Tuesday
20 Nov 2018

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു

By: Web Desk | Friday 15 September 2017 11:04 AM IST

അഹമ്മദാബാദ്:

ആദ്യബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിട്ടു. 2022 ഓഗസ്റ്റ് 15നകം പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സബര്‍മതി ആശ്രമത്തിന് സമീപമുള്ള ടെര്‍മിനലിലായിരുന്നു ചടങ്ങ്.
1.10 ലക്ഷം കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്. ചെലവിന്റെ 81 ശതമാനവും ജപ്പാന്‍ വായ്പയോടെയാണ് നടക്കുന്നത്. 50 വര്‍ഷം കൊണ്ട് ഇന്ത്യ തുക തിരിച്ചടയ്ക്കണം. ബാക്കി തുക ഇന്ത്യന്‍ റയില്‍വേയും മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാരുകളും വഹിക്കും.
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗതയുള്ള ഈ ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമായാല്‍ മുംബൈയില്‍ നിന്നും അഹമ്മദാബാദിലേയ്ക്ക് ഉള്ള 508 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂര്‍കൊണ്ട് പിന്നിടാനാകും. ആകെ 12 സ്റ്റേഷനുകള്‍ ആണ് ഉണ്ടാകുക. 21 കിലോമീറ്റര്‍ നീളത്തിലുള്ള തുരങ്കം പദ്ധതിയുടെ ഭാഗമാണ്. ഏഴു കിലോമീറ്റര്‍ കടലിനുള്ളിലൂടെയാണ് യാത്ര.
ഇന്ത്യയില്‍ നിലവില്‍ വേഗം കൂടിയ ട്രെയിന്‍ ഹസ്രത്ത് നിസാമുദീന്‍-ആഗ്ര കന്റോണ്‍മെന്റ് ഗതിമാന്‍ എക്‌സ്പ്രസ് ആണ്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ഗതിമാന്റെ വേഗം. പത്തു കോച്ചുള്ള ബുള്ളറ്റ് ട്രെയിനില്‍ 750 യാത്രക്കാരെ വഹിക്കാനാകും.
മുംബൈ-അഹമ്മദാബാദ് പാതയില്‍ 3000 രൂപയ്ക്കു മുകളിലായിരിക്കും ചുരുങ്ങിയ നിരക്കെന്നാണു സൂചന. താനെയ്ക്കും വിരാറിനുമിടയ്ക്ക് 21 കിലോമീറ്റര്‍ ഭൂഗര്‍ഭപാത ഒഴിച്ചാല്‍ 487 കിലോമീറ്ററും എലിവേറ്റഡ് പാതയായിരിക്കും.

*representational image