Monday
22 Oct 2018

അതിജീവനത്തിന്റെ സൂക്ഷ്മദര്‍ശിനികള്‍ 

By: Web Desk | Sunday 31 December 2017 1:00 AM IST

 

ദീപനാപ്പള്ളി

വിസ്മയിപ്പിക്കുന്ന വളര്‍ച്ചയാണ് സാഹിത്യരംഗം 2017-ല്‍ കാഴ്ചവച്ചത്. കഥ, കവിത, നോവല്‍ എന്നിങ്ങനെ എല്ലാ ശാഖകളിലും ഒരുപോലെ വസന്തത്തിന്റെ മുഴക്കം കേട്ട കാലം. ആഖ്യാനത്തില്‍ വന്ന പരീക്ഷണങ്ങളും പുതു എഴുത്തുകാരുടെ രംഗപ്രവേശനവും മലയാള കഥാവേദിയെ ഇളക്കിമറിച്ചു. എഴുത്തുകാര്‍ തങ്ങളുടെ പൂര്‍വ്വകഥയോട് മത്സരിച്ച് സ്വയം നവീകരിക്കുന്ന കാഴ്ച. ആഖ്യാനത്തിലും ശില്പഭംഗിയിലും ശ്രദ്ധിക്കുമ്പോഴും കാലിക പ്രശ്‌നങ്ങളെ അടയാളപ്പെടുത്താനും അവ മറന്നില്ല. കഥപറയുക എന്ന അംശത്തിന് പ്രാധാന്യം നല്‍കുകയും വാമൊഴിയോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുകയും ചെയ്ത പുതുകഥകള്‍ നല്ല വായനാനുഭവം തന്നു. നോവലില്‍ ഘടനയിലാണ് പരീക്ഷണങ്ങള്‍ ഏറെ നടന്നത്. രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങള്‍ വ്യക്തിജീവിതത്തില്‍ ഉണ്ടാക്കിയ ഏകാന്തതയും സംഘര്‍ഷവും നോവലിലും നിഴലിച്ചു. കവിതയില്‍ എല്ലാ വൃത്ത നിബന്ധനയും തെറ്റിച്ച് ഓരോ വാക്കിലും താളവും ചലനവും അനുഭവവേദ്യമാക്കുന്ന ചാരുത ദര്‍ശിക്കാനായി. പൊതുപ്രശ്‌നങ്ങളില്‍ ചാട്ടുളിയായി മാറാനും കവിതയ്ക്കു കഴിഞ്ഞു.

എരി – പ്രദീപന്‍ പാമ്പിരിക്കുന്ന്

ഒരു സമുദായത്തെ ആത്മബോധമുള്ളവരാക്കിത്തീര്‍ക്കാന്‍ എരി നടത്തുന്ന യത്‌നവും എരി എന്ന ചരിത്ര പുരുഷന്റെ സാധുതയുമാണ്   പ്രദീപന്‍ പാമ്പിരിക്കുന്ന് ഈ നോവലിലൂടെ അന്വേഷിക്കുന്നത്. രാമപ്പണിക്കരുടെ ഗ്രന്ഥശാലയില്‍ രാമായണമാണെന്നു കരുതി സൂക്ഷിക്കപ്പെട്ട ”തെയ്യോന്‍ പാടിയ എരിയോല”യില്‍ നിന്നാണ് പറയര്‍ സ്വയം ഒരു ദൈവത്തെ എരിയിലൂടെ സൃഷ്ടിച്ചെടുത്ത തെയ്യോന്‍ പറയന്റെയും ഒരു സമുദായത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. പക്ഷെ ഓലയിലില്ലാത്ത എരിയുടെ ജീവിതം വ്യക്തികളുടെ ഓര്‍മ്മകളില്‍ നിന്നാണ് പൂര്‍ത്തിയാക്കപ്പെടുന്നത്. അഭ്യാസം കൊണ്ടും വിദ്യകൊണ്ടും എരിയോട് നേരെ നില്‍ക്കാന്‍ കുറുമ്പ്രനാട്ടില്‍ വേറെ ആളില്ലായിരുന്നു. ജാതി ശാശ്വതമല്ലെന്നും ജാതിമാറിയാലും മതംമാറിയാലും മാറാത്ത എന്തോ ഒന്ന് തമ്മിലുണ്ട്. അതിനെ മനുഷ്യനെന്ന് എരി വിളിച്ചു. ദീര്‍ഘ സംഭാഷണത്തിലൂടെ എരി തന്റെ സമുദായത്തെ പഠിപ്പിച്ചു. സമൂഹം അകറ്റിനിര്‍ത്തിയ തന്റെ ജാതിക്ക് ഒരു പുരാവൃത്തവും പരമ്പരയും വേണം. ശ്രീനാരായണ ഗുരുവിനെകാണുകയും വൈകുണ്ഠ സ്വാമിയുടെ ശിഷ്യനാവുകയും ചെയ്ത എരി ജാതീയതയുടെ അപകര്‍ഷതാബോധം എരിച്ച് കളഞ്ഞ് ജ്ഞാനത്തിലേക്ക് എരിഞ്ഞാലേ സമുദായത്തെ ചൂഷണത്തില്‍ നിന്നും വളര്‍ച്ചയിലേക്ക് നയിക്കാന്‍ കഴിയൂ എന്നു പഠിപ്പിച്ചു. കീഴാളചരിത്രത്തെ നാട്ടോര്‍മകളില്‍ നിന്നും തിരിച്ചു പിടിക്കുന്നു ഈ നോവല്‍.

യുവാവായിരുന്ന ഒന്‍പതുവര്‍ഷങ്ങള്‍ – കരുണാകരന്‍  

അനീതിക്കെതിരെ കലാപം ചെയ്യുന്നത് ന്യായമാണെന്ന്, കവിതയും വിപ്ലവവും ഒരുപോലെ വിശ്വസിക്കുന്ന, കവിയാകാന്‍ ആശിച്ച് വിപ്ലവകാരിയായിത്തീര്‍ന്ന രാമുവിന്റെ സ്വപ്നവും യാഥാര്‍ഥ്യവും ഇടകലര്‍ന്ന നോവലാണിത്. എല്ലാവരും ലോകത്തിലെ അസമത്വത്തെ ഒരവസ്ഥയായി കണ്ടപ്പോള്‍ ചിലരില്‍ മാത്രം അതൊരു അസ്വസ്ഥമായി നീറുകയും അവരറിയാതെ സമാന ആദര്‍ശമുള്ള ഒരു സംഘത്തിലെ അംഗമാവുകയും. ഏതാണ്ട് അദൃശ്യമെങ്കിലും ആജ്ഞാശക്തിയുള്ള പാര്‍ട്ടിയുടെ കാണാച്ചരടുകളാല്‍ ബന്ധിക്കപ്പെട്ട് വര്‍ഗ്ഗ സമരത്തിലും ബൂര്‍ഷ്വാ ഉന്മൂലനത്തിലും പങ്കാളിയാവുകയും ഒളിയിടങ്ങളില്‍ നിന്ന് ഒളിയിടങ്ങളിലേക്കുള്ള പ്രയാണത്തിന്റെ ഏതോ ദശാസന്ധിയില്‍ വച്ച് മാര്‍ഗം ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇന്ത്യയിലും ഇറാഖിലുമായാണ് കഥ നടക്കുന്നത്. മേതില്‍രാധാകൃഷ്ണന്‍ ഒരു കഥാപാത്രമായി എത്തുന്ന കൗതുകവും ഈ നോവലിനുണ്ട്. രണ്ടു ഭാഗങ്ങളിലായി ഉത്തമ പുരുഷാഖ്യാനവും പ്രഥമ പുരുഷാഖ്യാനവും മാറിമാറി പരീക്ഷിക്കുന്ന നോവല്‍ ഘടനയിലെയും ഭാഷയിലെയും പുതിയ കണ്ടെത്തല്‍ കൂടിയാണ്. സഹസഖാവും രാമുവിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയും വിദേശത്ത് മരിച്ചുവീഴുകയും ചെയ്ത നബനീത, നോട്ടുപുസ്തകങ്ങള്‍നല്‍കി കവിതയെഴുതണമെന്നോര്‍മിപ്പിച്ച ഷേര്‍ലിമാത്യു,അനന്ത രാമന്‍, ലക്ഷ്മി തുടങ്ങി ഈ നോവലിലെ ഓരോ കഥാപാത്രങ്ങളും മനസ്സില്‍ തങ്ങിനില്‍ക്കുന്നവരാണ്.നക്‌സലിസത്തിന്റെ 50-ാം വാര്‍ഷികത്തില്‍ പുറത്തിറങ്ങിയ വിപ്ലവത്തെ സ്വന്തം അനുഭവതീക്ഷണതയില്‍ നിന്നും നോക്കിക്കണ്ട നോവലാണിത്.

ചുവന്ന ബാഡ്ജ്-രാജേഷ് ആര്‍ വര്‍മ്മ

വ്യക്തി സ്വാതന്ത്ര്യത്തിനു മേല്‍ ദേശീയതയുടെ പേരില്‍ കടന്നുകയറ്റം സംഭവിക്കുന്ന ഇക്കാലത്ത് ഫാഷിസം പ്രമേയമാകുന്ന ഈ നോവലിന് ഏറെ പ്രസക്തിയുണ്ട്. അടിയന്തരാവസ്ഥയെ ജര്‍മ്മനിയിലെ നാത്സി ഭരണവുമായി ചേര്‍ത്തു വയ്ക്കുകയാണ് രാജേഷ് ആര്‍ വര്‍മ്മയുടെ ഈ നോവല്‍. ഫാഷിസ്റ്റ് ശക്തികളെ നാത്സികള്‍ എന്നാണ് ഈ നോവലില്‍ വിളിക്കുന്നത്. അവരുടെ അധികാരദുര്‍മദത്തിനിരയാകേണ്ടി വന്നവര്‍ ജൂതന്മാര്‍എന്ന തമിഴ് വംശജരും. ഫാഷിസം എങ്ങിനെയാണ് കേരളത്തെ ഗ്രസിച്ചത് എന്ന് സഹപാഠിയായ വീരമണിയുടെ കടുംബത്തിന്റെ പതനത്തിലൂടെയാണ് നോവലിസ്റ്റ് വരച്ചുകാട്ടുന്നത്. ഹിറ്റലറുടെ വാഴ്ച തിരിച്ചു വന്നതു പോലെ കേന്ദ്രീകരണ ശിബിരം, ബാഷ്പകഠോരി, ചാളിലെ ജീവിതം ഇവയൊക്കെ ജൂതര്‍ എന്ന തമിഴ് വംശജരും അനുഭവിക്കേണ്ടി വരുന്നു.ബോധനമാധ്യമം ആര്യഭാഷയിലേക്കും ഓണത്തിനു പകരം വാമനജയന്തിയും ആഘോഷിക്കപ്പെട്ടു. എലികള്‍ ആരാധന പാത്രങ്ങളാവുകയും രാഷ്ട്രപിതാവ് എന്ന പദവി എടുത്തുകളയുകയും ഗാന്ധിജയന്തി കൊണ്ടാടേണ്ടന്ന് തീരുമാനിക്കുകയും ചെയ്തു. നോവലടച്ചുവച്ചാലും ചുറ്റുമുയരുന്ന അടിച്ചമര്‍ത്തലുകളുടെ ഗര്‍ജ്ജനങ്ങള്‍ രാജേഷ് ആര്‍ വര്‍മ്മയുടെ ഭാവനയുടെ ഉണ്‍മയിലേക്കാണ് മുഴങ്ങുന്നത്.

ഓര്‍മ്മച്ചിപ്പ്-കെ വി പ്രവീണ്‍

ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും മായികതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതോടൊപ്പം നിസ്സഹായമായ മനുഷ്യ മനസ്സിന്റെ ആഴവും നമ്മെ അനുഭവിപ്പിക്കുന്ന 8 കഥകളാണ് കെ.വി പ്രവീണിന്റെ ‘ഓര്‍മ്മച്ചിപ്പ്’ എന്ന ഈ സമാഹാരത്തിലുള്ളത്. സൈബര്‍ ഇടങ്ങളിലെ സംഘര്‍ഷങ്ങളും മാത്സര്യങ്ങളും ഈ കഥകളിലെ പ്രമേയമാണ്. ശാസ്ത്രീയ ജ്ഞാനത്തിന്റെ കരുത്തും ആഖ്യാനത്തിലെ വ്യതിരിക്തതകളും ഈ കഥകളെ വ്യത്യസ്തമാക്കുന്നു. ഇതിലെ കഥാപാത്രങ്ങളെ പ്രത്യേക ദേശത്തിന്റെ ചട്ടക്കുട്ടിലൊതുക്കാന്‍ കഴിയില്ല. ആധുനിക ജീവിതത്തിലെ തിരക്കുകള്‍ കടുംബം എന്ന സ്ഥാപനത്തില്‍ ഏല്‍പ്പിച്ച വിള്ളലുകളും അതിന്റെ തിക്തതകള്‍ പേറേണ്ടിവരുന്ന കുട്ടികളെയും ഈ കഥകളില്‍ കാണാം. സാമ്പത്തിക സുരക്ഷിതത്വം സ്വന്തം കാലില്‍ നില്‍ക്കാനുള്ള കെല്‍പ്പ് ആധുനിക സ്ത്രീകള്‍ക്കു നല്‍കിയെങ്കിലും സംഘര്‍ഷങ്ങള്‍ പേറുന്നവരാണ് ഇതിലെ സ്ത്രീ കഥാപാത്രങ്ങള്‍. മനുഷ്യന്‍ സ്വന്തം മനസ്സിന്റെ ഓര്‍മകള്‍ക്കുപോലും ഉടമയല്ലാതായിത്തീരുന്ന അവസ്ഥ. ഓര്‍മകള്‍ പോലും ഹാക്ക് ചെയ്യപ്പെടുന്ന കാലത്തിന്റെ കണ്ണാടിയാകുന്നു ഓര്‍മ്മച്ചിപ്പ്.

രാമച്ചി- വിനോയി തോമസ്

രാമച്ചി, മൂര്‍ഖന്‍പാമ്പ്, ഇടവേലിക്കാര്‍, വിശുദ്ധ മഗ്ദലനമറിയത്തിന്റെ പള്ളി, ഉടമസ്ഥന്‍ മിക്കാനിയമെക്രാന്ത, അരി എന്നിങ്ങനെ മലയാളികളുടെ ഭാവുകത്വത്തെ പരീക്ഷിച്ച ഏഴ് കഥകളുടെ സമാഹാരമാണിത്. കാടും കാട്ടുവാസികളും പ്രകൃതിയെ തങ്ങളോട് ചേര്‍ത്ത്‌വയ്ക്കുന്ന കാഴ്ചയാണ് രാമച്ചിയിലുള്ളത്. മനുഷ്യനും മരവും കുടിയിറക്കലിന്റെ രാഷ്ട്രീയവും ലോകത്തിന്റെ അതിരുകളെ നിഷേധിക്കുന്ന കഥയാണ് ഇടവേലിക്കാരന്‍. മുറിവേറ്റ ആസക്തിയുടെ പ്രതീകങ്ങളാണ് മഗ്ദലനമറിയത്തിലെങ്കില്‍ ഉടമയുടെ ഇംഗിതത്തിനെതിരെ ശബ്ദിക്കാന്‍ കഴിയാത്ത അടിമയുടെ ശബ്ദമാണ് ഉടമസ്ഥന്‍ മുഴക്കുന്നത്. കുടിയേറ്റ കര്‍ഷകന്റെ ജീവിതത്തില്‍ നിന്നകന്ന കൃഷിയും മണ്ണിനോടുള്ള മാറിയ മനോഭാവവുമാണ് മിക്കാനിയ മെക്രാന്തയില്‍ അവതരിപ്പിക്കുന്നത്. ‘അരി’ എന്ന കഥ പട്ടിണിമരണങ്ങള്‍ തുടര്‍ക്കഥയാവുന്ന ആദിവാസിക്കുടികളിലേക്ക് നമ്മുടെ ശ്രദ്ധതിരിക്കുന്നു. പ്രകൃതി, ലൈംഗികത, അക്രമവാസന ഇവയുടെ സൗന്ദര്യാത്മകമായ മേളനം ഈ കഥകളില്‍ കാണാം. ആത്മഭാഷണആഖ്യാന രീതിക്ക് പുത്തന്‍ മാനങ്ങള്‍ നല്‍കി വിരസയില്ലാത്ത സംവേദനം കഥയില്‍ സൃഷ്ടിച്ചയാളാണ് വിനോയിതോമസ്. കഥപറയാനുള്ള അദമ്യമായ ത്വര ഈ കഥകളിലെല്ലാം നമുക്കുകാണാം.

ഒരു പരമരഹസ്യത്തിന്റെ ഓര്‍മയ്ക്ക്-സാറാ ജോസഫ്

സമൂഹത്തിന്റെ ഇരകളായി പീഡിപ്പിക്കപ്പെടുന്ന ദുര്‍ബലര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന കഥകളാണിതിലുള്ളത് . അതിനായി തന്റെ അക്ഷരങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി എതിര്‍പ്പിന്റെ ശക്തി കൂട്ടുകയാണ് കഥാകാരി. മഷിയുടെ മുക്കൂട്ട്, സഹ തുടങ്ങിയ കഥകള്‍ സ്ത്രീത്വത്തിന്റെ വീണ്ടെടുക്കലാണ് നടത്തുന്നത്. സ്വത്വം വീണ്ടെടുക്കാനും ലിംഗനീതിക്കു വേണ്ടിയും ദാമ്പത്യം തന്നെ ഉപേക്ഷിക്കുന്ന നായികയെ മഷിയുടെ മുക്കൂട്ടില്‍ കാണുമ്പോള്‍ സഹ എന്ന വാക്കിന്റെ നിയതാര്‍ഥത്തിലേക്ക് തന്റെ പങ്കാളിയെ സംവാദത്തിലൂടെ കൂട്ടിക്കൊണ്ടുവരുന്ന പുരാണത്തിലെ സുവര്‍ച്ചലയെയാണ് ‘സഹ’ എന്ന കഥയില്‍ കാണുന്നത്. ഫെമിനിസത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങാതെ സ്ത്രീയവസ്ഥകള്‍ തൊഴിലിടങ്ങളിലെ ലിംഗസമത്വമില്ലായ്മ, പ്രകൃതിക്കും ദുര്‍ബലനും എതിരെയുള്ള കയ്യേറ്റം, കടുംബജീവിതത്തിലെ താളപ്പിഴകള്‍, ദാരിദ്ര്യം ഇവ തന്മയത്വത്തോടെ അവതരിപ്പിക്കുകയും തിരുത്തല്‍ ശക്തിയായി തീരുകയും ചെയ്യുന്ന പൊള്ളിക്കുന്ന കഥകളുടെ പരമരഹസ്യമാണ് ഈ സമാഹാരത്തിലെ ഓരോ കഥകളും. ഭാഷയും ഘടനയും ആഖ്യാനവും പുതുകഥാകൃത്തുക്കളോട് കിടപിടിക്കത്തക്കവിധം പുതുക്കാനുള്ള കരുത്തും കഥാകാരി പ്രകടിപ്പിക്കുന്നുണ്ട്.

സമുദ്രങ്ങള്‍ക്കു മാത്രമല്ല – സച്ചിദാനന്ദന്‍

ഭാവനയുടെ മിഥ്യാലോകത്തെക്കാള്‍ താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ വിഷയമാക്കുന്ന കവിയാണ് സച്ചിദാനന്ദന്‍. ‘സമുദ്രങ്ങള്‍ക്കു മാത്രമല്ല’ എന്ന സമാഹാരത്തിലെ കവിതകള്‍ സാമൂഹിക വിമര്‍ശനം ഉള്‍കൊള്ളുന്നവയാണ്. തന്റെ കവിതകളിലൂടെ തന്നോടു തന്നെയും ലോകത്തോടും പ്രപഞ്ചത്തോടുമുള്ള കലഹമാണ് കവി നടത്തുന്നത്. ഒരു ഇരുണ്ട കാലഘട്ടത്തിലൂടെ ജീവിക്കുന്ന മനുഷ്യരുടെ ആകുലതകളും ഉത്കണ്ഠകളും നിറഞ്ഞുനില്‍ക്കുന്നു. മനുഷ്യന്റെ അവകാശങ്ങള്‍ക്കും സ്വാതന്ത്യത്തിനുമെതിരെ/മാനവികതയക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന കവികളാണിതില്‍. ഇന്ന് പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന എഴുത്തുകാര്‍ നിശബ്ദമാക്കപ്പെടുന്നു.വിശ്വാസങ്ങളെ, ജീവിതരീതികളെ, ഇഷ്ടഭക്ഷണത്തെ തിരഞ്ഞടുക്കാന്‍ നാം അസഹിഷ്ണതയുടെ ശത്രുക്കളോട് കലഹിക്കേണ്ടിവരുന്നു. ചിന്താസ്വാതന്ത്ര്യത്തിന് വെല്ലുവിളികല്‍ നേരിടുന്ന കാലത്ത് കവിയുടെ ധര്‍മ്മം അതിനെതിരെ നില്‍ക്കുക എന്നതാണ് എന്ന് കവി തിരിച്ചറിയുന്ന പ്രതിഷേധത്തിന്റെ കവിതകള്‍ മാത്രമല്ല കാല്പനിക സൗന്ദര്യം ഉള്‍ക്കൊള്ളുന്ന കവിതകളും ഈ സമാഹാരത്തിലുണ്ട്. മരണത്തിന്റെ നിതാന്തസാന്നിധ്യം ദാര്‍ശനികഭംഗി ഈ കവിതകള്‍ക്ക് നല്‍കുന്നുണ്ട്.

കറുത്തപാല്‍-കല്പറ്റ നാരായണന്‍

ബുദ്ധ ചിന്തയുടെ ദീപ്തിയും മലയോര പ്രകൃതിയുടെ തെളിമയും നിറഞ്ഞ കവിതകളാണ് ‘കറുത്തപാല്‍’ എന്ന സമാഹാരത്തിലുള്ളത്. സൗമ്യമായ് വാക്കുകളോടും വായനക്കാരോടും സംവദിക്കുന്ന കവിതകളാണ് ഇവ. അലങ്കാരങ്ങള്‍ക്കും ബിംബ കല്‍പ്പനകള്‍ക്കുമപ്പുറം വാക്കുകളുടെ തെളിമ കൊണ്ട് പുതിയ അര്‍ഥതലങ്ങള്‍ സൃഷ്ടിക്കുന്നവയാണീ കവിതകള്‍. തന്റെ തന്നെ സ്വത്വാന്വേഷണമായി കവിതമാറുമ്പോള്‍ അതിനായി ഒരു ഭാഷയും ഭൂമികയും കവി സ്വന്തമായി കണ്ടെത്തുന്നു.

കാമാഖ്യ-പ്രദീപ് ഭാസ്‌കര്‍

കാമസൂത്രം എന്ന ഗ്രന്ഥം രചിക്കുന്നതിനു മുമ്പുള്ള വാത്സ്യായന മുനിയുടെ ആത്മാന്വേഷണങ്ങളുടെ സാങ്കല്പിക കഥയാണ് കാമാഖ്യ എന്നനോവല്‍.കാമത്തിന്റെ ആഖ്യായികയാണ് കാമാഖ്യ. കാമംഎന്തിനോടും ഏതിനോടുമുള്ള ആഗ്രഹമാണ്. ഏകാഗ്ര ചിത്തമുണ്ടാകാന്‍ കാമ കലകളായസംഗീതം, നൃത്തം, ചിത്രരചന, എഴുത്ത്വായന മുതലായവ പഠിക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ളഅഭേദ്യ ബന്ധത്തെ ഉദ്‌ഘോഷിക്കുന്ന40 കഥകള്‍ 64 കലകളുടെ തത്ത്വമായിഇതില്‍ വിരിയുന്നു. ഭാരതീയ ചിന്താപദ്ധതികളും താന്ത്രിക രീതികളും ഇടകലരുന്ന ആഖ്യാനവും ഭാഷയുംകൊണ്ട് വ്യത്യസ്തമായ വായനാനുഭവം നല്‍കുന്ന ഒന്നാണീ കൃതി.ചന്ദോഗ്യോപനിഷത്തിലെ ശ്വേതകേതുവിനെക്കുറിച്ചുള്ള ഒരു കഥയാണ് നോവലിന്റെ ഘടന രൂപപ്പെടുത്താനായി ഉപയോഗിച്ചിട്ടുള്ളത്. നോവലില്‍ വാത്സ്യായനന്റെ കളിക്കൂട്ടുകാരി താരയുടെ കാമാഖ്യ യെന്ന രാജ നഗരം ശ്രീചക്രത്തിന്റെമാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്. കഥാപാത്രങ്ങളില്‍ അധികവും ശ്രീചക്രത്തിലെ ദേവതാ സങ്കല്പമാണ്. കെട്ടുകഥകളും ചരിത്രവും താന്ത്രിക മന്ത്രങ്ങളും അതി വിദഗ്ദ്ധമായി ഇഴ ചേര്‍ക്കാന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള കഥ ഉദ്വേഗജനകമായി അവതരിപ്പിക്കുന്നതില്‍ പ്രദീപ് ഭാസ്‌ക്കര്‍ വിജയിച്ചിരിക്കുന്നു.

ഞാന്‍ എന്റെ എതിര്‍കക്ഷി -കെ.ജി.എസ്

ആത്മ പാരായണവും ലോക പാരായണവുമാണ് പുതു കവിതസാധ്യമാക്കുന്നത്. വിച്ഛിന്നതകളുടെയാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് അതിനുള്ളില്‍ മാനവികതയുടെ പൊരുളുകള്‍ നിര്‍മിച്ചെടുക്കുന്നതാണ്കെ.ജി.എസ്സിന്റെ കവിതകളുടെ പ്രത്യേകത. നമ്മുടെ ശരിയായ ധാരണകള്‍ക്കുമേല്‍ മിഥ്യാബോധംവന്ന നിറയുമ്പോള്‍ നേരുകള്‍ കണ്ടെത്താന്‍ കഴിയാതെ നാം ഉഴറുന്നുആത്മത്തെയും അതില്‍നിന്നാവിര്‍ഭവിച്ച സത്യം നീതി എന്നിവയെയുംസംവാദ രൂപത്തില്‍ അവതരിപ്പിക്കുന്നു. ഇത്തരം കവിതകള്‍ക്ക് അപ്പീല്‍ അഥവാ ഒ ഴി ജപംഞാന്‍ വാദി,സോക്രട്ടീസ്, പഴയ നിയമംഎന്നൊക്കെയാണ് കവിനാമകരണംചെയ്തിട്ടുള്ളത്. സ്വയം നിത്യ വിചാരണ ചെയ്യുന്ന കവിതകള്‍ നിറയു ന്നതിനാലാവാം ഞാന്‍ എന്റെഎതിര്‍കക്ഷി എന്ന പേര് ഈ സമാഹാരത്തിന് പേര് കൊടുക്കാന്‍കാരണം. മനുഷ്യനെപേര്‍ത്തും പേര്‍ത്തും വിചാരണ ചെയ്യുന്നവിധികര്‍ത്താക്കളായി ജീവജാലങ്ങളെകല്പിക്കുമ്പോള്‍ നാം മനുഷ്യര്‍ കൊടുംകുറ്റവാളികളായിത്തീരുന്ന ദര്‍ശനവും ഈ കവിതകളിലുണ്ട്. കാഴ്ചയും കവിതയും തമ്മിലുള്ളബന്ധത്തെ തിരയുന്നതാണ്. നേരിന്റെബഹുസ്വരത നുണയുടെ ബഹുസ്വരതയ്‌ക്കെതിരെ നില്‍ക്കുന്ന സത്യമാണ്. മധ്യവര്‍ഗത്തിന്റെ ഉദയാസ്തമയങ്ങള്‍ഈ കവിതകളില്‍ അടയാളപ്പെടുത്തുന്നുണ്ട.് ഒറ്റയുടെപോരാട്ട ശക്തി ധ്വനിപ്പിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ജീവിതത്തെക്കുറിച്ച് ആശങ്കപ്പെടുന്നകവിതകള്‍.. കണ്ണു നിറയെ എന്ന കവിതയില്‍ പറയുന്ന പോലുള്ളഒരു ഭാഷാ യന്ത്രം എല്ലാ പദങ്ങളുടെയും വിപരീതാര്‍ഥം നമുക്ക്വെളിപ്പെടുത്തിത്തരുന്നതായി നമുക്കീ കവിതകള്‍ വായിക്കുമ്പോള്‍ അനുഭവേദ്യമാകും.