Tuesday
24 Oct 2017

ഉജ്ജ്വലം, ഗംഭീരം; എഐഎസ്എഫ് സമ്മേളനത്തിന് തുടക്കമായി

By: Web Desk | Sunday 13 August 2017 1:53 PM IST

 

കണ്ണൂര്‍: വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ കരുത്ത് വിളംബരം ചെയ്യുന്ന പ്രകടനത്തോടെ എഐഎസ്എഫ് 43-ാം സംസ്ഥാന സമ്മേളനം ആരംഭിച്ചു. ഓഗസ്റ്റ് 15 വരെ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ ജില്ല കേന്ദ്രീകരിച്ച് നടന്ന വിദ്യാര്‍ഥിറാലിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ആസാദി മുദ്രാവാക്യമുയര്‍ത്തി പുതിയ ആവേശസ്മൃതി തീര്‍ത്തു.
കയ്യൂര്‍ സമരസേനാനി ചൂരിക്കാടന്‍ കൃഷ്ണന്‍നായരുടെ സ്മൃതിമണ്ഡപത്തില്‍ നിന്നാരംഭിച്ച പതാകജാഥയും പാമ്പാടി നെഹ്‌റു കോളജ് സമരകേന്ദ്രത്തില്‍ നിന്നാരംഭിച്ച ബാനര്‍ ജാഥയും തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിന്നാരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണസന്ദേശജാഥയും കണ്ണൂര്‍ എസ് എന്‍ പാര്‍ക്കില്‍ സംഗമിച്ചതിന് ശേഷമാണ് വിദ്യാര്‍ഥിറാലി ആരംഭിച്ചത്. പൊതുസമ്മേളന വേദിയായ സോണി ബി തെങ്ങമം നഗറില്‍(കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍) വെച്ച് പതാക രമ്യ രാജനില്‍ നിന്ന് പി സന്തോഷ്‌കുമാറും, ബാനര്‍ വി കെ വിനീഷില്‍ നിന്ന് സി പി സന്തോഷ്‌കുമാറും ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ സംരക്ഷണസന്ദേശം ജംഷീറില്‍ നിന്ന് സി പി മുരളി ഏറ്റുവാങ്ങി.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് വി വിനില്‍ അധ്യക്ഷനായി. ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. കെ രാജന്‍ എംഎല്‍എ, എഐഎസ്എഫ് ദേശീയ സെക്രട്ടറി കെ പി സന്ദീപ്, സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാല്‍, സിപിഐ ജില്ല സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി പി ഷൈജന്‍ സ്വാഗതവും എം അഗേഷ് നന്ദിയും പറഞ്ഞു. ആലപ്പുഴ ഇപ്റ്റ അവതരിപ്പിച്ച നാട്ടരങ്ങ് പരിപാടിയും അരങ്ങേറി.
ഇന്ന് രാവിലെ 10 മണിക്ക് ജി ശശി നഗറില്‍ (റബ്‌കോ ഓഡിറ്റോറിയം) ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍പ്രസിഡന്റ് കനയ്യകുമാര്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് മൂന്ന് മണിക്ക് ഗോവിന്ദ് പന്‍സാരെ നഗറില്‍ നടക്കുന്ന ‘ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാവി’ എന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, കെ പി സി സി മുന്‍ പ്രസിഡന്റ് കെ മുരളീധരന്‍ എംഎല്‍എ, മുന്‍ മന്ത്രി ഡോ. എം കെ മുനീര്‍, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം എന്നിവര്‍ പങ്കെടുക്കും. അഡ്വ. കെ രാജന്‍ എംഎല്‍എ മോഡറേറ്ററാകും.
വൈകീട്ട് 5.30ന് ജി ശശി നഗറില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ ചലചിത്രമേള സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അധ്യക്ഷനാകും.