Monday
15 Oct 2018

തച്ചു തകര്‍ക്കപ്പെടുന്ന ജനാധിപത്യത്തിന്റെ നാലാം കാല്‍

By: Web Desk | Thursday 3 May 2018 1:00 AM IST

ഹരി കുറിശ്ശേരി

(ഇത് മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചതാണ്. മേയ് മൂന്ന് ലോക പത്രസ്വാതന്ത്ര്യദിനം പ്രമാണിച്ച് പുന പ്രസിദ്ധീകരിക്കുന്നു).

ഏതാണ്ട് എല്ലാ കേസുകളിലും വധോപകരണങ്ങള്‍ മാത്രമാണ് പിടിയിലായത്. അതായത് എറിയപ്പെട്ട കല്ലുകള്‍ മാത്രം,എറിഞ്ഞവര്‍ സുരക്ഷിതമായ അകലത്തില്‍ തുടരുന്നു. ചിലതില്‍ അതുപോലുമുണ്ടായിട്ടില്ല. അതായത് പ്രത്യേകിച്ച് യുദ്ധമോ കലാപമോ ഇല്ലാത്ത കാലത്തും ജനാധിപത്യഇന്ത്യയില്‍ നീതിക്കുവേണ്ടിവാദിക്കുന്നവരുടെ പ്രതീകമായ മാധ്യമപ്രവര്‍ത്തകര്‍ ഇല്ലാതാക്കപ്പെടുകയാണ്. ജനാധിപത്യത്തെപ്പറ്റിയും മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റിയും വാതോരാതെ വര്‍ത്തമാനം പറയുന്ന ഭരണകൂടം നിസംഗതനടിക്കുമ്പോള്‍ തങ്ങള്‍ വെറും ചാവേറുകളല്ലെന്നെങ്കിലും ബോധ്യപ്പെടുത്താന്‍ മാധ്യമലോകത്തിനു ബാധ്യതയുണ്ട്

ശക്തമായ ജനാധിപത്യരാജ്യമെന്ന വിളിപ്പേര്, ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നുവെന്ന് മേനിനടിക്കുന്ന നേതാവിന്റെ ഭരണം. കൃത്യവും ഫലപ്രദവുമായ നീതിന്യായവ്യവസ്ഥയെന്ന ഖ്യാതി. പക്ഷേ ജനാധിപത്യത്തിന്റെ നാലാം കാല്‍ തല്ലിയൊടിക്കപ്പെടുന്നതില്‍ ഇന്ത്യമുന്നിലാണ്. ഒരു പക്ഷേ കാടന്‍വ്യവസ്ഥിതി നിലനില്‍ക്കുന്ന ജനാധിപത്യം അന്യമായ ചില രാജ്യങ്ങളെക്കാള്‍ ഇക്കാര്യത്തില്‍ എത്രയോ മുന്നിലാണ് ഇന്ത്യ. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീതിയോടെമാത്രം ജോലിചെയ്യാന്‍ കഴിയുന്ന മെക്‌സിക്കോ, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, യെമന്‍, സോമാലിയ എന്നിവയ്ക്കു പിന്നാലെയാണ് ഇന്ത്യയുടെ പോക്ക്. ചങ്ങലയഴിച്ചുവിട്ട ഹിന്ദുത്വവാദം ആ ഭീതിയുടെ റേറ്റിങ് വല്ലാതെ വര്‍ദ്ധിപ്പിക്കുന്നത് നാം സമീപകാലത്ത് കണ്ടതാണ്.

മാധ്യമങ്ങളുടെ വാമൂടിക്കെട്ടാനുള്ള ഏറ്റവും ലളിതമായ സംവിധാനം മാധ്യമപ്രവര്‍ത്തകനെ നിശബ്ദനാക്കുക എന്നതാണ്. പെയ്ഡ് ന്യൂസിന്റെ കാലത്ത് വാര്‍ത്താലേഖകന് പത്രമുതലാളി ആശ്രയം നല്‍കുന്നില്ലെന്നതും ശ്രദ്ധിക്കണം. ഒരു മാധ്യമ പ്രവര്‍ത്തകന്റെ മരണം ഒരു വലിയ യന്ത്രത്തിന്റെ ഒരു ചെറുഘടകത്തിന്റെ ഇല്ലാതാകല്‍ മാത്രമാണ് അവര്‍ക്ക്. ആ ഘടകം മാറ്റിസ്ഥാപിച്ച് യന്ത്രം പഴയതുപോലെ പ്രവര്‍ത്തനം തുടരും. ഒരു ലേഖകന്റെ നഷ്ടം മാധ്യമത്തിനല്ല സമൂഹത്തിനാണെന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടില്ല. നഷ്ടം കുടുംബത്തിനുമാത്രമായി കണക്കാക്കപ്പെടുകയാണ്. അത്തരമൊരു ആക്രമണം മറ്റ് നൂറു ചലിക്കുന്ന നാവുകള്‍ക്കുള്ള മുന്നറിയിപ്പാകുന്നതും ശ്രദ്ധിക്കണം. അത് വ്യവസ്ഥിതിയിലെ നന്മയുടെ ശക്തികുറയ്ക്കുകയാണ്.

ജനാധിപത്യം അനുദിനം വളരുന്നുവെന്നും പൂത്തുലയുന്നുവെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന നാട്ടിലാണ് വ്യവസ്ഥിതികളുടെ നിലനില്‍പ്പിനുവേണ്ടി പോരാടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവരുന്നത്. പരിമിതമായ സാഹചര്യങ്ങളില്‍ പണി എടുക്കുന്ന മാധ്യമപ്രവര്‍ത്തകന് ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനിലെ വീട്ടുപിന്നാമ്പുറത്ത് ചുട്ടുകൊല്ലപ്പെട്ട അഫ്രസൂലിന്റെ അത്രപോലും സുരക്ഷിതത്വം അവകാശപ്പെടാനില്ല. അജ്ഞാതരായ ആരൊക്കെയോ ഉന്നം നോക്കി നടക്കുന്നതറിയാതെ തനിക്കുചുറ്റും ശക്തിയുടെ ഒരു അലാതവലയമുണ്ടെന്ന് വിശ്വസിച്ച് അപകടകരമായ സമൂഹത്തില്‍ പണിയെടുക്കുകയാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍. പീരങ്കിയുടെയും മിസൈലിന്റെയും ഇടയില്‍ പണിയെടുക്കുന്ന മധ്യേഷ്യന്‍ മാധ്യമപ്രവര്‍ത്തകരെ അപേക്ഷിച്ച് തങ്ങള്‍ സുരക്ഷിതരാണെന്ന ആശ്വാസം മാത്രമാണ് അവര്‍ക്കുള്ളത്.

2017ലെ ലോക പത്രസ്വാതന്ത്ര്യപട്ടികയില്‍ 180ല്‍ 136 ാം സ്ഥാനത്താണ് ജനാധിപത്യ ഇന്ത്യ. ജനാധിപത്യം തീരെപോരെന്ന് നമുക്ക് അഭിപ്രായമുള്ള അയല്‍വാസികളുടെ റാങ്ക് കൂടി ശ്രദ്ധിക്കാം പാകിസ്ഥാന്‍(139),ശ്രീലങ്ക(141),ബംഗളാദേശ്(146),അഫ്ഗാനി്സ്ഥാന്‍(120)മ്യാന്‍മാര്‍(131). എന്നിങ്ങനെയുണ്ട്. ഭൂട്ടാന്‍(84),നേപ്പാള്‍(100)മാലിദ്വീപ്(117). റാങ്കില്‍ നോര്‍വേ ഒന്നാമത് നില്‍ക്കുമ്പോള്‍ ഉത്തരകൊറിയ ആണ് 180ാം റാങ്കിലാണുള്ളത്.
ഇന്ത്യയില്‍ ഝാര്‍ഘണ്ട്,ബിഹാര്‍,മധ്യപ്രദേശ്,ഉത്തര്‍പ്രദേശ്,ഹരിയാന എന്നിവ മാധ്യമപ്രവര്‍ത്തകരുടെ കൊലക്കളങ്ങളായി തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്ക് നിഷ്ഠുരമായ പീഡനങ്ങളുംകൊലകളും ഏറെയും നടക്കുന്നത് ഈ മേഖലയിലാണ്. ഈ മേഖലയിലെ കേസുകളില്‍ കുടുംബങ്ങള്‍ക്ക് നീതിലഭിച്ചവ തുലോം കുറവാണുതാനും. രാജ്യത്തിന്റെ വ്യവസ്ഥക്കായി പോരാടിയവരുടെ ആശ്രിതര്‍ കണ്ണീരോടെ ആള്‍ക്കൂട്ടത്തില്‍ ഇല്ലാതാവുകയാണ് ചെയ്തിട്ടുള്ളതെന്നതാണ് ലജ്ജാകരമായ കാര്യം.
വ്യവസ്ഥിതിയുടെ കരുത്തുകൂടുമ്പോള്‍മാത്രമാണ് മാധ്യമപ്രവര്‍ത്തകന്റെ അലാതവലയം ശക്തിയാവുക. ജനാധിപത്യം ഗുണ്ടാരാജിനു വഴിമാറുന്നതോടെ അലാതവലയം ഇല്ലാതാവുകയാണ്. ഭരണകൂടമാണ് മാധ്യമപ്രവര്‍ത്തകന്റെ കരുത്തുറ്റ അലാതവലയം നിലനിര്‍ത്തേണ്ടത്. ഭരണകൂടങ്ങളാല്‍തന്നെ നിത്യവും അവഹേളിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നവരായിമാറി മാധ്യമപ്രവര്‍ത്തകര്‍. സന്ദീപ് ശര്‍മ്മയുടെ മരണത്തോടെ ജനാധിപത്യഇന്ത്യയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ കൊലചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍15 ആയി. ആക്രമിക്കപ്പെട്ടവരുടെയും നിശബ്ദരാക്കപ്പെട്ടവരുടെയും എണ്ണം അതിലേറെയാണ്.

2015 ജൂണ്‍ എട്ടിനാണ് ജഗേന്ദ്ര സിങ് എന്ന മാധ്യമപ്രവര്‍ത്തകനെ ഷാജഹാന്‍പൂരിലെ വീടിനുമുന്നില്‍ കത്തിച്ചുകൊന്നത്. യുപി മന്ത്രി ഉള്‍പ്പെട്ട അനധികൃതഖനനം സംബന്ധിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതാണ് ഇദ്ദേഹത്തെ കൊലപ്പെടുത്താന്‍കാരണം. പൊലീസുകാരാണ് കൊലയ്ക്കുപിന്നിലെന്ന് വീട്ടുകാര്‍ ഉറപ്പു പറയുന്നു.
അതേ വര്‍ഷം ജൂണ്‍ 20ന് മധ്യപ്രദേശിലെ അനധികൃതഖനനം സംബന്ധിച്ച ഒരു കേസ് പിന്‍വലിക്കുന്നതിന് കൂട്ടാക്കാതിരുന്ന മധ്യപ്രദേശിലെ സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ സന്ദീപ്‌കോത്താരി(40)യെതട്ടിക്കൊണ്ടുപോയി കത്തിച്ചുകൊലപ്പെടുത്തി.
2015 ജൂലൈ നാലിന് ഡല്‍ഹിയിലെ ആജ്തക് ലേഖകന്‍ അക്ഷയ്‌സിങ് (38) മധ്യപ്രദേശിലെ ജാബുവയില്‍ പെട്ടെന്ന് രോഗബാധിതനാവുകയും മരിക്കുകയും ചെയ്തു. കോളിളക്കമുണ്ടാക്കിയ വ്യാപം കേസില്‍ പേരുവന്ന ഒരുകുട്ടിയുടെ ദുരൂഹമരണം സംബന്ധിച്ച് മാതാപിതാക്കളുടെ അഭിമുഖം എടുത്ത് മണിക്കൂറുകള്‍ക്കകമാണ് അക്ഷയ് രോഗബാധിതനായത്.
2015 ഓഗസ്റ്റ് പ്രാദേശിക ഹിന്ദി പത്രത്തിന്റെ ലേഖകന്‍ സഞ്ജയ്പാഥക്(42)ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കൊല്ലപ്പെട്ടു.

2015 ഒക്ടോബര്‍ മൂന്നിന് ന്യൂസ് 24 ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഹേമന്ദ് യാദവ്(45)ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ വെടിയേറ്റു മരിച്ചു. 2015ല്‍മാത്രം അഞ്ചുമരണമുണ്ടായിട്ടും പ്രത്യേകമായൊരു അന്വേഷണപ്രക്രിയയോ പത്രപ്രവര്‍ത്തകരുടെ സുരക്ഷക്ക് ഉതകുന്ന നിയമമോ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. 2016മേയ് 12ന് ഝാര്‍ഖണ്ഡിലെ ഹിന്ദിന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഇന്ദ്രദേവ് യാദവ് ചത്രജില്ലയില്‍ വെടിയേറ്റുമരിച്ചു.

2016 മേയ് 13ന് ഹിന്ദുസ്ഥാന്‍ ഹിന്ദിപത്രത്തിന്റെ ലേഖകന്‍ രാജ്‌ദേവ് രഞ്ജന്‍(45)ബിഹാറില്‍ സിവാന്‍ റയില്‍വേ സ്റ്റേഷന് സമീപം വെടിയേറ്റുമരിച്ചു. സിവാന്‍ ശക്തന്‍ മുഹമ്മദ് ഷഹാബുദ്ദീന് കൈയുണ്ടെന്ന സംശയം അങ്ങനെ നില്‍ക്കുന്നു.

2016നവംബര്‍ 12ന് പ്രമുഖ ഹിന്ദിപത്രം ദൈനിക് ഭാസ്‌കറിന്റെ ലേഖകന്‍ ധര്‍മ്മേന്ദ്രസിങ് (35) ബിഹാര്‍ റോത്തഹില്‍ വെടിയേറ്റുകൊല്ലപ്പെട്ടു. പ്രാദേശിക കല്ല് മാഫിയക്കെതിരെ നിരന്തരം എഴുതിയിരുന്നയാളാണ് ധര്‍മ്മേന്ദ്ര.

2017 ഓഗസ്റ്റ്23ന് ഗുജറാത്തി പത്രം ജയ്ഹിന്ദിന്റെ ബ്യൂറോചീഫ് കിഷോര്‍ദേവ് സൗരാഷ്ട്രയിലെ തന്റെ ഓഫീസില്‍ കുത്തേറ്റുമരിച്ചു. ഒരു ലോക്കല്‍ നേതാവാണ് പിന്നിലെന്നാണ് ആക്ഷേപം.
2017 സെപ്റ്റംബര്‍ അഞ്ചിന് കന്നട മാഗസിന്‍ ഗൗരിലങ്കേഷ് പത്രികയുടെ എഡിറ്റര്‍ ഗൗരിലങ്കേഷ്(55)ബാംഗഌരിലെ തന്റെ വീടിനുമുന്നില്‍ വെടിയേറ്റുമരിച്ചു.
2017 സെപ്റ്റംബര്‍ 20ന് ടിവി റിപ്പോര്‍ട്ടര്‍ ശന്തനു ഭൗമിക്(27)ത്രിപുരയിലെ മാന്‍ഡ്വയില്‍ ഒരു റോഡ് ബ്‌ളോക്ക് സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടു.
2017 നവംബര്‍ 21ന് ബംഗാളി പത്രം ശ്യന്ദന്‍പത്രികയുടെ ലേഖകന്‍ സുദീപ് ദത്ത ഭൗമിക്(49)ത്രിപുരയില്‍ ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് ജവാന്റെ വെടിയേറ്റ് മരിച്ചു.
2018 മാര്‍ച്ച് 26ന് മൂന്നു മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ബിഹാറില്‍ ദൈനിക് ഭാസ്‌കറിലെ റിപ്പോര്‍ട്ടര്‍മാരായ നവീന്‍ നിശ്ചലും വിജയ്‌സിങും ഭോജ്പൂരില്‍ ഒരു പ്രാദേശിക നേതാവും മകനും ഓടിച്ച കാര്‍ ഇടിച്ചാണ് മരിച്ചത്. നിരവധിക്രിമിനല്‍കേസുകളില്‍ പ്രതിയായ മുഹമ്മദ് ഹര്‍സുവാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ ഒളിവിലാണ്.
മണല്‍മാഫിയയും പൊലീസും തമ്മിലുള്ള ബന്ധങ്ങള്‍ക്കെതിരെ എഴുതിയ സന്ദീപ് ശര്‍മ്മയെ ഒരു ലോറിയുടെ ചക്രങ്ങള്‍ ഇല്ലാതാക്കിയതോടെ 15 ാമത്തെ പത്രപ്രവര്‍ത്തകനാണ് രണ്ടുവര്‍ഷങ്ങള്‍ക്കിടെ ഇല്ലാതായത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലജ്ജിക്കട്ടെ. ഇതില്‍ ഗൗരിലങ്കേഷിന്റെ വധം മാത്രമാണ് വ്യാപകമായി ചര്‍ച്ചയായത്.

ഇക്കഴിഞ്ഞ ഗാന്ധിജയന്തിദിനം മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വവും നീതിയും ഉറപ്പാക്കണണെന്നാവശ്യപ്പെട്ട് മാധ്യമക്കൂട്ടായ്മകളും വിവിധ സാമൂഹിക സംഘടനകളും ഇന്ത്യയൊട്ടാകെ ശബ്ദമുയര്‍ത്തിയിരുന്നു. മൂന്നു പത്രപ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ അന്തരീക്ഷത്തില്‍ വീണ്ടും പ്രതിഷേധവും ഒച്ചപ്പാടും ഉയരുന്നുണ്ട്. ഏറ്റവും ശക്തമായ ജനാധിപത്യത്തിന് അര്‍ത്ഥമുണ്ടെങ്കില്‍ ഈ അനിശ്ചിതത്വത്തിനും ആശങ്കക്കും മറുപടികാണേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്.

Related News