Tuesday
11 Dec 2018

ഷുക്കൂര്‍ നാടകങ്ങളുടെ വായനാനുഭവം

By: Web Desk | Sunday 10 December 2017 1:14 AM IST

ഡോ. ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍

ദൃശ്യശ്രവ്യ പാരസ്പര്യത്തിന്റെ ചാരുതയാര്‍ന്ന ചേരുവകൊണ്ട് അനുവാചക മനസിന്റെ അനുഭവ സീമയില്‍ സ്ഥലകാല സമസ്യകളേയും സത്യങ്ങളേയും അടയാളപ്പെടുത്തുന്ന കലയാണ് നാടകം. കേരളീയ സമൂഹത്തെ അഭിമാനകരമായ നേട്ടങ്ങളിലേയ്ക്ക് കൈപിടിച്ച് നടത്തുന്നതില്‍ ദൃശ്യകലയായ നാടകത്തിനുണ്ടായിരുന്ന പങ്ക് ഒരു ചരിത്രപാഠമാണ്. ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്’ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍.
ആധുനിക സാങ്കേതിക വിദ്യകളുടെ ചിറകുകള്‍ കൂടി ലഭ്യമായതോടെ ജനപ്രിയ കലയെന്ന നിലയില്‍ സിനിമയ്ക്കുണ്ടായ സ്വീകാര്യത നാടകത്തിന്റെ ജനകീയതയ്ക്ക് അല്‍പ്പം മങ്ങലേല്‍പ്പിച്ചുവെന്നത് സത്യം.
ആദ്യാവസാനം നാടകം ഒരു ദൃശ്യകലയാണെങ്കിലും ആകാശവാണിയും മറ്റ് റേഡിയോ നാടകങ്ങള്‍ അവതരിപ്പിച്ചുതുടങ്ങിയതോടെ നാടകം കേള്‍ക്കാനും കൊള്ളാവുന്നതായി. ഇടവാ ഷുക്കൂറിന്റെ നാടകങ്ങള്‍ വായിച്ചതോടെ നാടകങ്ങള്‍ കാണാന്‍ മാത്രമല്ല വായിക്കാനും നല്ലതെന്നു മനസിലായി.
ആയിരത്തോളം പേജുകളുള്ള ഇടവ ഷുക്കൂറിന്റെ ‘സമ്പൂര്‍ണ നാടകങ്ങള്‍’ എന്ന ഗ്രന്ഥം ഒരു ഉറൂബ് നോവലെന്നപോലെ എനിക്ക് വായിച്ചുതീര്‍ക്കാനായി. രംഗവേദിയിലെന്നപോലെ കടലാസിലും നാടകമെഴുതുവാന്‍ അത്ഭുതസിദ്ധിവിശേഷങ്ങള്‍ കൈമുതലായുണ്ടാവണം. അത്തരം സിദ്ധിവൈഭവത്തിന്റെ ഉടമയാണ് താനെന്ന് ഈ നാടകങ്ങളിലൂടെ ഇടവാ ഷുക്കൂര്‍ തെളിയിച്ചിരിക്കുന്നു.
ഈ സമാഹാരത്തിന്റെ തിലകക്കുറിയായി രണ്ട് മഹാപ്രതിഭകളുടെ കുറിപ്പുകളും കണ്ടു. ”അവ നാടകധര്‍മ്മവും മര്‍മ്മവും അറിഞ്ഞ ഒരു ഉപാസകന്റെ കൃതികള്‍” തന്നെയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. ”തോപ്പില്‍ഭാസി ചേട്ടനേയും കാമ്പിശേരിയേയും പോലുള്ള പ്രതിഭാധനരുടെ അഭിനന്ദനങ്ങളും ആശംസകളും ഈ നാടകങ്ങള്‍ നേടി എന്നത് ഷുക്കൂറിന്റെ നാടകജീവിതത്തിലെ പൊന്‍തൂവലുകളാണ്” എന്ന് പുതുശേരി രാമചന്ദ്രന്‍. ഒരു നാടകത്തിന് ഇതിലും വലിയ അവാര്‍ഡുകള്‍ വേറെയില്ല.
എങ്കിലും ഈ നാടകങ്ങള്‍ നേടിയ അവാര്‍ഡുകളിലേയ്ക്ക് ഒരു തിരനോട്ടം ഉചിതമാണ്. മഹാകവി ജി അവാര്‍ഡ്, സാഹിത്യ അക്കാദമി പുരസ്‌കാരം, അല്‍ക്കുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ അവാര്‍ഡ്, ദുബായ് കൈരളി കലാകേന്ദ്രം അവാര്‍ഡ്, തിക്കുറിശി കലാവേദി പുരസ്‌കാരം തുടങ്ങി അനേക അംഗീകാരങ്ങള്‍ ഈ കലോപാസകനെ തേടിയെത്തിയിട്ടുണ്ട്.
ഈ സമാഹരത്തിലുള്‍ക്കൊള്ളിച്ചിട്ടുള്ള നാടകങ്ങളുടെ സമഗ്രമായ ഒരു വിശകലത്തിനും വിലയിരുത്തലിനും ഒരു ആസ്വാദകന്‍ മാത്രമായ ഞാന്‍ മുതിരുവാന്‍ പാടില്ല. നാടകാചാര്യനായ തോപ്പില്‍ഭാസിയുടെ വാക്കുകള്‍ അതുകൊണ്ട് ഞാന്‍ കടമെടുക്കുന്നു. പുതിയ തലമുറയിലെ നാടക കൃത്തുക്കളില്‍ ഗണനീയനായ ഒരു വ്യക്തിയാണ് ഇടവാ ഷുക്കൂര്‍. ഷുക്കൂറിന്റെ നാടകങ്ങളിലെ പ്രമേയങ്ങളെയാണ് ഞാന്‍ ഏറെ വിലമതിക്കുന്നത്.
ഹൃദയ സ്പന്ദനങ്ങള്‍പോലെ സ്വാംശീകരിച്ച തീഷ്ണമായ പ്രവാസ അനുഭവങ്ങളുള്ളതുകൊണ്ടാവണം ഈ നാടകങ്ങള്‍ക്കെല്ലാം പൊതുവില്‍ ഒരു ഗള്‍ഫ് അന്തരീക്ഷമുണ്ട്. ഇത് പറയുമ്പോഴും ഷുക്കൂര്‍ ഒപ്പിയെടുത്ത് അവതരിപ്പിക്കുന്ന സമകാലീന സംഭവങ്ങളുടെ ചൂടും ചൂരും ഒട്ടുംതന്നെ കുറവല്ലായെന്നുകൂടി പറയേണ്ടിവരും.
അപലപനീയമായ ഉപഭോഗാസക്തി സ്വാര്‍ഥപരമായ സങ്കുചിത്വം, പണാധിപത്യം അരശാളുമ്പോഴുണ്ടാകുന്ന സാമൂഹ്യവും വ്യക്തിപരവുമായ അപചയങ്ങള്‍, ആദര്‍ശ രാഷ്ട്രീയത്തില്‍ നിന്നും അധികാര രാഷ്ട്രീയത്തിലേയ്ക്കുള്ള പകര്‍ന്നാട്ടത്തിനിടയില്‍ നഷ്ടപ്പെട്ടുപോകുന്ന മൂല്യബോധങ്ങള്‍ എന്നിവയെല്ലാം തന്റെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുവാന്‍ ഷുക്കൂറിന് കഴിഞ്ഞിട്ടുണ്ട്. ഈ അടയാളപ്പെടുത്തലുകളിലൂടെ താന്‍ മനുഷ്യത്വത്തിന്റേയും നന്മയുടേയും ഭാഗത്താണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞുവയ്ക്കുവാനും ഈ എഴുത്തുകാരന് കഴിഞ്ഞു.
ഈ സമാഹാരത്തിലെ ‘കുടീചരന്‍’ തന്നെയാണ് പ്രഥമ സ്ഥാനത്തിന് അര്‍ഹമായതെന്ന് തോന്നുന്നു. സമകാലീന സംഭവങ്ങള്‍ക്ക് നേര്‍ക്ക് തിരിച്ചുവച്ച ഒരു കണ്ണാടിപോലെ തിളങ്ങിനില്‍ക്കുന്നതാണ് ഇതിന്റെ പ്രമേയവും രചനയും. ഭക്തിയുടെയും ദൈവത്തിന്റെയും കച്ചവട ആത്മീയതയുടെയും പേരില്‍ ആഭാസ അഴിഞ്ഞാട്ടങ്ങള്‍ അരങ്ങുവാഴുന്ന കാലത്ത് ‘കുടീചര’ന്റെ പ്രസക്തി ഏറെയാണ്. ഒരു ആള്‍ദൈവത്തിന്റെ പേരില്‍ അരങ്ങേറിയ നിന്ദ്യവും നികൃഷ്ടവുമായ അക്രമങ്ങളുടെ ഹരിയാന, പഞ്ചാബ് ദൃശ്യങ്ങള്‍ മനസിലേല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങാറായിട്ടില്ല. ഈ അപകടങ്ങള്‍ മുന്‍കൂട്ടിതന്നെ പ്രവചിച്ചിരിക്കുന്നു ‘കുടീചരന്‍.’
നമ്മുടെ സമൂഹത്തിലും പൊതുജീവിതത്തിലും വന്നുഭവിച്ച പുഴുക്കുത്തുകള്‍ക്കും രോഗങ്ങള്‍ക്കും രോഗവാഹികള്‍ക്കും നേരെ ഒരു സെര്‍ച്ച് ലൈറ്റിന്റെ ശക്തമായ പ്രകാശധാര പ്രവഹിപ്പിക്കുന്നവയാണ് ഇതിലെ ഓരോ രചനയും. അവയെ വെളിപ്പെടുത്തുക മാത്രമല്ല, അവയ്‌ക്കെതിരെ പൊരുതുവാനും പൊരുതി തോല്‍പ്പിക്കുവാനുമുള്ള ശക്തമായ ആഹ്വാനം നല്‍കുകകൂടി ചെയ്യുന്നവയാണ് ഈ രചനകള്‍ എന്നത് ഈ വായനാനുഭവത്തിന്റെ വശ്യസൗന്ദര്യം വര്‍ധിപ്പിക്കുന്നു.
പരത്തി പറയുവാന്‍ തുനിയുന്നില്ല. മനുഷ്യമനസുകളില്‍ നന്മയുടെ ദിവ്യപ്രകാശം അക്ഷരങ്ങളിലൂടെ പരത്തുവാന്‍ അത്ഭുതസിദ്ധിയുള്ളവര്‍ക്കെ സാധ്യമാവുകയുള്ളു. ആ സിദ്ധിവിശേഷത്തിന്റെ ഉടമയാണ് ഷുക്കൂര്‍. നാടകത്തിന്റെ മാത്രമല്ല, സാഹിത്യത്തിന്റെ പല ഇടനാഴികളിലൂടെയും ഒരു അവധൂതന്റെ തപസ്യപോലെ സഞ്ചരിക്കുന്ന ഒരാളാണ് ഷുക്കൂര്‍. ഇദ്ദേഹത്തെ എനിക്കടുത്തറിയാം. നാടകത്തിന്റെ നാനാപ്രവര്‍ത്തനങ്ങളിലും സദാ മുഴുകിയ ഈ മനുഷ്യന്‍ ജീവിതത്തില്‍ ഒരു നടനേയല്ല. ഈ മനുഷ്യനേയും അദ്ദേഹത്തിന്റെ സാഹിത്യസേവനങ്ങളേയും ഈ കൃതികള്‍ വായിച്ചുനാം അറിയണം. ഈ രചനകള്‍ കഥകള്‍പോലെ വായിക്കാം, നാടകംപോലെ ആസ്വാദിക്കുകയും ചെയ്യാം.
ഷുക്കൂര്‍ തന്നെ എഴുതിയതുപോലെ
‘വെളിച്ചം കുറഞ്ഞുവിളര്‍ത്ത ഗുഹാമുഖ-
ത്തേകനായി നില്‍ക്കുന്ന പാന്ഥനാണിന്നു ഞാന്‍,’
എന്ന് കരുതേണ്ടതില്ലായെന്നു പറയുവാന്‍ തോന്നുന്നു. കൂടെയുണ്ട് കുറേയേറെ പേര്‍.

ഇടവാ ഷുക്കൂറിന്റെ സമ്പൂര്‍ണ നാടകങ്ങള്‍ (നാടകം)
ഇടവാ ഷുക്കൂര്‍
പ്രഭാത് ബുക്ക് ഹൗസ്
വില: 900 രൂപ.