Monday
20 Aug 2018

കാഴ്ചശക്തി നഷ്ടപ്പെട്ട യുവാവിന് ശസ്ത്രക്രിയയിലൂടെ കാഴ്ച തിരികെ ലഭിച്ചു

By: Web Desk | Tuesday 12 June 2018 12:05 PM IST

കൊച്ചി: റോഡപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കാഴ്ച ശക്തി നഷ്ടപ്പെട്ട യുവാവിന് ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുക്കാനായി. പാലാരിവട്ടം അഞ്ചുമന പടിപ്പുരയ്ക്കല്‍ എസ് അഖിലി (25) നാണ് എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ഇഎന്‍ടി സര്‍ജന്മാരായ ഡോ. വിനോദ് ഫെലിക്‌സ്, ഡോ. അഞ്ജന ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെ കാഴ്ച തിരികെ ലഭിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 25 ന് രാത്രി 9.30 ന് കാക്കനാടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഖിലിന് എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചു. തലയോട്ടിയില്‍ പൊട്ടലും മസ്തിഷ്‌ക രക്തസ്രാവവുമുണ്ടായ അഖിലിനെ ന്യൂറോ സര്‍ജന്‍ ഡോ. ടി കെ ജയരാജന്‍റെ നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി രക്തസ്രാവം പരിഹരിച്ചു. എന്നാല്‍ അപകടത്തില്‍ മസ്തിഷ്‌കത്തിലെ ഞരമ്പുകള്‍ക്ക് ഏറ്റ ക്ഷതം മൂലം ഇടതുകണ്ണിന്‍റെ കാഴ്ച നഷ്ടമായി. നേത്രരോഗ വിദഗ്ദ്ധരുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ കഴിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് അഖില്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്നുണ്ടായ മൂക്കൊലിപ്പ് തടയുന്നതിന് രണ്ട് മാസത്തിനുശേഷം നടത്തിയ എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയ്‌ക്കൊപ്പം ഞരമ്പുകളുടെ തകരാറും പരിഹരിക്കാന്‍ കഴിഞ്ഞതാണ് കാഴ്ചശക്തി തിരികെ ലഭിക്കുവാന്‍ കാരണമായതെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ടി വി രവി പറഞ്ഞു. അത്യപൂര്‍വ്വമായി മാത്രമാണ് ഇത്തരം കേസുകളില്‍ കാഴ്ചശക്തി തിരികെ ലഭിച്ചിട്ടുള്ളതെന്ന് ഇഎന്‍ടി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

Related News