡിമാന്‍ഡുണ്ട്. കൂടാതെ ആഭ്യന്തര ഉപഭോഗം കൂടി വരുന്നതിനാല്‍ ഇനിയും ആവശ്യം വര്‍ധിക്കാനാണ് സാധ്യതയെന്ന് എന്‍സിഡിഎക്‌സ് സീനിയര്‍ മാനേജര്‍ ബേബി ചെറുമുള പറഞ്ഞു.ലോകത്ത് പ്രതിദിനം ആയിരം ടണ്‍ കുരുമുളക് ഉപഭോഗമുണ്ട്. ഈ സാഹചര്യത്തില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ തയാറാകണം. ചെറുകിട വ്യാപാര മേഖലയില്‍ കര്‍ഷകന് സ്വാധീനം ഉണ്ടാകുന്ന തരത്തില്‍ അവരെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് നബാര്‍ഡ് എജിഎം എന്‍.എസ്. സജികുമാര്‍ പറഞ്ഞു.ഗുണനിലവാരമുള്ള കുരുമുളകിന് പരമാവധി ഉയര്‍ന്ന വില ലഭ്യമാക്കുന്നതിന് ഉല്‍പാദക കമ്പനികളുമായി ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.