Monday
23 Apr 2018

ചരിത്രം തൊട്ട നോവല്‍

By: Web Desk | Saturday 7 October 2017 11:33 PM IST

പുസ്തകമൂല : ജിഷ ബാബു

11-ാം നൂറ്റാണ്ടിലേക്കുള്ള ഒരു യാത്രയാണ് എമ്പയര്‍ എന്ന ചരിത്ര നോവല്‍. ഭാരതത്തിന്റെ കിഴക്ക്പടിഞ്ഞാറ് ഭൂപ്രദേശങ്ങള്‍ മുതല്‍ ഇപ്പോഴത്തെ ശ്രീലങ്ക, ഇന്റൊനേഷ്യ എന്നീ രാജ്യങ്ങളുംമലേഷ്യ, തായ്‌ലന്റ് രാജ്യങ്ങളുടെ കുറച്ചു ഭാഗങ്ങളും അടക്കിവാണിരുന്ന  ചോളസാമ്രാജ്യത്തിന്റെ അതിസാഹസികമായ പടയോട്ടവും അതിനിടയില്‍ മുളപൊട്ടിയ പ്രണയകഥകളുടെ ചുരുളുകളുമാണ്  ഈ നോവലിന്റെ ഇതിവൃത്തം.

സ്വന്തമായി ആയിരത്തില്‍പ്പരം കപ്പലുകള്‍ ഉണ്ടായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നാവികസേനക്കുടമയായ ചോളരാജ്യത്തെ ആക്രമിക്കുക എന്ന വിഡ്ഢിത്തരത്തിന് ഒരുമ്പെട്ട ഗ്രീക്കുകപ്പലിന് അവരുടെ സൈന്യവും ധനവും നഷ്ടപ്പെട്ടതു കൂടാതെ  കപ്പലിലുണ്ടായിരുന്ന 12 കാരി അറമിസിനെകൂടെ വിട്ടുകൊടുക്കേണ്ടിയും വരുന്നു. സ്വന്തം നിലനില്‍പിന് നേട്ടങ്ങള്‍ അനിവാര്യമാണെന്നറിയുന്ന അറമിസ് ത്യാഗങ്ങളും കഠിനാദ്ധ്വാനവും കൊണ്ട് രാജാവിന്റെ വിശ്വസ്തയായ അംഗരക്ഷകയുടെ സ്ഥാനത്തെത്തുന്നു. തുടര്‍ന്നുള്ള സംഭവ വികാസങ്ങളില്‍ ആ സ്ഥാനം നഷ്ടപ്പെടുന്നതും പിന്നീട് വരുന്ന യുദ്ധത്തില്‍ നഷ്ടപ്പെട്ട സ്ഥാനങ്ങള്‍ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുപിടിക്കുന്ന അറമിസിന്റെയും പടനായകനായ അനന്തയുടെയും  അനുഭവങ്ങളിലൂടെയാണ ്  കഥ വികസിക്കുന്നത ് .

ഹൃദ്യമായ വിവരണങ്ങളും സുന്ദരമായ ഭാവനയും രാജേന്ദ്രചോള രാജാവിന്റെ സാമ്രാജ്യവും ഗ്രീക്കുകാരിയായ നായികയും നമ്മുടെ മുന്‍പില്‍ നവ്യമായ അനുഭവമായി മാറ്റുന്നു.

ചോളരുടെ ജീവിതരീതികള്‍, ഭാഷ, രുചികള്‍, ഗന്ധങ്ങള്‍ എല്ലാം ഒരു വിദേശിയായ അറമിസിന്റെ  കണ്ണുകളിലൂടെ അവതരിപ്പിക്കാനുള്ള  അവസരമൊരുക്കുയാണ് ദേവി യശോധരന്‍ എന്ന നോവലിസ്റ്റ്.  ചോള സാമ്രാജ്യത്തിലേക്കുള്ള ഈ യാത്ര ഒരു ഹൃദ്യമായ സല്‍ക്കാരമാണ്. പഴയ കഥാസന്ദര്‍ഭത്തിന്റെ നവീനമായ ആഖ്യാനം  ആദ്യത്തെ പേജ് മുതല്‍ വായനക്കാരനെ പിടിച്ചിരുത്തുന്നു. അക്കാലത്തെ ഓരോ സ്പന്ദനവും സൂക്ഷ്മമായ പഠനത്തിലൂടെ അടുത്തറിഞ്ഞ്  എഴുതിച്ചേര്‍ത്തിരിക്കയാണ് നോവലിസ്റ്റ്. സത്യത്തിന്റെയും സ്‌നേഹത്തിന്റെയും ചതിയുടേയും വഞ്ചനയുടേയും യുദ്ധകൗശലതയുടേയും  സാഹസികതയുടെയും മറക്കാനാകാത്ത സന്ദര്‍ഭങ്ങള്‍ വളരെ സുന്ദരമായി കാഴ്ചവെയ്ക്കുന്നു.  ചരിത്രനോവലുകളില്‍ ഒരു പുതിയ അദ്ധ്യായം രചിച്ചിരിക്കുന്ന എമ്പയര്‍  എന്ന നോവല്‍ ദേവി യശോധരന്റെ ആദ്യത്തെ സൃഷ്ടിയാണെന്നുള്ളത്  ഓരോ വായനക്കാരനേയും ആശ്ചര്യപ്പെടുത്തുന്നു. ഈ കൃതിയുടെ നിലവാരം ഭാവിയിലെ ചരിത്രനോവലുകളിലും പ്രതീക്ഷിക്കുന്നു.

മലയാളിയായ ദേവി യശോധരന്‍ കൊല്ലം നിവാസിയാണ്.  ഇന്‍ഫോസിസ് മുന്‍ചെയര്‍മാന്‍ നാരായണമൂര്‍ത്തിയുടെ സ്പീച്ച്‌റൈറ്റര്‍ ആയിരുന്നു.  ഇപ്പോള്‍ ബാംഗ്ലൂരിലെ ട്രെന്റ് ലൈന്‍ടെക്‌നോളജീസിന്റെ കോ – ഫൗണ്ടറാണ്.