Sunday
24 Jun 2018

അര്‍ത്ഥവത്തായ സാംസ്‌കാരിക ദൗത്യങ്ങള്‍

By: Web Desk | Sunday 10 September 2017 1:49 AM IST

ഡോ. മുഞ്ഞിനാട് പത്മകുമാര്‍

കെ വി ജ്യോതിലാലിന്റെ കാലത്തിന്റെ അടയാളങ്ങള്‍’ എന്ന പുസ്തകം കലയെയും കാലത്തെയും സ്ഥലത്തെയും സംബന്ധിക്കുന്ന അടിസ്ഥാന വിഷയങ്ങള്‍ സമൂഹം എന്ന പൊതുസദസ്സുമായി എങ്ങനെയെല്ലാം ബന്ധപ്പെടുന്നു എന്ന അന്വേഷണമാണ്. അതാകട്ടെ ത്രികാലങ്ങള്‍ മാറിമാറി ഭരിക്കപ്പെടുന്ന ഒരു കലാകാരന്റെ സ്വതന്ത്രവും വൈയക്തികവുമായ ജീവിതനിര്‍വചനത്തിന്റെ സത്യസന്ധത കൂടിയാണ്. ക്യാന്‍വാസുകളില്‍ നിന്നുള്ള തുടര്‍ച്ചകളായിത്തന്നെ ഈ പഠനലേഖനങ്ങളെ കാണാനാകും. കൊളാഷ് പെയിന്റിംഗുകളെ കുറിച്ചുള്ള ആലോചനയില്‍ ജ്യോതിലാല്‍ എഴുതുന്നു. ‘ക്യൂബിസത്തിന്റെ മഹാപൈതൃകങ്ങളിലൊന്നാണ് കൊളാഷ് സങ്കേതവും, എന്നാലിത് ചിത്രകലയില്‍ മാത്രമല്ല, നിത്യജീവിതത്തില്‍പ്പോലും കാണാനാകും.’
നിത്യജീവിതമെന്ന പ്രശ്‌നകാലത്തെ(ജൃീയഹലാ മഴല) കൊളാഷ് എന്നകലാസങ്കേതം എങ്ങനെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തുന്നുവെന്ന് സമര്‍ത്ഥിക്കുന്നിടത്താണ് ഈ പഠനം ലക്ഷ്യവേധിയാകുന്നത്. മനുഷ്യസമൂഹത്തിന്റെ വികാസപരിണാമങ്ങളോട് ചേര്‍ത്തുവച്ച് നടത്തുന്ന ഈ പര്യാലോചന നൂതനമായൊരു സാംസ്‌കാരിക സദസ്സ് കൂടി നമുക്കുമുന്നില്‍ തുറന്നിടുന്നുണ്ട്.
‘കാലത്തിന്റെ അടയാളങ്ങ’ളിലെ ശ്രദ്ധേയമായ പഠനങ്ങളിലൊന്നാണ് ‘ചിത്രകലയും കവിതയും പാരസ്പര്യം തേടുമ്പോള്‍’. ചിത്രങ്ങളില്‍ നിന്ന് രൂപംകൊള്ളുന്ന അനുഭവങ്ങളും മറ്റൊരു പ്രതലമായ കവിതയും ഏതൊക്കെ വിശുദ്ധതലങ്ങളില്‍ സമന്വയിക്കുന്നു എന്ന ആലോചന മികച്ചൊരു പഠനാനുഭവമാണ്. കവിതയില്‍ നിന്ന് ഒരു പാഠഭേദമുണ്ടാക്കുകയാണ് ചിത്രംവഴി ഒരു കലാകാരന്‍ ചെയ്യുന്നത് എന്ന് പറയുന്നിടത്ത് കവിതയുടെയും ചിത്രത്തിന്റെയും വ്യാഖ്യാനങ്ങളുടെ വിശുദ്ധമായ കലര്‍പ്പ് അനുഭവിക്കാനാവും. ചിത്രകലയുടെ മൗലികമായ ഉപയോഗ തത്വം വസ്തുവിനെ അറിയുക എന്നതാണ്. അത് സാര്‍വ്വജനീനമാണ്. ‘ഗോര്‍ണ്ണിക്ക’യിലൂടെ യുദ്ധത്തിന്റെ ത്രികാലങ്ങളെ പിക്കാസോ അടയാളപ്പെടുത്തുമ്പോള്‍ അത് തീക്ഷ്ണമായൊരു സംവേദനത്തിന്റെ ഭാഗമാകുന്നു. എന്നാല്‍ ചിത്രത്തെ മറ്റൊരു പ്രതലത്തിലൂടെ വായിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ചിത്രത്തിനുള്ളില്‍ഒരു കവിയുടെ സാന്നിദ്ധ്യം നമുക്കനുഭവപ്പെടുകയും ചെയ്യാം. ഈ കവിയാണ ് മൗനത്തിന്റെ കലയിലൂടെ അതിനെ സാംസ്‌കാരികമായൊരു സംവാദത്തിലേക്ക് എത്തിക്കുന്നത്. ഈ സംവാദം നടന്നില്ലെങ്കില്‍ ചിത്രം ചിത്രമായും ചലനാത്മകത നഷ്ടമാവുകയും ചെയ്യും. പാശ്ചാത്യചിത്രകാരന്മാരില്‍ മാത്രമല്ല, കേരളത്തില്‍ രാജാരവിവര്‍മ്മ മുതല്‍ സി എന്‍ കരുണാകരന്‍ വരെയുള്ളവര്‍ രചിച്ച ചിത്രഭാഷ്യങ്ങള്‍ കവിതകള്‍കൂടി ആയിരുന്നില്ലേ എന്ന് ജ്യോതിലാല്‍ ചിന്തിക്കുന്നു. ഇതാണ് കലയെയും കാലത്തെയും സംബന്ധിച്ച മൗലികമായ നിരീക്ഷണം.
വരയും സമൂഹവും, കാഴ്ച, ഭരണ-പാഠ്യതലങ്ങളില്‍മലയാളം നേരിടുന്ന വെല്ലുവിളികള്‍, ദൈവ ത്തിന്റെ കയ്യൊപ്പ്, എന്നീ ശ്രദ്ധേയങ്ങളായ പഠനങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. ഈ പഠനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കലാകാരന്‍ സമൂഹത്തിനുനേരെ തുറന്നുപിടിച്ച ജാഗ്രത കൂടിയാണ്. അതുകൊണ്ടുതന്നെ ഇത് ഒരേകാലം ആനന്ദത്തിന്റെയും പ്രകോപനത്തിന്റെയും പുസ്തകമാണ്. ദീര്‍ഘകാലമായി ബ്രഷ് പിടിച്ച ഈ വിരലുകള്‍ ഇടയ്ക്കിടെ പേനയില്‍ നിന്ന് കുതറിമാറി ക്യാന്‍വാസുകളിലേക്ക് കയറിപ്പോകുന്നത് കാണാം. അത് പ്രതിഭാധനനായ ഒരു കലാകാരന്റെ സ്വതന്ത്രവും സാംസ്‌കാരികവുമായ ഒരിടപെടലും കൂടിയാണ്. വിമര്‍ശിക്കുമ്പോള്‍ അതിന്റെ ആധികാരികതയിലേക്കും ആസ്വദിക്കുമ്പോള്‍ അതിന്റെ ഉത്തുംഗതയിലേക്കും ഈ പഠനങ്ങള്‍ നീങ്ങുന്നത് ശ്രദ്ധേയമായ അനുഭവങ്ങളാണ്.
രണ്ട് കലാകാരന്മാരെ ജ്യോതിലാല്‍ അനുസ്മരിക്കുന്നുണ്ട് തന്റെ പുസ്തകത്തില്‍. എം വി ദേവനും സി എന്‍ കരുണാകരനുമാണ് ആ കലാകാരന്മാര്‍. ഇരുവരുമായി ആത്മബന്ധം പുലര്‍ത്തിയ ചിത്രകാരനാണ് ജ്യോതിലാല്‍. അതുകൊണ്ടുതന്നെ അവരെക്കുറിച്ചെഴുതുമ്പോള്‍ അതി വൈകാരികമായൊരു തീവ്രത അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അവിടെ വൈകാരികമായ അകലം പാലിക്കാതെതന്നെ ഇരുവരുടെയും രചനാ സമ്പ്രദായങ്ങളെയും കലാസങ്കേതങ്ങളെയും ആധികാരികമായിത്തന്നെ ജ്യോതിലാല്‍ പഠനവിധേയമാക്കുന്നു. ഈ പഠനങ്ങളിലൂടെ അനുഭവവേദ്യമാകുന്ന സാംസ്‌കാരിക സദസ്സ് പുതിയ വായനകള്‍ ആവശ്യപ്പെടുന്നുണ്ട്. ‘കാലത്തിന്റെ അടയാളങ്ങളി’ലെ പഠനങ്ങള്‍ക്ക് ഈ സവിശേഷതയാണുള്ളത്. അത് അര്‍ത്ഥവത്തായ സാംസ്‌കാരിക ഇടപെടലായി മാറുന്നു എന്നിടത്താണ് ഈ പുസ്തകം അതിന്റെ ചരിത്രപരമായ സാംസ്‌കാരിക ദൗത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്.