Sunday
22 Apr 2018

ഒഞ്ചിയത്ത് സിപിഎം നേതാവിന്‍റെ വീട്ടുമുറ്റത്ത്  ബോംബ് സ്ഫോടനം

By: Web Desk | Saturday 18 November 2017 9:57 PM IST

 സ്ഫോടനം നടന്ന സ്ഥലത്ത് ബോംബ് സ്‌കോഡും പോലീസും പരിശോധന നടത്തുന്നു

വടകര: ഒഞ്ചിയത്ത് സിപിഎം നേതാവിന്‍റെ വീട്ടു മുറ്റത്ത് ബോംബ് പൊട്ടി.
ശനിയാഴ്ച്ച  രാവിലെ ഏഴര മണിയോടെയാണ് ഒഞ്ചിയം വെടിവെപ്പ് മുക്കിലെ താഴെ
കോറോത്ത് മോഹനന്‍റെ വീട്ടുമുറ്റത്തെ കിണറിനോട് ചേര്‍ന്ന ഭാഗത്ത്
ഉഗ്രസ്‌ഫോടനമുണ്ടായത്. രണ്ട് വര്‍ഷം മുമ്പ്‌ ഈ വീടിനടുത്ത പറമ്പില്‍ ജോലി
ചെയ്യുമ്പോള്‍ തൊഴിലാളിക്ക് ബോംബ് പൊട്ടി പരിക്കേറ്റിരുന്നു.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലത്ത് നടന്ന സ്‌ഫോടനം നാട്ടുകാരെ
നടുക്കിയിരിക്കുകയാണ്.കോഴിക്കോട് നിന്നെത്തിയ ബോംബ് സ്‌ക്വാഡും, ഡോഗ്
സ്‌ക്വാഡും സംഭവം നടന്ന വീടും പരിസര പ്രദേശങ്ങളിലെ ഇടവഴികളും
പരിശോധിച്ചു. വടകര ഡിവൈഎസ്പി  ടി.പി.പ്രേമരാജ്, സിഐ .ടി.മധുസൂദനന്‍
നായര്‍, ചോമ്പാൽ എസ് ഐ  ജയചന്ദ്രൻ എന്നിവർ സംഭവ സ്ഥലത്തെത്തി.
സ്‌ഫോടനമുണ്ടായ സ്ഥലത്ത് അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍
സാധിച്ചിട്ടില്ലെങ്കിലും വെടിമരുന്നിന്റെ ഗന്ധമുണ്ട്. എക്സ്പ്ലോസീവ്
ആക്ട് പ്രകാരം ചോമ്പാൽ പോലീസ് കേസെടുത്തു.