Wednesday
22 Nov 2017

കാലാവധി കഴിഞ്ഞ രക്തം: പട്‌നയില്‍ നാല് മരണം

By: Web Desk | Friday 8 September 2017 10:24 PM IST

പട്‌ന: ബിഹാറില്‍ കാലാവധി കഴിഞ്ഞ രക്തം നല്‍കിയതിനെത്തുടര്‍ന്ന് ഒരാഴ്ചയ്ക്കിടെ എട്ട്മരണം. പട്‌നയിലെ ദര്‍ഭങ്ക മെഡിക്കല്‍ കോളജിലാണ് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം എട്ട്‌പേര്‍ മരിച്ചത്.
ബ്ലഡ് ബാഗുകളിലെ കാലാവധി രേഖപ്പെടുത്തിയിരുന്ന ലേബല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് അധികൃതര്‍ നശിപ്പിച്ചതായി ജൂനിയര്‍ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
അതേസമയം ജൂനിയര്‍ ഡോക്ടര്‍മാരുടെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ തള്ളി. സംഭവത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമായതിനെത്തുടര്‍ന്ന് ഇതിനെ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ആശുപത്രി അധികൃതര്‍ ആറംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ആശുപത്രിയിലെ എല്ലാ വിഭാഗത്തിലെയും മേധാവികളെ അന്വേഷണ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആശുപത്രി അധികൃതര്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ലേബല്‍ തിരുത്തിയതാണെന്നുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ വാദം ബ്ലഡ് ബാങ്ക് അധികൃതര്‍ തള്ളി. ബാങ്കില്‍ സൂക്ഷിച്ചിരുന്ന ബ്ലഡ് പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നും ബ്ലഡ് ബാങ്കിന്റെ വക്താക്കള്‍ വാദിക്കുന്നുണ്ട്.
നാടിനെ നടുക്കിയ സംഭവത്തില്‍ ആശുപത്രി അധികൃതരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡെ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
രക്തം മാറ്റിനല്‍കിയവര്‍ അല്‍പ്പ സമയങ്ങള്‍ക്ക് ശേഷം മരിച്ചതില്‍ ദുരൂഹത തോന്നിയതായി ജൂനിയര്‍ ഡോക്ടര്‍ സൂര്യപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. രോഗം മാറി വന്നവര്‍ പോലും രക്തം നല്‍കിയതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ തന്നെ രക്തം നല്‍കല്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു- ഡോക്ടര്‍ പറഞ്ഞു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ജൂനിയര്‍ ഡോക്ടര്‍ നീരജ് സിങ് പറഞ്ഞു. രോഗികളുടെ ബന്ധുക്കള്‍ ഭൂരിഭാഗവും ജൂനിയര്‍ ഡോക്ടര്‍മാരെ പഴിക്കുമെന്നും നീരജ് സിങ് അറിയിച്ചു. കാലാവധി രേഖപ്പെടുത്തിയിരുന്ന ലേബല്‍ നശിപ്പിക്കപ്പെട്ട അവസ്ഥയിലായിരുന്ന ഒരു ബാഗ് ഡോക്ടര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാട്ടി. ഇതിനു പുറത്ത് മാര്‍ച്ച് എന്നറിയിക്കുന്ന മൂന്ന് എന്ന അക്കവും രേഖപ്പെടുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.