Thursday
24 Jan 2019

ബ്രസീല്‍: ജനാധിപത്യം ആക്രമിക്കപ്പെടുന്നു

By: Web Desk | Saturday 14 April 2018 10:16 PM IST

രാജാജി മാത്യു തോമസ്

ബ്രസീലിന്റെ മുന്‍ പ്രസിഡന്റും വര്‍ക്കേഴ്‌സ് പാര്‍ട്ടി (പിടി) നേതാവുമായ ലൂയിസ് ഇനാസ്യോ ലുല ഡ സില്‍വയുടെ ജയില്‍ശിക്ഷ ആ രാജ്യത്ത് ഇതിനകം സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞ അട്ടിമറി രാഷ്ട്രീയസംസ്‌കാരത്തിന്റെ ഭാഗമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 2016 ല്‍ രാജ്യത്തിന്റെ അന്നത്തെ പ്രസിഡന്റ് ദില്‍മ റുസേഫിനെ പാര്‍ലമെന്ററി അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടയാക്കിയിരുന്നു. ബ്രസീല്‍ സുപ്രിം കോടതി ലുലയെ ‘കാര്‍വാഷ്’ എന്നറിയപ്പടുന്ന അഴിമതിക്കേസില്‍ 12 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ഒക്‌ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജയില്‍ശിക്ഷ തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കണമെന്ന അപേക്ഷ നിരാകരിച്ചാണ് ശിക്ഷാവിധി ഉടന്‍ നടപ്പാക്കാന്‍ ഭൂരിപക്ഷ തീരുമാന പ്രകാരം കോടതി വിധിച്ചത്. നാലിനെതിരെ അഞ്ചു വോട്ടുകള്‍ക്കാണ് ലുലയുടെ അപേക്ഷ കോടതി തിരസ്‌കരിച്ചത്.
രാജ്യത്തെ ഡസന്‍കണക്കിന് ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ജയില്‍ശിക്ഷയ്ക്കുവിധിച്ച അഴിമതിക്കേസാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുളള പെട്രോബാസ് എന്ന എണ്ണക്കമ്പനിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത്. കമ്പനിയുടെ കരാര്‍ പ്രവൃത്തികള്‍ സാമ്പത്തിക നേട്ടത്തിനുവേണ്ടി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയെന്നായിരുന്നു ആരോപണം.
ഒക്‌ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലുലയായിരിക്കും തങ്ങളുടെ സ്ഥാനാര്‍ഥി എന്ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രഖ്യാപിക്കുകയും അദ്ദേഹം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. ലുലയുടെ പ്രചാരണ പരിപാടികള്‍ക്ക് വന്‍ജനപിന്തുണയാണ് ലഭിച്ചുവന്നിരുന്നത്. ഇതുവരെ നടന്ന അഭിപ്രായ വോട്ടെടുപ്പിലെല്ലാം ലുല തന്നെയാണ് മുന്നിട്ടുനിന്നിരുന്നത്. ജയില്‍വാസം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് നടന്ന വോട്ടെടുപ്പുകള്‍ അദ്ദേഹത്തിന് 80 ശതമാനം വരെ പിന്തുണ രേഖപ്പെടുത്തിയിരുന്നു.
ദില്‍മ റുസേഫിനെ അധികാരഭ്രഷ്ടയാക്കിയ പാര്‍ലമെന്ററി അട്ടിമറിയെ തുടര്‍ന്ന് ബ്രസീലിലെ രാഷ്ട്രീയ അന്തരീക്ഷം തികച്ചും കലുഷിതമാണ്. രാഷ്ട്രീയ ചേരിതിരിവ് രാഷ്ട്രത്തെ നെറുകെ പിളര്‍ത്തിയിരിക്കുന്നു. അന്തരീക്ഷം തീര്‍ത്തും ഹിംസാത്മകമാണ്, പി ടിയുടെ നഗരസഭാ കൗണ്‍സില്‍ അംഗമായിരുന്ന വനിതാ നേതാവ് മരിയേലാ ഫ്രാങ്കോ മാര്‍ച്ച് 14 ന് പൊലീസ് കസ്റ്റഡിയില്‍ കൊലചെയ്യപ്പെട്ടു. റയോ ഡി ജനീറോ നഗരം അക്ഷരാര്‍ഥത്തില്‍ പട്ടാള നിയന്ത്രണത്തിലാണ്. പരാന പ്രവിശ്യയില്‍ പ്രചാരണം നടത്തിവന്ന ലുലയുടെ വാഹന വ്യൂഹത്തിനുനേരെ അടുത്തയിടെ വെടിവെയ്പുപോലുമുണ്ടായി.
അഴിമതിക്കേസില്‍ ലുലുയുടെ പങ്കാളിത്തം തെളിയിക്കാന്‍ കോടതിക്ക് കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മാത്രമല്ല അദ്ദേഹത്തെ തടവിലാക്കുന്നതില്‍ കോടതി അനാവശ്യ തിടുക്കം കാട്ടിയതായും ആരോപണമുണ്ട്. ബ്രസീലില്‍ കോടതി ശിക്ഷിക്കപ്പെട്ടാലും സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് കോടതിയെ സമീപിക്കാമെന്നിരിക്കെയാണ് കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി അദ്ദേഹത്തെ ജയിലിലടച്ചത്. അത് തെരഞ്ഞെടുപ്പ് പ്രക്രിയയെതന്നെ അട്ടിമറിക്കാനുള്ള കോടതിയുടെയും വലതുപക്ഷ പാര്‍ട്ടികളുടെയും പട്ടാള വൃത്തങ്ങളുടെയും സംഘടിത ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.
സാമ്പത്തിക തട്ടിപ്പിന് രാജിവെയ്ക്കാന്‍ ബ്രസീല്‍ സെനറ്റിന്റെ അധ്യക്ഷന്‍ നൈന്‍ കാല്‍ഹിറോസിനോട് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. കാല്‍ഹിറോസ് കോടതി അധ്യക്ഷ കാര്‍മെന്‍ ലൂസിയെ വിചാരണക്കിടെ നിരവധി തവണ കാണുകയും അവര്‍ സെനറ്റിന് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളാമെന്ന് വിധിക്കുകയുമായിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് മിഷല്‍ ടെമറിന്റെയും കൂട്ടാളികളുടെയും അഴിമതിക്കേസിലും സമാനമായ നിലപാടാണ് കോടതി അവലംബിച്ചത്. എന്നാല്‍ ലുലു തന്റെ പിന്‍ഗാമി ദില്‍മ റൂസേഫിന്റെ ഗവണ്‍മെന്റില്‍ ചേരുന്നതിനെ ഇതേ കോടതി തന്നെ പലതവണ തടയുകയുമുണ്ടായി. സംഘടിത കുറ്റകൃത്യങ്ങളുടെ പേരില്‍ പ്രസിഡന്റ് ടെമര്‍ വിചാരണ നേരിടുന്നതിനെ കോണ്‍ഗ്രസ് (ജനപ്രതിനിധിസഭ) പ്രതിരോധിച്ചപ്പോഴും കോടതി നിശബ്ദത പാലിക്കുകയായിരുന്നു. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിടുന്ന ലുലയുടെ കാര്യത്തില്‍ കോടതി വിവേചനപരമായ നിലപാടാണ് അവലംബിച്ചത്.
ലുലയുടെ ശിക്ഷ നടപ്പാക്കിയില്ലെങ്കില്‍ സൈന്യം നേരിട്ട് ഇടപെടുമെന്ന് സൈന്യത്തിന്റെ ചീഫ് കമാന്‍ഡര്‍ ജനറല്‍ എഡ്വേര്‍ഡോ വില്ലാസ് ബോസ് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ലുലയുടെ ശിക്ഷാവിധി രാജ്യത്തെ കുത്തക മാധ്യമങ്ങള്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു.
ലുലയുടെ കേസിലെ മുഖ്യ പ്രോസിക്യൂട്ടര്‍ സെര്‍ഗിയോ മോറോ യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന പരിശീലനം നേടിയ ആളാണ്. ദില്‍മ റൂസേഫിന്റെ 2014 ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജുഡിഷ്യറി തികച്ചും പക്ഷപാതപരവും ശക്തവുമായ പങ്കാണ് ബ്രസീലിയന്‍ ഭരണസംവിധാനത്തില്‍ വഹിച്ചുവരുന്നത്. 2012 ല്‍ ബ്രസീലിന്റെ സമ്പദ്ഘടന വലിയ തകര്‍ച്ചയെ നേരിടേണ്ടിവന്നു. അതില്‍ നിന്ന് കരകയറാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതു സൃഷ്ടിച്ച ജനകീയ അസംതൃപ്തി സമൂഹത്തില്‍ രൂക്ഷമായ ചേരിതിരിവിന് ഇടയാക്കി. അതിന്റെ മറവിലാണ് സെര്‍ഗിയോ മോറോ തന്റെ ‘അഴിമതി വിരുദ്ധ കുരിശുയുദ്ധ’ത്തിന് ആക്കം കൂട്ടിയത്. ഇതാണ് ഫലത്തില്‍ രാഷ്ട്രീയ അട്ടിമറികളെ സ്ഥാപനവല്‍ക്കരിക്കുന്നതിലേക്ക് നയിച്ചത്.
അഴിമതി ആരോപണങ്ങളുടെ പേരില്‍ ഭരണകേന്ദ്രങ്ങളെ കടന്നാക്രമിക്കാനും ജനാധിപത്യ അവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറ്റം നടത്താനും ഈ പശ്ചാത്തലം നീതിപീഠത്തിന് സഹായകമായി. അതിന് രാജ്യത്തെ സമ്പന്ന വലതുപക്ഷം പിന്തുണയും നല്‍കി. വലതുപക്ഷ ഭരണകൂടം കടുത്ത ചെലവുചുരുക്കല്‍ പദ്ധതികളിലൂടെ സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ നട്ടെല്ലു തകര്‍ക്കുന്ന തൊഴില്‍, പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കി. ലുല തെരഞ്ഞെടുപ്പില്‍ വിജയിച്ചുവന്നാല്‍ ഈ നീക്കങ്ങള്‍ക്ക് വിരാമമാകുമെന്ന് വലതുപക്ഷ ശക്തികള്‍ ഭയപ്പെടുന്നു. യാഥാസ്ഥിതിക ശക്തികളും ദരിദ്ര തൊഴിലാളി ജനവിഭാഗങ്ങളും തമ്മിലുള്ള ചേരിതിരിവ് ഇതോടെ അതിരൂക്ഷമായി മാറി. ജനങ്ങളോട് മറുപടി പറയാന്‍ യാതൊരു ബാധ്യതയുമില്ലാത്ത ടെമറിന്റെ രാഷ്ട്രീയ അജന്‍ഡയാണ് പി ടിയെ അധികാരത്തില്‍ നിന്നും തുടച്ചുനീക്കിയത്.
ജനാധിപത്യ അവകാശങ്ങള്‍ക്കുമേല്‍ സുപ്രിം കോടതി നടത്തുന്ന കടന്നാക്രമണങ്ങള്‍ ബ്രസീലിന്റെ ഇടതുപക്ഷ രാഷ്ട്രീയ വൈരുധ്യങ്ങളാണ് തുറന്നുകാട്ടുന്നത്. തന്നെ പാര്‍ലമെന്ററി അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടയാക്കുന്നതിന് നേതൃത്വം നല്‍കിയ ടെമറിനെ 2014 ല്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത് ദില്‍മ റൂസേഫ് തന്നെയാണ്. സുപ്രിം കോടതി പ്രസിഡന്റിനെ തല്‍സ്ഥാനത്ത് അവരോധിച്ചത് ലുലയും.
ലോഹവ്യവസായ തൊഴിലാളിയായിരുന്ന ലുല മുതലാളിത്ത രാഷ്ട്രീയപാത പിന്തുടരുന്ന നേതാവാണ്. തന്റെ ഭരണകാലത്ത് ഒരിക്കല്‍പോലും ലുല മുതലാളിത്തത്തിനു കടിഞ്ഞാണിടാന്‍ യാതൊന്നും ചെയ്തില്ല. വലതുപക്ഷ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ കരുത്തുള്ള തൊഴിലാളി വര്‍ഗത്തെ അതിനായി രാഷ്ട്രീയമായി സജ്ജമാക്കാന്‍ ലുല ഒന്നും ചെയ്യുകയുണ്ടായില്ല. 7.4 ദശലക്ഷം അംഗങ്ങളുള്ള ലോഹവ്യവസായ തൊഴിലാളി യൂണിയനാണ് (സിയുടി) രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി വര്‍ഗ സംഘടന. അതിനെ നിയന്ത്രിക്കുന്നത് പി ടി നേതൃത്വവും. എന്നിട്ടും ലുലയെ ജയിലിലടച്ചതിനെ തുടര്‍ന്ന് പണിമുടക്കിനോ മറ്റ് പ്രക്ഷോഭ പരിപാടികള്‍ക്കോ സിയുടി നേതൃത്വം രംഗത്ത് വരികയുണ്ടായില്ല. രാഷ്ട്രീയ അട്ടിമറികള്‍ക്കെതിരെ തൊഴിലാളികളെയും ബഹുജനങ്ങളെയും തെരുവിലിറക്കി ചെറുത്തുതോല്‍പ്പിക്കാനും പി ടി നേതൃത്വം സന്നദ്ധമായില്ലെന്നും വിമര്‍ശനമുണ്ട്. പി ടി വര്‍ഗസമരത്തിന്റെ പാത അവഗണിക്കുകയാണ്. ഇതാണ് ബ്രസീലിലെ തൊഴിലാളി വര്‍ഗവും പി ടിയും നേരിടുന്ന ധര്‍മസങ്കടവും വെല്ലുവിളിയും.