Wednesday
23 Jan 2019

വിവാദ ആള്‍ദൈവം ഗുര്‍മീത് സിങ്ങിനെക്കുറിച്ച് പുസ്തകം

By: Web Desk | Wednesday 25 April 2018 10:02 PM IST

ന്യൂഡല്‍ഹി: ജയിലലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെക്കുറിച്ച് പുസ്തകം പുറത്തിറങ്ങുന്നു. സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് ഖാസി മത സംഘടനയുടെ തലവനായി മാറിയ ഗുര്‍മീതിന്റെ കഥ പറയുന്ന പുസ്തകത്തില്‍ ഇയാള്‍ ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങളെയും വ്യാപകമായി വിചാരണക്ക് വിധേയമാക്കുന്നുണ്ടെന്നാണ് പുസ്തകത്തിന്റെ പ്രസാദകര്‍ വ്യക്തമാക്കുന്നത്.
ദേരാ സച്ചാ സൗദ ആന്‍ഡ് ഗുര്‍മീത് റാം റഹീം: എ ഡെക്കേഡ് ലോങ് ഇന്‍വസ്റ്റിഗേഷന്‍ എന്ന പേരില്‍ അനുരാഗ് ത്രിപാഠിയാണ് പുസ്തകം എഴുതുന്നത്. ദേരാ സച്ചാ സൗദയും തലവനായ ഗുര്‍മീതും നടത്തുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ക്കെതിരെ നടന്ന 2007ലെ അന്വേഷണാത്മക പത്രപ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാരംഭിച്ചതാണ് പുസ്തകം. ഇവര്‍ നടത്തിയിട്ടുള്ള കൊലപാതകങ്ങള്‍, ലൈംഗീക അതിക്രമങ്ങള്‍, നിര്‍ബന്ധിത വന്ധ്യംകരണം, സ്വകാര്യ സേന രൂപീകരിക്കല്‍, ആയുധങ്ങളുടെയും മയക്കുമരുന്ന് ഉല്‍പ്പന്നങ്ങളുടെ അനധികൃത വ്യാപാരം, നിരവധി ഭൂമി തട്ടുപ്പുകള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലാത്ത രീതിയില്‍ പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് പ്രസാദകരായ പെന്‍ഗ്വിന്‍ ബുക്ക്‌സ് അഭിപ്രായപ്പെടുന്നത്.
ദേരാ സച്ചാ സൗദയുടെ മുന്‍ തലവന്‍മാരില്‍ നിന്ന് വ്യത്യസ്തനായി തുടക്കം മുതല്‍ തന്നെ ഗുര്‍മീത് അധികാരവും സ്വത്തും സമ്പാദിക്കുന്നതിനാണ് മുഖ്യ പ്രാധാന്യം നല്‍കിയിരുന്നതെന്നും തന്റേതായ രീതിയില്‍ സകല സുഖ സംവിധാനങ്ങളോടും കൂടിയ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനായി ഇയാള്‍ തന്റെ അനുയായികളുടെ മനസ്സ് സ്വാധീനിക്കുകയായിരുന്നെന്നും ത്രിപാഠി അഭിപ്രായപ്പെടുന്നു. റോഹ്ത്തക്കിലെ ജയിലില്‍ 1997-ാം നമ്പര്‍ തടവുകാരനാണ് നിലവില്‍ ഈ ആള്‍ദൈവം.