Monday
16 Jul 2018

നാളെ ലോക കാഴ്ച ദിനം: കിലുങ്ങും ബോളില്‍ നിന്ന് സുവര്‍ണ ചരിത്രമെഴുതിയ ഹെന്റിയെ അറിയാം

By: Web Desk | Wednesday 11 October 2017 8:01 PM IST

രജനീഷ് ഹെന്ററി ക്രിക്കറ്റ് ഫീല്‍ഡിന്റെ ഡെമോ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു

കെ കെ ജയേഷ്

കോഴിക്കോട്: ആറുവയസ്സുവരെ രജനീഷ് ഹെന്റിയ്ക്ക് കാഴ്ചയുണ്ടായിരുന്നു. ക്രിക്കറ്റിനോട് വലിയ താത്പര്യമുള്ള ഹെന്റി മൈതാനങ്ങളില്‍ കളി കാണാന്‍ പോയി. ടി വിയില്‍ ക്രിക്കറ്റ് നടക്കുമ്പോള്‍ ആവേശത്തോടെ കൂട്ടുകാര്‍ക്കൊപ്പം കളികണ്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവന്റെ കാഴ്ച നഷ്ടപ്പെട്ടു. അതോടെ ഹെന്റിയ്ക്ക് വെളിച്ചത്തിന്റെ ലോകം നഷ്ടമായി. മുമ്പില്‍ ഇരുട്ടുമൂടിയത് മാത്രമല്ല പ്രിയപ്പെട്ട ക്രിക്കറ്റ് ഇനി കളിക്കാനോ കാണാനോ കഴിയില്ലെന്ന യാഥാര്‍ഥ്യം ആ കൊച്ചുകുട്ടിയെ തളര്‍ത്തി. എന്നാല്‍ ഏറെനാള്‍ കഴിഞ്ഞില്ല. കാഴ്ചയില്ലാതെ തന്നെ കാഴ്ചയുടെ പുതിയ ആകാശങ്ങള്‍ അവന്‍ സ്വന്തമാക്കി. അതോടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ പ്രിയപ്പെട്ട ക്രിക്കറ്റും അവനടുത്തേക്ക് തിരിച്ചെത്തി.
സ്വന്തം ഇച്ഛാശക്തി കൊണ്ട് അന്ധതയെ തോല്‍പ്പിച്ച കോഴിക്കോട് സ്വദേശിയായ രജനീഷ് ഹെന്റി അറിയപ്പെടുന്ന ബ്ലൈന്‍ഡ് ക്രിക്കറ്റ് കളിക്കാരനാണിന്ന്. മാത്രമല്ല അന്ധരായവര്‍ക്ക് വേണ്ടിയുള്ള ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്റ് ഇന്‍ കേരളയുടെ ജനറല്‍ സെക്രട്ടറിയും ദേശീയതലത്തിലുള്ള ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്റ് ഇന്‍ ഇന്ത്യയുടെ പ്രധാന ഭാരവാഹികളിലൊരാളുമാണ് ഇദ്ദേഹമിന്ന്. കോഴിക്കോട് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കൂടിയാണ് ഹെന്റി. കോഴിക്കോട് ക്രിസ്ത്യന്‍ കോളെജിനടുത്ത് മാങ്കുഴി വീട്ടിലാണ് ഹെന്റിയുടെ ജനനം. അച്ഛന്‍ നേരത്തെ മരിച്ച ഹെന്റി അമ്മ സാറാമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. അപ്രതീക്ഷിതമായി അന്ധത പിടിമുറുക്കിയപ്പോള്‍ ഏറെ തളര്‍ന്നുപോയെന്ന് അദ്ദഹം പറയുന്നു.
കാഴ്ചയില്ലാത്തവര്‍ക്ക് എങ്ങിനെ ക്രിക്കറ്റ് കളിക്കാമെന്ന ചിന്തയായിരുന്നു പിന്നീട്. കാഴ്ചയില്ലാത്തപ്പോഴും സാധാരണ ബോളുകള്‍ ഉപയോഗിച്ച് തന്നെ കളിച്ചു. പിന്നീടാണ് കാഴ്ചയില്ലാത്തവര്‍ക്ക് കളിക്കാന്‍ പ്രത്യേക ബോളുകള്‍ ഉണ്ടെന്ന് മനസ്സിലാക്കുന്നത്. ബോള്‍ എവിടെയന്ന് മനസ്സിലാക്കുന്നതിനായി കിലുക്കമുള്ള ഫൈബര്‍ ബോളുകളാണ് ബ്ലൈന്‍ഡ് ക്രിക്കറ്റിന് ഉപയോഗിക്കുന്നത്. ശബ്ദത്തിലൂടെ ഗതി മനസ്സിലാക്കി ഹെന്റി ബോളുകള്‍ അടിച്ചു. തന്നെപ്പോലെ കാഴ്ചയില്ലാത്ത നിരവധി പേരെ വിളിച്ചു ചേര്‍ത്ത് ഹെന്റി അങ്ങനെ അന്ധര്‍ക്കായുള്ള ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി. ബാറ്റ്‌സ്മാന്‍ ബോള്‍ അടിക്കുന്നതും ഫീല്‍ഡര്‍ ബോള്‍ അടുത്തേക്ക് എത്തുന്നതും അറിയുന്നത് ബോളിന്റെ കിലുക്കം കേട്ടുകൊണ്ട്. അങ്ങനെ കിലുങ്ങുന്ന ആ പന്ത് ഹെന്റിയെ കേരള ടീമിലേക്കും ഇന്ത്യന്‍ എ ടീമിലേക്കും വരെ എത്തിച്ചു.
തന്നെപ്പോലെ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന കാഴ്ചയില്ലാത്തവരെ ഈ രംഗത്തേക്ക് കൊണ്ടുവരാനായി അദ്ദേഹത്തിന്റെ പിന്നീടുള്ള പരിശ്രമം. 90 മുതല്‍ കേരളത്തില്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് പ്രചാരത്തിലുണ്ട്. നേരത്തെ മറ്റൊരു സംഘടനയായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. സ്‌പോണ്‍സര്‍മാരെ കിട്ടാതെയും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതെയും കളി മുടന്തി നീങ്ങുന്ന കാലം. 2012 ല്‍ കളിക്കാരായ ആളുകള്‍ ചേര്‍ന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള എന്ന സംഘടന രൂപീകരിച്ചു. അന്ധതയെ ശപിച്ച് കഴിയുന്ന യുവാക്കളെ ക്രിക്കറ്റിന്റെ ലോകത്തിലേക്ക് വഴി നടത്താനുള്ള ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് ഹെന്റി ഇപ്പോള്‍. തനിക്ക് ഏറെ പ്രിയപ്പെട്ട കളിയെ കളിക്കാതെ മാറ്റിവെച്ച് മറ്റുള്ളവരെ ആ കളിയുടെ ലോകത്തേക്ക് എത്തിക്കാനുള്ള കഠിന പരിശ്രമം.
പൂര്‍ണ്ണമായും കാഴ്ചയില്ലാത്തവരും ഭാഗികമായി കാഴ്ചയില്ലാത്തവരും ബ്ലൈന്‍ഡ് ക്രിക്കറ്റിന്റെ കളിക്കളത്തിലുണ്ടാവും. ഫീല്‍ഡില്‍ ഇവരെ തിരിച്ചറിയാനായി കൈകളില്‍ പ്രത്യേക ആം ബാന്‍ഡുമുണ്ടാകും. ഒരു ടീമില്‍ ഇവര്‍ എത്രപേര്‍ വേണമെന്ന് നിബന്ധനയുണ്ട്. ഇവര്‍ നേടുന്ന റണ്ണുകള്‍ കണക്കുകൂട്ടുന്നതിനും വ്യത്യാസമുണ്ട്. തീരെ കാഴ്ചയില്ലാത്തവര്‍ ഒരു റണ്‍ നേടിയാണ് അത് രണ്ട് റണ്ണായാണ് കണക്കാക്കുക. ഇവര്‍ അമ്പത് റണ്‍സ് നേടിയാല്‍ സെഞ്ച്വറിയാകും. പരിക്കേറ്റു മത്സരത്തില്‍ നിന്ന് ഒരാള്‍ക്ക് മാറേണ്ടിവരികയാണെങ്കില്‍ പകരം അതേ വിഭാഗത്തില്‍ പെട്ട കളിക്കാരനെ മാത്രമെ കളിക്കാന്‍ അനുവദിക്കുകയുള്ളു. ബ്ലൈന്‍ഡ് ക്രിക്കറ്റില്‍ ഏകദിന മത്സരങ്ങളും ട്വന്റി 20 മത്സരങ്ങളുമുണ്ട്. ഇരുവിഭാഗത്തിലും ഇന്ത്യയാണ് നിലവിലെ ലോക ജേതാക്കള്‍. എന്നിരുന്നാലും കളിയ്ക്ക് വേണ്ട പ്രോത്സാഹനം ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നില്ലെന്ന പരാതിയാണ് ഹെന്റിയ്ക്കുള്ളത്. സംഘടനയില്‍ രജിസ്റ്റര്‍ ചെയ്ത പത്തോളം ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമുകള്‍ കേരളത്തിലുണ്ട്. ഇരുന്നൂറോളം ബ്ലൈന്‍ഡ് കളിക്കാര്‍ കേരളത്തില്‍ സജീവമായി ക്രിക്കറ്റ് കളിക്കുന്നുണ്ട്.
അന്ധരായ കുട്ടികളെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള പരിശീലനം നല്‍കുന്നുണ്ട്. സ്വന്തമായി ഗ്രൗണ്ട് ഇല്ലാത്തതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഗ്രൗണ്ടുകള്‍ ലഭിക്കുന്നതിന് അനുസരിച്ചാണ് പരിശീലനം നല്‍കുന്നത്.ചെറുപ്പത്തില്‍ തന്നെ പരിശീലനം നല്‍കിയാല്‍ കഴിവുറ്റ കളിക്കാരെ വളര്‍ത്തിക്കൊണ്ട് വരാന്‍ സാധിക്കുമെന്ന് ഹെന്റി പറയുന്നു.
കോഴിക്കോട്ട് ആരംഭിച്ച കാഴ്ച പരിമിതിയുള്ളവരുടെ ദക്ഷിണ മേഖലാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ തിരക്കുകളിലാണ് ഹെന്റി. ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന മുഹമ്മദ് ഫര്‍ഹാനാണ് കേരള ടീമിനെ നയിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ദുബൈയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്റെ പ്രതീക്ഷകളിലാണ് ഹെന്റി. ഇത്തവണയും മികച്ചൊരു ജയം രാജ്യത്തിന് അദ്ദേഹം പ്രതീക്ഷിക്കുന്നു. വിജയങ്ങളുടെ തിളക്കം മാത്രമല്ല കണ്ണില്‍ ഇരുട്ട് പടരുമ്പോള്‍ ജീവിതം തന്നെ തകര്‍ന്നുപോയെന്ന് കരുതി വിലപിച്ച നിരവധി പേരെ ക്രിക്കറ്റിലൂടെ വെളിച്ചത്തിന്റെ വഴിയിലേക്ക് നടത്തിയതിന്റെ സന്തോഷവും ആ മുഖത്തുണ്ട്.