Saturday
20 Jan 2018

ബ്ലൂ വെയ്‌ലിനെക്കുറിച്ച് ചാനലുകള്‍ ബോധവല്‍കരണം നടത്തണം

By: Web Desk | Friday 27 October 2017 10:14 PM IST

ന്യൂഡല്‍ഹി: ബ്ലൂ വെയ്‌ലിനെക്കുറിച്ച് ദൂരദര്‍ശനടക്കം എല്ലാ സ്വകാര്യ ചാനലുകളിലും ബോധവല്‍കരണം നടത്തണമെന്ന് സുപ്രിം കോടതി. രാജ്യം ഇന്നുനേരിടുന്ന വലിയ പ്രശ്‌നങ്ങളില്‍ ഒന്നായി തന്നെ ബ്ലൂ വെയ്‌ലിനെ കാണേണ്ടിയിരിക്കുന്നു. അതു കൊണ്ടുതന്നെ എല്ലാ ടെലിവിഷന്‍ ചാനലുകളും തങ്ങളുടെ പ്രൈം ടൈം പ്രോഗ്രാമുകള്‍ക്കിടയില്‍ ബ്ലൂവെയ്‌ലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണം നടത്തണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
ബ്ലൂ വെയ്‌ലിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മൂന്നാഴ്ച്ചക്കുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൂടാതെ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് , ഇന്‍സ്റ്റഗ്രാം, മൈക്രോസോഫ്റ്റ്, യാഹു തുടങ്ങിയവയുടെ അധികൃതരോട് ബ്ലൂ വെയ്‌ലുമായി ബന്ധപ്പെട്ടുള്ള എല്ലാ ലിങ്കുകളും ബ്‌ളോക്ക് ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ഒരു ഇന്റര്‍നെറ്റ് ഗെയിമാണ് ബ്ലൂ വെയില്‍ ചലഞ്ച്. 2013ല്‍ റഷ്യയിലാണ് ഈ ഗെയിമിന് തുടക്കം കുറിച്ചത്. മനഃശാസ്ത്ര പഠനത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഇരുപത്തിരണ്ടുകാരനാണ് ഈ ഗെയിമിന്റെ സ്രഷ്ടാവ്. ഈ കളി വളരെ വേഗം മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. ഗെയിം എന്നാണ് പേരെങ്കിലും ഇതൊരു ആപ്പോ, ഗെയിമോ വൈറസോ അല്ലെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ പ്ലേ സ്‌റ്റോറിലോ മറ്റ് ആപ് സ്‌റ്റോറുകളിലോ ഇത് കിട്ടില്ല. ഇന്റര്‍നെറ്റിലും ഏതെങ്കിലും വെബ് അഡ്രസ് ടൈപ് ചെയ്തും കണ്ടെത്താനാകില്ല. സമൂഹമാധ്യമങ്ങളിലൂടെയാണ് കുട്ടികള്‍ ഇതില്‍ അകപ്പെട്ടു പോകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related News