Wednesday
19 Sep 2018

കുപ്പിവെള്ളം കാന്‍സര്‍ സമ്പുഷ്ടം

By: Web Desk | Saturday 30 June 2018 4:48 PM IST

കെ രംഗനാഥ്
ദുബായ്: കേരളത്തിലെ വിപണികള്‍ വാഴുന്ന കുപ്പിവെള്ളത്തില്‍ മനുഷ്യമലത്തിലെ കോളിഫോം ബാക്ടീരിയകള്‍ സമ്പന്നമെന്ന റിപ്പോര്‍ട്ടിനിടയില്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്ന കുപ്പിവെള്ളത്തില്‍ 93 ശതമാനവും കാന്‍സറിനിടയാക്കുന്ന പ്ലാസ്റ്റിക് മാലിന്യസമൃദ്ധമെന്ന് ഞെട്ടിപ്പിക്കുന്ന പഠനം.
ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ പതിനായിരം സൂക്ഷ്മമായ പ്ലാസ്റ്റിക് തരികളുണ്ടെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോപ്ലാസ്റ്റിക് ഗവേഷകനായ ഷെറി മേസന്റെ നേതൃത്വത്തില്‍ നടന്ന പഠനം വെളിപ്പെടുത്തി. സെക്കന്‍ഡില്‍ കാല്‍ ലക്ഷത്തിലേറെ കുപ്പിവെള്ളമാണ് ലോകത്ത് ഉല്‍പാദിപ്പിക്കുന്നത്. കാന്‍സര്‍ സമ്പുഷ്ട കുപ്പിവെള്ളം ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്‍പതു രാജ്യങ്ങളില്‍ ഇന്ത്യയും യുഎസും താലയ്‌ലന്റുമാണ് മുന്‍പന്തിയില്‍. ഉല്‍പാദനഘട്ടത്തിലുണ്ടാവുന്ന പ്ലാസ്റ്റിക് മാലിന്യവല്‍ക്കരണമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പോളിപ്രൊപൈലിന്‍, നൈലോണ്‍ മാലിന്യങ്ങള്‍ നാരുരൂപത്തിലല്ല സൂക്ഷ്മതരികളായാണ് കുപ്പിവെള്ളത്തിലുള്ളത്.
കഴിഞ്ഞവര്‍ഷം ലോകമൊട്ടാകെ 54,000 കോടി കുപ്പികളില്‍ നിറച്ച വെള്ളമാണ് ലോകത്ത് വിറ്റഴിച്ചത്. ഒരു മിനിറ്റില്‍ 1.13 കോടി കുപ്പിവെള്ളമാണ് ഒരു മിനിറ്റില്‍ ഉല്‍പാദിപ്പിക്കുന്നത്. 91 ശതമാനം കുപ്പികളും റീസൈക്കിള്‍ ചെയ്യാതെ വീണ്ടും നിറയ്ക്കാന്‍ ഉപയോഗിക്കുന്നു. ലോകത്തെ സമുദ്രങ്ങളില്‍ 800 കോടി ടണ്‍ പ്ലാസ്റ്റിക്കാണ് ഓരോ വര്‍ഷവും തള്ളുന്നത്. ഒരു പ്ലാസ്റ്റിക് വസ്തു പൂര്‍ണമായി ജീര്‍ണിക്കാന്‍ 450 വര്‍ഷം വേണ്ടി വരും.
ഇക്കണക്കിന് പോയാല്‍ 2050 ആകുമ്പോഴേയ്ക്കും കടലുകളിലെ മത്സ്യങ്ങളുടെയും പ്ലാസ്റ്റിക് നിക്ഷേപത്തിന്റെയും ഭാരം തുല്യമായിത്തീരുമെന്നും പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യയിലും മത്സ്യം കഴിക്കുന്നവരുടെ ഉള്ളിലേയ്ക്ക് അവരറിയാതെ 6400 പ്ലാസ്റ്റിക് തരികളെങ്കിലും കടന്നുകൂടുന്നതിനാല്‍ കുടിവെള്ളം മാത്രമല്ല മത്സ്യവും കാന്‍സര്‍വാഹിയാകുന്നുവെന്ന ദുരന്തമാണ് മനുഷ്യരാശിയെ തുറിച്ചുനോക്കുന്നതെന്നാണ് ഈ പഠനത്തെ വിശകലനം ചെയ്ത ദുബായിലെ പ്രസിദ്ധ കാന്‍സര്‍ ചികിത്സാകേന്ദ്രമായ അഡ്വാന്‍സ് കെയര്‍ ഓങ്കോളജി സെന്ററിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. തമീര്‍ അബ്ദുല്‍ഗവാദ് അഭിപ്രായപ്പെട്ടത്.

 

Related News