Saturday
15 Dec 2018

പ്രായമേറിയ സ്ത്രീകളില്‍ സ്തനാര്‍ബുദം കണ്ടെത്താനുള്ള സാധ്യത യുവതികളെ അപേക്ഷിച്ച് കൂടുതല്‍

By: Web Desk | Friday 11 May 2018 3:47 PM IST

ജി ഗോപകുമാർ

കൊച്ചി: പ്രായമേറിയ സ്ത്രീകളില്‍ യുവതികളെ അപേക്ഷിച്ച് കൂടുതല്‍ പഴക്കമേറിയ അര്‍ബുദം കണ്ടെത്തി വരുന്നതായും ഇതേക്കുറിച്ച് കൂടുതല്‍ അവബോധം ആവശ്യമാണെന്നും കൊച്ചിയില്‍ നിന്നുള്ള ഓങ്കോളജിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കിടയിലും അപകട സാധ്യതകളെക്കുറിച്ചുള്ള കൂടുതല്‍ ബോധവല്‍ക്കരണം, തുടര്‍ച്ചയായ പരിശോധനകള്‍, സമയാസമയങ്ങളിലുള്ള ചികില്‍സ തുടങ്ങിയ അടിസ്ഥാന ഘടകങ്ങള്‍ ഉറപ്പാക്കുക വഴി സ്തനാര്‍ബുദം കണ്ടെത്താനും ഇതു മൂലം ജീവ നഷ്ടമുണ്ടാകുന്നതു കുറക്കാനും സാധിക്കും.
ഇന്ത്യയില്‍ ഇന്നു കണ്ടെത്തുന്ന അര്‍ബുദങ്ങളില്‍ പത്തു ശതമാനവും സ്തനാര്‍ബുദമാണ്. 2015 ല്‍ 1,55,000 പേര്‍ക്കാണ് ഇന്ത്യയില്‍ ഈ രോഗം കണ്ടെത്തിയത്. ഇതില്‍ 76,000 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. പ്രായമേറുന്തോറും  സ്ത്രീകളിലെ സ്തനാര്‍ബുദ സാധ്യത വര്‍ധിക്കുമെന്നത് ഇന്ന് വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന സ്ത്രീകളില്‍ ഇതേക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു വിശദീകരിച്ച ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ അരുണ്‍ വാര്യര്‍ പറഞ്ഞു. പ്രായം ഏറുന്നതനുസരിച്ച് ആരോഗ്യപരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാമെന്നും സ്തനാര്‍ബുദം അടക്കമുള്ളവ ചികില്‍സകളെ സങ്കീര്‍ണമാക്കുമെന്നും കുറച്ചു പേര്‍ക്കു മാത്രമാണു ബോധ്യമുള്ളത്. സ്ത്രീകള്‍ അവരുടെ ആരോഗ്യത്തെക്കുറിച്ചു ശ്രദ്ധ പുലര്‍ത്തുകയും സ്തനാര്‍ബുദ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കിയിരിക്കുകയും വേണം. എന്തെങ്കിലും അസ്വാഭാവികതകള്‍ കണ്ടെത്തുകയാണെങ്കില്‍ അവ ഏറ്റവും വേഗത്തില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വയം സ്തനാര്‍ബുദ പരിശോധന നടത്താന്‍ 25 വയസ്സു കഴിഞ്ഞ എല്ലാ സ്ത്രീകളും പരിശീലിച്ചിരിക്കണമെന്ന് വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു. എന്തെങ്കിലും അസ്വാഭാവികതകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ തങ്ങളുടെ ഡോക്ടറെ അറിയിക്കുകയും വേണം. തങ്ങള്‍ക്കു പാരമ്പര്യമായോ മറ്റു രീതികളിലോ അപകട സാധ്യതകള്‍ ഉണ്ടെങ്കില്‍  അതും മനസിലാക്കിയിരിക്കണം. നാല്‍പ്പതു കഴിഞ്ഞവര്‍ ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ സ്ഥിരമായി ക്ലിനിക്കല്‍ പരിശോധനകള്‍ക്കു വിധേയരാവണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.