Tuesday
20 Feb 2018

ബോട്ട്‌യാത്ര എല്ലാ ദിവസങ്ങളിലും; ഇടുക്കിയില്‍ സഞ്ചാരികളുടെ തിരക്ക്

By: Web Desk | Sunday 14 January 2018 10:10 PM IST

പി എല്‍ നിസാമുദ്ദീന്‍
ചെറുതോണി: എല്ലാ ദിവസവും ജലയാത്ര ആരംഭിച്ചതോടെ ഇടുക്കി ജലാശയത്തില്‍ബോട്ടിംഗിന് എത്തുന്നത് വിദേശികളടക്കം നൂറ് കണക്കിന് സഞ്ചാരികള്‍. ഒരു മണിക്കൂര്‍ യാത്രക്ക് 235 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതോടെ സമയം അരമണിക്കൂറായി ക്രമീകരിക്കുകയും ഒരാളില്‍ നിന്ന് 135 രൂപ ടിക്കറ്റ് ഫീസായി വാങ്ങുന്നു.
സഞ്ചാര സമയം ഒരു മണിക്കൂര്‍ ആയിരുന്നപ്പോള്‍ യാത്രയില്‍ കുളമാവ് അണക്കെട്ട് ഉള്‍പ്പെടെ കാണുവാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അര മണിക്കൂറായി ചുരുക്കിയതോടെ ഇടുക്കി ചെറുതോണി അണക്കെട്ടുകളില്‍ നിന്നും 400 മീറ്റര്‍ മാറി സഞ്ചരിച്ച് ബോട്ട് ലാന്റിംഗില്‍ തിരിച്ചെത്തും. നിരക്ക് 135 ആയി ചുരുക്കിയതോടെ കൂടുതല്‍ ആളുകള്‍ക്ക് ബോട്ടിംഗ് നടത്താന്‍ കഴിയുന്നുണ്ട്. 250 പേരാണ് ഇപ്പോള്‍ പരമാവധി യാത്ര ചെയ്യുന്നത്. നിലവില്‍ സഞ്ചാരത്തിനായി ഒരു ബോട്ട് മാത്രമാണ് വനം വകുപ്പിന് ഉള്ളത്. ഇതില്‍ 18 പേര്‍ക്ക് യാത്ര ചെയ്യാനാകും. മിനിമം എട്ട് പേരെങ്കിലും ഉണ്ടെങ്കിലേ സര്‍വ്വീസ് നടത്താന്‍ കഴിയുകയുള്ളൂ എന്ന് അധികൃതര്‍ പറഞ്ഞു. ശനിയും ഞായറും പ്രത്യേക അവധി ദിവസങ്ങളിലും ഇടുക്കി അണക്കെട്ട് സഞ്ചാരികള്‍ക്ക് തുറന്ന് കൊടുത്തിട്ടുണ്ടെങ്കിലും ബോട്ടിംഗ് ആരംഭിക്കുന്നത് വെള്ളാപ്പാറയില്‍ നിന്ന് ആയതിനാല്‍ വിവരം ആളുകള്‍ അറിയാതെ പോവുകയാണ്. മുന്‍പ് കെഎസ്ഇബി ബോട്ടിംഗ് സര്‍വ്വീസ് നടത്തിയിരുന്ന സമയത്ത് ടിക്കറ്റ് കൗണ്ടര്‍ ചെറുതോണി അണക്കെട്ടിന് സമീപത്ത് നിന്ന് ലഭിക്കുമായിരുന്നു.എന്നാല്‍ ഇപ്പോള്‍ വെള്ളാപ്പാറ കൊലുമ്പന്‍ സമാധിക്ക് സമീപമുള്ള ഫോറസ്റ്റ് ടൂറിസ്റ്റ് സെനെറ്റില്‍ നിന്ന് മാത്രമാണ് ടിക്കറ്റ് ലഭിക്കുന്നത്.