Wednesday
21 Nov 2018

നവകഥയുടെ സൗന്ദര്യവും വര്‍ത്തമാനവും      

By: Web Desk | Sunday 3 December 2017 1:51 AM IST

 റിഷ്മ ആര്‍ 

ഖ്യാനത്തിലും ആസ്വാദനത്തിലും പുതിയ ഭാവുകത്വം സൃഷ്ടിച്ചുകൊണ്ട് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹിത്യരൂപമാണ് ചെറുകഥ. കഥകള്‍ വായനയ്ക്കപ്പുറം വിമര്‍ശന, പഠനപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ മലയാള ചെറുകഥയ്ക്കുണ്ടായ പരിണാമം വലുതാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും കടന്നുചെന്നും വ്യക്തികളുടെ മാനസിക തലത്തെ പ്രതിഫലിപ്പിച്ചും സമകാലിക സംഭവങ്ങള്‍ക്കെതിരെ പ്രതികരിച്ചും മാറിവന്ന സാങ്കേതിക വിദ്യകളെ ഉള്‍ക്കൊള്ളിച്ചും നഗരസംസ്‌ക്കാരത്തെ പശ്ചാത്തലമാക്കിയും ചിലപ്പോള്‍ ഗൃഹാതുരമായ പഴമകളെ ഓര്‍മപ്പെടുത്തിയും ചെറുകഥ നവ്യമാര്‍ന്നിരിക്കുന്നു. മാറുന്ന കഥയോടൊപ്പം കഥാപഠന സമ്പ്രദായങ്ങളും മാറിക്കൊണ്ടിരിക്കുന്നു. എം പി പോളിന്റേയും എം അച്യുതന്റേയും എം എം ബഷീറിന്റേയും കെ. എസ് രവികുമാറിന്റേയും പ്രസ്ഥാനപരമായും അല്ലാതെയുമുള്ള പ്രൗഢമായ ചെറുകഥാപഠനങ്ങള്‍ എക്കാലത്തേയും പഠിതാക്കള്‍ക്ക് പ്രചോദനമാണ്. എന്നാല്‍ പുതിയതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സമകാലീന കഥാവസ്ഥകളെ വിമര്‍ശന ബുദ്ധിയോടെ വിലയിരുത്തുന്ന പുസ്തകമാണ് ‘നവകഥാദര്‍ശനം.’ റ്റോജി വര്‍ഗീസ് റ്റി എഡിറ്ററായുള്ള ഈ നവകഥാ പഠനപുസ്തകത്തില്‍ നാല്‍പ്പത്തിയെട്ട് പഠനങ്ങളാണുള്ളത്. ഇതിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്നാം ഭാഗം കഥകളിലെ പ്രമേയപരമോ പ്രത്യയ ശാസ്ത്രപരമോ ആയ ആശയങ്ങളുടെ വെളിച്ചത്തിലുള്ള സമഗ്രനിരീക്ഷണങ്ങളാണ്. നവീനതാ പ്രസ്ഥാനത്തെക്കുറിച്ച് വ്യക്തമായിപ്പറഞ്ഞുകൊണ്ട്,സാഹിത്യത്തിലേക്കുള്ള പോസ്റ്റ് മോഡേണിസത്തിന്റെ കടന്നുവരവ് ഈ പുസ്തകത്തില്‍ വിവരിക്കുന്നു.നവീന കഥകളിലെ രാഷ്ട്രീയബോധവും ആഗോളീകരണത്തിന്റെ മാറ്റങ്ങളും ദളിത് നിര്‍മ്മിതികളും ഫെമിനിസ്റ്റ് വീക്ഷണങ്ങളും സാമ്പത്തിക രംഗത്തെ പരിപോഷിപ്പിച്ച പ്രവാസ ജീവിതാഖ്യാനങ്ങളും കൃത്യമായി പറഞ്ഞുകൊണ്ടുള്ളതാണ് വിവരണങ്ങള്‍.  രണ്ടാം ഭാഗം, പുതിയ കഥകളെ സാഹിത്യപരമായ സവിശേഷതകളെ മുന്‍നിര്‍ത്തി വിവിധ വീക്ഷണ കോണുകളിലൂടെ വിലയിരുത്തിക്കൊണ്ടുള്ള സ്വതന്ത്ര പഠനങ്ങളാണ്. പുതിയ കഥകളെ പുതിയ തലമുറയിലെ സാഹിത്യ പഠിതാക്കളും ഗവേഷകരും എങ്ങനെയെല്ലാം അപഗ്രഥിക്കുന്നു എന്ന് ഈ വിശേഷപഠനങ്ങള്‍ കാണിച്ചുതരുന്നു. ന്യൂജന്‍ എഴുത്തുകാരുടെ കഥാദര്‍ശനങ്ങള്‍ ന്യൂജന്‍ പഠിതാക്കളുടെ വിമര്‍ശന പ്രക്രിയയിലൂടെ വിലയിരുത്തപ്പെടുകയാണ് ഈ പുസ്തകത്തില്‍.  2000മുതല്‍ 2016 വരെയുള്ള കഥകളുടെ കഥനപരിണാമവും ദര്‍ശനവും വിഷയവൈവിദ്ധ്യവും സാമൂഹിക പ്രതിച്ഛായയും പഠനവിധേയമാക്കിക്കൊണ്ട് മലയാളചെറുകഥകളുടെ ജൈവികതയും സ്വാതന്ത്ര്യ  പ്രഖ്യാപനവും വിശദമാക്കുന്നു. ഇത് നവകഥാദര്‍ശനത്തെ പുതമയാര്‍ന്നൊരു ഗ്രന്ഥമാക്കുന്നു. പുത്തന്‍ എഴുത്തുകാരുടെ കൈയ്യില്‍ ചെറുകഥ ഭദ്രമായിരിക്കുന്നു എന്ന് ഈ പഠനങ്ങള്‍ തെളിയിക്കുന്നു. മലയാളചെറുകഥ മാദ്ധ്യമങ്ങള്‍,വാര്‍ത്തകള്‍, കുടുംബ ബന്ധങ്ങളിലും വ്യക്തി ബന്ധങ്ങളിലും വന്ന മാറ്റങ്ങള്‍, ഭാഷാ പ്രയോഗത്തിലെ പുതിയ ട്രെന്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ട് കാലികമായി മാറുന്നതെങ്ങനെയെന്ന് ഉദാഹരണ സഹിതം വിശദമാക്കുന്നുണ്ട് നവ വിമര്‍ശകര്‍.

‘നവകഥാദര്‍ശനം’ പുതിയകഥകളുടെ പഠനമാണെങ്കിലും ചെറുകഥ എന്താണെന്നും എങ്ങനെ ആവണമെന്നും കഥ 2016 വരെ എത്തിയതെങ്ങനെയെന്നുമുള്ള വസ്തുതകള്‍ ഈ ഗ്രന്ഥത്തിന്റെ സൂക്ഷ്മവായനയില്‍ ലഭിക്കുന്നുണ്ട്. വ്യവസ്ഥാപിതവും സ്വതന്ത്രവുമായ വിമര്‍ശന സാദ്ധ്യതകള്‍ ചെറുകഥയില്‍ പ്രയോഗിക്കാന്‍ കഴിവുള്ള, ഈടുറ്റവിമര്‍ശനങ്ങള്‍ സാഹിത്യത്തെ ശുദ്ധീകരിക്കും എന്നു വിശ്വസിക്കുന്ന വിമര്‍ശകരും നിരൂപകരും പഠിതാക്കളുമടങ്ങുന്ന എഴുത്തുകാരുടെ നിര ‘നവകഥാദകര്‍ശന’ത്തിന് മാറ്റുകൂട്ടുന്നു.ഇരുപത്തൊന്നാം  നൂറ്റാണ്ടിലെ കഥ പകരുന്ന ലാവണ്യാനുഭൂതിയുടെ രസതന്ത്രം അന്വേഷിക്കുന്നതും നവ കഥകളിലെ വിപുലമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ദര്‍ശനങ്ങളെ അനാവരണം ചെയ്യുന്നതും ഈ ഗ്രന്ഥത്തിന്റെ പൊതു സവിശേഷതയാണ്.കഥാപഠനങ്ങളില്‍ കഥയുടെ സത്തയും സൗന്ദര്യവും ചോര്‍ന്ന് പോകാതിരിക്കാന്‍ എഴുത്തുകാര്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ട്. ഇത് വിമര്‍ശകരുടെ മൂല്യബോധത്തയും കൈയടക്കത്തേയും സൂചിപ്പിക്കുന്നു. ജീവിതത്തിന്റെ പരാവര്‍ത്തനമായി മാറുന്ന കഥകളിലെ ഉള്‍ക്കാഴ്ചകള്‍ കണ്ടെത്താനുള്ള ശ്രമമാണ് പക്ഷഭേദമില്ലാത്ത  സുതാര്യവിമര്‍ശന കലയായി പരിണമിക്കുന്നത്. ‘കി മ ടൃേശര േലെിലെ രൃശശേരശാെ ശ െമ ഷൗറഴാലി േ’  എന്നത് വിമര്‍ശനത്തിന്റെ ഒരു നിര്‍വചനമാണ്. കഥ നല്ലതോ ചീത്തയോ എന്ന് വിധിക്കുന്നതിനു പകരം അത് ജീവിതത്തോടും ലോകത്തോടും പുലര്‍ത്തുന്ന സത്യസന്ധത,ആത്മാര്‍ത്ഥത,ധാര്‍മ്മികത,നൈതികത തുടങ്ങിയ മൂല്യങ്ങള്‍ കണ്ടെത്താന്‍ നവകഥാദര്‍ശനത്തിലൂടെ ശ്രമിക്കുന്നുണ്ട്. പകല്‍ വെളിച്ചത്തില്‍  നടക്കുന്നതുപോലെ അനായാസം കടന്നു കയറാവുന്നതല്ല പുതുകഥകളുടെ ഉള്ളറകള്‍; അവ കുഞ്ഞ് നക്ഷത്രങ്ങളുടെ വെളിച്ചത്തില്‍ സാവധാനം അന്വേഷിച്ചു കണ്ടെത്താവുന്നതുപോലുള്ള ആസ്വാദനസാദ്ധ്യതകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. കാലാനുസൃതമായി നേടിയെടുത്ത ഉറപ്പും കരുത്തും മൗലികതയുമുള്ള ചെറുകഥ എന്ന സാഹിത്യരൂപത്തെ തികഞ്ഞ ഗൗരവത്തോടെ വൈവിദ്ധ്യത്തോടെ  പഠിക്കാനുള്ള ടെക്‌നിക്ക്, ഈ പുസ്തകം പഠിതാക്കള്‍ക്ക് പകര്‍ന്നുനല്‍കും, നവകഥാദര്‍ശനത്തിന്റെ ആമുഖത്തില്‍ റ്റോജി വര്‍ഗീസ് ഇങ്ങനെ രേഖപ്പെടുത്തുന്നു.  ‘അനേകപാരായണ സാദ്ധ്യതകളെ തുറന്നിടുന്ന സൂക്ഷ്മ രാഷ്ട്രീയം ഓരോ കഥയുടേയും ഉള്‍ക്കരുത്താകുന്നു. അവയെ നിര്‍വ്വചിക്കാന്‍ പഴയകാല സിദ്ധാന്തങ്ങള്‍ അപര്യാപ്തമായി വരുന്നിടത്താണ് ‘നവകഥാദര്‍ശന’ത്തിന്റെ പ്രസക്തി.’     പോസ്റ്റ്‌മോഡേണിസത്തില്‍ ഓരോ ചെറുകഥയും ഓരോ  ബഹുസ്വരവായനയാണ്. പുതിയ കഥകളെപ്പറ്റി വേണ്ടത്ര പഠനങ്ങള്‍ ലഭിക്കാതെയും മാറിവരുന്ന കഥാസന്ദര്‍ഭങ്ങള്‍ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാതെയും വരുമ്പോള്‍ കഥകളിലെ രചനാതന്ത്രങ്ങളിലേക്കും ആശയ വ്യക്തതയിലേക്കും വായനക്കാരെ നയിക്കാന്‍ ‘നവകഥാദര്‍ശന’ത്തിന് കഴിയും. ചെറുകഥാപഠനത്തെ മേല്‍ത്തട്ടിലേക്കുയര്‍ത്താന്‍ കഴിയുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണ് ‘നവകഥാദര്‍ശനം’. എന്നാല്‍ ഇത് ലൈബ്രറിയിലെ അലമാരയില്‍ ഒതുങ്ങേണ്ടതല്ല, ഓരോ സാഹിത്യപഠിതാവിന്റേയും മേശപ്പുറത്തുണ്ടാകേണ്ട പുസ്തകങ്ങളിലൊന്നാണ്.