Monday
16 Jul 2018

വായനാദിനം

By: Web Desk | Tuesday 19 June 2018 7:14 AM IST

പ്രിയ കൂട്ടുകാരേ,
ജൂണ്‍ 19 വായനാദിനമാണ്. ജീവിതം വായന പ്രചരിപ്പിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ച മഹാനായ പി എന്‍ പണിക്കരുടെ ജന്മദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായനയുടെ വഴിയില്‍ അപൂര്‍വസാന്നിധ്യമായിരുന്നു പി എന്‍ പണിക്കര്‍. 1909 മാര്‍ച്ച് 1ന് നീലം പേരൂരിലാണ്. പുതുവായില്‍ നാരായണപണിക്കര്‍ എന്ന അക്ഷരമഹര്‍ഷി ജനിച്ചത്. 1995 ജൂണ്‍ 19ന് അന്തരിച്ചു. കൂട്ടുകാരേ, നമ്മുടെ നാട്ടില്‍ കാണുന്ന ഗ്രന്ഥശാലകളുടെ കുലപതിയാണ് പി എന്‍ പണിക്കര്‍.
അധ്യാപകനായിരുന്നു. 1926-ല്‍ അദ്ദേഹം തന്റെ ജന്മനാട്ടില്‍ ‘സനാതനധര്‍മ്മം’ എന്ന വായനശാല സ്ഥാപിച്ചുകൊണ്ടാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ‘വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന സന്ദേശമുയര്‍ത്തി വായന പ്രചരിപ്പിക്കുന്നതിനുവേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ കേരളത്തിന് മറക്കാന്‍ കഴിയില്ല. അജ്ഞതയുടെ ഇരുളില്‍ നിന്നും ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് സമൂഹം മാറിയാല്‍ മാത്രമേ പുരോഗതി കൈവരിക്കാന്‍ കഴിയൂ എന്ന് പി എന്‍ പണിക്കര്‍ സമൂഹത്തെ നിരന്തരം ഓര്‍മ്മപ്പെടുത്തി. വായനയുടെ ലോകം സാധ്യമാകണമെങ്കില്‍ എല്ലാ ഗ്രാമങ്ങളിലും ഗ്രന്ഥശാലകള്‍ സ്ഥാപിക്കണമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അതിനുവേണ്ടി പ്രയത്‌നിച്ചു. ഇന്നു കാണുന്ന ലൈബ്രറി കൗണ്‍സിലിന്റെ ആദ്യരൂപമായ ഗ്രന്ഥശാലാ സംഘത്തിന്റെ പിതാവുമാണ് പി എന്‍ പണിക്കര്‍ സാര്‍.
വായനയിലൂടെ വളരാത്തവര്‍ മൃഗതുല്യരാണെന്ന ഷേക്‌സ്പിയറുടെ വാക്കുകള്‍ നമുക്ക് ഈ വായനദിനത്തില്‍ സ്മരിക്കാം. വായന നമ്മുടെ ജീവിതത്തെയും സംസ്‌കാരത്തേയും എത്രേത്താളം സ്വാധീനിക്കുമെന്ന് ഈ വാക്യം നമ്മെ ഓര്‍മപ്പെടുത്തുന്നു. അറിവിന്റെ വിശാലമായ ആകാശത്തില്‍ പറന്നുയരാന്‍ വായനയല്ലാതെ മറ്റ് വഴികളില്ല. വായിക്കുന്ന കുട്ടികള്‍ കാലത്തിന്റെ വെളിച്ചമാണ്. മാനവ സംസ്‌കാരത്തിന്റെ മഹാപൈതൃകം പേറുന്നവയാണ് പുസ്തകങ്ങളും ഗ്രന്ഥശാലകളും.
കൂട്ടുകൂരേ, നമുക്കും പുസ്തകങ്ങളുടെ കൂട്ടുകാരാകാം. ഈ വായനാദിനത്തില്‍ പുസ്തകവും വായനയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. സ്‌കൂള്‍ ലൈബ്രറികളും നമ്മുടെ നാട്ടിന്‍പുറത്തെ ഗ്രന്ഥശാലകളും പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയട്ടെ. ലൈബ്രറികളിലും വീടുകളിലും അലമാരകളില്‍ അടുക്കിവയ്‌ക്കേണ്ട അലങ്കാര വസ്തുവല്ല പുസ്തകങ്ങള്‍ എന്ന് തിരിച്ചറിഞ്ഞ് നല്ല വായനക്കാരാകാനും അറിവുനേടി വളരാനും നമുക്ക് കഴിയട്ടെ. ”ഒരു കുട്ടി, ഒരു അധ്യാപിക, ഒരു പുസ്തകം, പിന്നെ ഒരു പേന ഇവയ്ക്ക് ലോകം മാറ്റി മറിക്കാന്‍ സാധിക്കും.” വര്‍ത്തമാനകാല വീരാംഗന മലാലയുടെ വാക്കുകളും നമുക്ക് പ്രചോദനമാകട്ടെ.

rubiya jiyas

റൂബിയ ജിയാസ്
ക്ലാസ്: IX എഫ്, മൗണ്ട് താബോര്‍
ഗേള്‍സ് ഹൈസ്‌കൂള്‍, പത്തനാപുരം