Monday
21 Aug 2017

ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ്‌ അലി വിടപറഞ്ഞിട്ട്‌ ഒരു വർഷം

By: Web Desk | Saturday 3 June 2017 4:45 AM IST

ബോക്സിങ്‌ ഇതിഹാസം മുഹമ്മദ്‌ അലി വിടപറഞ്ഞിട്ട്‌ ജൂൺ 4ന് ഒരു വർഷം പിന്നിടുന്നു. മികവുറ്റ ബോക്സർ എന്നതിനപ്പുറം തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം.
അമേരിക്കയിലുളള കെന്റക്കി സംസ്ഥാനത്തുളള ലൂയിസ്‌ വില്ല പട്ടണത്തിലെ ഒരു ദരിദ്ര കുടുംബത്തിൽ 1942 ജനുവരി 17ന്‌ കാഷ്യസ്‌ മാഴ്സലസ്‌ ജനിച്ചു. കാഷ്യസ്‌ മാഴ്സലസ്‌ ക്ലേ സീനിയറും ഒഡേസ ഗ്രേഡിയുമായിരുന്നു മാതാപിതാക്കൾ. കാഷ്യസ്‌ ക്ലേ ജൂനിയർ എന്നായിരുന്നു ആദ്യകാല പേര്‌.
12-ാ‍ം വയസ്സിലാണ്‌ ക്ലേയുടെ ജീവിതം മാറ്റിമറിച്ച സൈക്കിൾ മോഷണം നടക്കുന്നത്‌. കെന്റക്കിയിലുളള ഒരു പ്രദർശനം കാണാൻ പോയതായിരുന്നു കൊച്ചു ക്ലേ. സൈക്കിൾ നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ പരാതി പറയാൻ ചെന്നെത്തിയത്‌ സമീപത്ത്‌ ബോക്സിങ്‌ പരിശീലനം നൽകിയിരുന്ന ജോ മാർട്ടിൻ എന്ന പോലീസുകാരന്റെ അടുത്ത്‌. പിന്നീടങ്ങോട്ട്‌ ക്യാഷസ്‌ ക്ലേയുടെ ജീവിതം മാറിമറിഞ്ഞു. സൈക്കിൾ കണ്ടു പിടിക്കാൻ പോയ ക്ലേയെ അദ്ദേഹം നിർബന്ധിച്ച്‌ ജിംനേഷ്യത്തിലേക്കയച്ചു. സാധാരണ പയ്യനിൽ നിന്ന്‌ ഒരു ബോക്സറിലേക്കുളള ക്ലേയുടെ രൂപമാറ്റം വളരെപ്പെട്ടെന്നായിരുന്നു. പരിശീലനം തുടങ്ങി ഏതാനും ആഴ്ചകൾക്കകം തുടക്കക്കാരെ തോൽപിച്ച്‌ കുതിപ്പു തുടങ്ങിയ അവൻ 18-ാ‍ം വയസ്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച്‌ ഒളിംപിക്സിലെത്തി. രാജ്യത്തെ താരമായി മാറിയതോടെ സ്പോൺസർമാരുടെയും ആരാധകരുടെയും ബഹളങ്ങളുടെ നടുക്കായി അദ്ദേഹം. ലോകം അറിയപ്പെടുന്ന ബോക്സറാകണം. അതിന്‌ ചെറിയ വിജയങ്ങൾ പോരെന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. വമ്പൻമാരെ ഇടിച്ചിടുക, അത്‌ മാത്രമാണ്‌ പ്രശസ്തിയിലേക്കും ചാമ്പ്യൻ പട്ടത്തിലേക്കുമുളള യാത്രയ്ക്ക്‌ വേണ്ടതെന്ന്‌ തിരിച്ചറിഞ്ഞ അദ്ദേഹം അതിനുളള ശ്രമങ്ങൾ ആരംഭിച്ചു. 1964ൽ 22-ാ‍ം വയസ്സിൽ ആദ്യ ലോക കിരീടം ചൂടിയ കാഷ്യസ്‌ ക്ലേ ഇസ്ലാം മതം സ്വീകരിച്ച്‌ മുഹമ്മദ്‌ അലി എന്ന പേര്‌ മാറ്റുകയായിരുന്നു. മൂന്ന്‌ ഹെവി വെയിറ്റ്‌ കിരീടത്തിനുടമയാവുന്ന ആദ്യ ബോക്സറാണ്‌ അദ്ദേഹം.
മൂന്ന്‌ പതിറ്റാണ്ടോളം നീണ്ടു നിൽക്കുന്നതാണ്‌ അലിയുടെ ബോക്സിങ്‌ കരിയർ. അലിയുടെ മത്സരങ്ങൾ പലതും ചരിത്രമായി രേഖപ്പെടുത്തപ്പെട്ടു. ഓരോ എതിരാളിക്കും നേരെ ഓരോ കൗശലം പ്രയോഗിച്ച അലി എതിരാളികളുടെ പോലും ബഹുമാനം പിടിച്ചു വാങ്ങി. ഇടിക്കൂട്ടിൽ എതിരാളിക്കു നേരെ അലറി വിളിക്കുമ്പോഴും സൗമ്യതയുടേയും മനുഷ്യത്വത്തിന്റെയും ഒരു മുഖം അദ്ദേഹത്തിൽ എന്നും അവശേഷിച്ചിരുന്നു. ഒരിക്കലും പ്രകോപിതനാവാതെ നിൽക്കാൻ അലിക്കു കഴിഞ്ഞതും അതുകൊണ്ടു തന്നെ. 22 വർഷങ്ങൾ 61 മത്സരങ്ങൾ, അതിൽ 56 എണ്ണത്തിലും വിജയം. 37 തവണയും നോക്കൗട്ട്‌ വിജയം. അലി സ്വയം ചരിത്രമെഴുതുകയായിരിരുന്നു.
അലി തന്റെ കരിയറിന്റെ പരകോടിയിൽ നിൽക്കുമ്പോഴാണ്‌ അമേരിക്കൻ ഭരണകൂടത്തെ വെല്ലുവിളിച്ച്‌ കായിക ജീവിതത്തിന്‌ നിരോധനം ഏറ്റുവാങ്ങിയത്‌. സൈന്യത്തിൽ ചേരാനുളള യു എസ്‌ ഭരണകൂടത്തിന്റെ ആവശ്യം അംഗീകരിക്കാത്തതായിരുന്നു കാരണം. 1967ൽ വിയ്റ്റ്നാമിനെതിരെ അമേരിക്ക നടത്തുന്ന ഏകപക്ഷീയ യുദ്ധത്തോട്‌ തനിക്ക്‌ വിയോജിപ്പുളളതിനാൽ സൈന്യത്തിൽ ചേരാനാകില്ലെന്ന്‌ അലി പരസ്യമായി പ്രഖ്യാപിച്ചു. അളളാഹുവോ, നേഷൻ ഓഫ്‌ ഇസ്ലാമിന്റെ സമുന്നത നേതാവ്‌ അലിജ മുഹമ്മദോ ആവശ്യപ്പെട്ടാൽ യുദ്ധം ചെയ്യാൻ തയ്യാറാണെന്നും പറഞ്ഞതോടെ അലി ഭാരണകൂടത്തിന്റെ നോട്ടപ്പുളളിയായി. ബോക്സിങ്‌ മത്സരത്തിൽ നിന്ന്‌ അലിയെ വിലക്കി. രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യാനാറങ്ങിയില്ല എന്ന കാരണത്താൽ അഞ്ചു വർഷത്തെ തടവിനും 10,000 ഡോളർ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. ന്യൂയോർക്ക്‌ ബോക്സിങ്‌ കമ്മീഷനും ലോകബോക്സിങ്‌ കമ്മീഷനുമടക്കം മുഹമ്മദലിയുടെ ചാമ്പ്യൻപട്ടം തിരിച്ചെടുത്തു. ഭരണകൂടത്തിന്റേ ഇത്തരം നടപടികളെ മുഹമ്മദലിയും നിയമപരമായിത്തന്നെ ചോദ്യം ചെയ്തു. മൂന്നു വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ശിക്ഷ എല്ലാം റദ്ദു ചെയ്യാനും മെഡലുകൾ തിരിച്ചു കൊടുക്കുവാനും അമേരിക്കൻ സുപ്രീം കോടതി ഉത്തരവിട്ടു. 1966ലെ അറ്റ്ലാന്റിക്സിനിടെ അന്താരാഷ്്ട്ര ഒളിംപിക്സ്‌ കമ്മറ്റി അദ്ദേഹത്തിനു പുതിയൊരു മെഡൽ നൽകുവാനും തയ്യാറായി. മുഹമ്മദലിയോടു കാണിച്ച ക്രൂരതകൾക്കുളള ഖേദപ്രകടനമെന്ന നിലയിൽ ഇതേ ഒളിംപിക്സിന്റെ ദീപശിഖ തെളിയിക്കാനും അലിക്ക്‌ അവസരം നൽകി. 1971ൽ വിലക്ക്‌ നീക്കിയപ്പോഴും കരിയറിലെ മികച്ച നാലു വർഷങ്ങൾ നഷ്ടപ്പെട്ടിരുന്നു.
നിലപാടുകളിൽ നിന്നു വ്യതിചലിക്കാത്ത മുഹമ്മദലിയുടെ ഇതേ പ്രകൃതമാണ്‌ വെളളക്കാരന്റെ വർണവെറിക്കെതിരെ നിരന്തരം ശബ്ദമുയർത്താനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. തൊലിയുടെ നിറം നോക്കി തന്റെ സമൂഹത്തിലുളളവരെ നിരന്തരം അപമാനിക്കുന്നതും മാറ്റി നിർത്തുന്നതും മുഹമ്മദലിക്കു സഹിക്കുന്നതിലും അപ്പുറമായിരുന്നു. കറുത്തവർക്കും വെളുത്തവർക്കും വെവ്വേറെ വഴികൾ, ഹോട്ടലുകൾ, പാർക്കുകൾ പളളികൾ തുടങ്ങി എല്ലാ മേഖലകളിലും ഈ അസമത്വം പ്രകടമായിരുന്നു. വെളളക്കാർക്കു മാത്രം എന്ന ബോർഡെഴുതിവച്ച ലൂയിസിലെ ഒരു ഹോട്ടലിൽ അലി ഭക്ഷണം കഴിക്കാനെത്തി. കറുത്ത വർഗ്ഗക്കാർക്കിവിടെ ഭക്ഷണമില്ലാ എന്നായിരുന്നു ഹോട്ടലധികൃതരുടെ മറുപടി. ലോകമറിയുന്ന കായികതാരമാണ്‌ താനെന്ന്‌ അറിയിച്ചു. ജന്മനാടിനു വേണ്ടി താൻ നേടിയ ഒളിംപിക്സ്‌ സ്വർണമെഡൽ ഉയർത്തിക്കാട്ടി. എന്നാൽ കറുത്തവർക്കു ഭക്ഷണം നൽകാനാവില്ലെന്നു തന്നെയായിരുന്നു ഹോട്ടലധികൃതരുടെ മറുപടി. തുടർന്ന്‌ ജെഫേഴ്സൺ കൗണ്ട്‌ പാലത്തിനു മുളിൽ നിന്ന്‌ ഊണിലും ഉറക്കത്തിലും താൻ അഭിമാനത്തോടെ കഴുത്തിലണിഞ്ഞുകൊണ്ടു നടന്ന ആ സുവർണ്ണ മുദ്ര ഓഹിയോ നദിയിലേക്ക്‌ വലിച്ചെറിഞ്ഞു. താനടക്കമുളള കറുത്ത വർഗത്തിന്‌ നേരിടേണ്ടി വന്ന അപമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഈ തീരുമാനമെന്ന്‌ അലി പിന്നീടതിനെ വിശേഷിപ്പിച്ചത്‌. തന്റെ തീരുമാനത്തിൽ ഒരിക്കലും കുറ്റബോധം തോന്നാതിരുന്ന അലി താൻ ചെയ്തതു തന്നെയായിരുന്നു ശരിയെന്നാണ്‌ മരണം വരെ വിശ്വസിച്ചു പോന്നത്‌. പാർക്കിൻസൺ രോഗത്തിന്റേ പിടിയിൽപ്പെട്ട്‌ കുടുത്ത അവശതകൾ നേരിട്ട അവസാന കാലഘട്ടത്തിലും അമേരിക്കൻ പ്രസിഡന്റ്‌ സ്ഥാനത്തേക്കു മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ്‌ ട്രംപിന്റെ വിവാദ മുസ്ലീം വിരുദ്ധ പ്രസ്താവനകളോടു ശക്തമായ ഭാഷയിൽ പ്രതികരിക്കാനും മുഹമ്മദ്‌ അലി മറന്നില്ല. 2016 ജൂൺ 4ന്‌ അമേരിക്കയിലെ അരിസോണയിലെ ഫിനിക്സിൽ വച്ചാണ്‌ ഇടിമുഴക്കത്തിന്റെ ആരവങ്ങളില്ലാത്ത ലോകത്തേക്ക്‌ യാത്രയായത്‌. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന്‌ സ്കോട്ട്ഡെയിലിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

Related News