Sunday
17 Dec 2017

കാഴ്ച്ച പരിമിതിയുള്ളവരുടെ ദക്ഷിണ മേഖലാ ക്രിക്കറ്റ്: കര്‍ണാടകയ്ക്ക് വിജയം

By: Web Desk | Friday 13 October 2017 7:17 PM IST

കേരള- കര്‍ണാടക മത്സരം ശനിയാഴ്ച്ച

കോഴിക്കോട്: കാഴ്ച്ച പരിമിതിയുള്ളവരുടെ ദക്ഷിണ മേഖലാ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെള്ളിയാഴ്ച്ച നടന്ന എ ഗ്രൂപ്പ് മത്സരം മഴകാരണം ഉപേക്ഷിച്ചു. ബി ഗ്രൂപ്പില്‍ കര്‍ണാടക വിജയിച്ചു. തലശ്ശേരി കോണാര്‍വയല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കര്‍ണാടക തെലങ്കാനയെ 362 റണ്‍സിന് തോല്‍പ്പിച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക 40 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 508 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തെലങ്കാന 39.2 ഓവറില്‍ 146 റണ്‍സിന് എല്ലാവരും പുറത്തായി. 288 റണ്‍സും 1 വിക്കറ്റുമെടുത്ത കര്‍ണാടക ക്യാപ്റ്റന്‍ പ്രകാശ് ജയരാമയ്യയാണ് മാന്‍ ഓഫ് ദി മാച്ച്. കര്‍ണാടകയ്ക്ക് വേണ്ടി ഹേമന്ദ് 95 റണ്‍സെടുത്തു.

കോഴിക്കോട് എന്‍.ഐ.ടിയില്‍ നടന്ന എ ഗ്രൂപ്പ് മത്സരം മഴകാരണം ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്ത് കളി ഉപേക്ഷിച്ചു. ടോസ് നേടിയ പോണ്ടിച്ചേരി ബൗളിങ്ങ് തിരിഞ്ഞെടുക്കുകയായിരുന്നു. ബാറ്റങ്ങിനിറങ്ങിയ തമിഴ്‌നാട് 30 ഓവറില്‍ 296 റണ്‍സെടുത്തു. മഴകാരണം തടസപ്പെട്ട മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പോണ്ടിച്ചേരിക്ക് 1 ഒവറില്‍ റണ്‍സൊന്നുമെടുക്കാതെ 2 വിക്കറ്റ് നഷ്ടമായി.
ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്റ് ഇന്‍ ഇന്ത്യയും ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്റ് ഇന്‍ കേരളയും ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 15 വരെ കോഴിക്കോട് എന്‍.ഐ.ടി ക്രിക്കറ്റ് ഗ്രൗണ്ടിലും തലശ്ശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലുമാണ് മത്സരങ്ങള്‍. രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകള്‍ മത്സരിക്കുന്നത്. ശനിയാഴ്ച്ച രാവിലെ 8 മണിക്ക് തലശ്ശേരിയില്‍ നടക്കുന്ന മത്സരത്തില്‍ കേരളം കര്‍ണാടകയെ നേരിടും. കോഴിക്കോട് എന്‍.ഐ.ടി ഗ്രൗണ്ടില്‍ രാവിലെ 8 മണിക്ക് നടക്കുന്ന മത്സരത്തില്‍ ആന്ധ്രാപ്രദേശ് തമിഴ്‌നാടിനെയും നേരിടും.
ബി ഗ്രൂപ്പില്‍ കേരളത്തെ കൂടാതെ കര്‍ണാടക തെലങ്കാന സംസ്ഥാനങ്ങളാണുള്ളത്. എ ഗ്രൂപ്പില്‍ ആന്ധ്രയും തമിഴ്‌നാടും പോണ്ടിച്ചേരിയും മത്സരിക്കും. 15 ന് തലശ്ശേരിയിലാണ് ഫൈനല്‍.