Thursday
22 Feb 2018

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് എട്ട് രൂപ

By: Web Desk | Wednesday 14 February 2018 10:40 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെയും കെഎസ്ആര്‍ടിസിയുടെയും യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ട് രൂപയായി ഉയരും. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജില്‍ വര്‍ദ്ധനയില്ല. മിനിമം ചാര്‍ജ്ജിനു ശേഷമുളള നിരക്കില്‍ വര്‍ദ്ധനയുടെ ഇരുപത്തിയഞ്ച് ശതമാനം വിദ്യാര്‍ഥികള്‍ക്കും കൂടും. ഇങ്ങനെ വര്‍ദ്ധിപ്പിക്കുമ്പോള്‍ അമ്പത് പൈസ വരെയുളള വര്‍ദ്ധന ഒഴിവാക്കും. വിദ്യാര്‍ഥികള്‍ക്ക് ഇളവ് ലഭിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭ നിരാകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് 40 കിലോ മീറ്റര്‍ വരെയുളള യാത്രയ്ക്ക് പുതുക്കിയ നിരക്കില്‍ ഒരു രൂപയുടെ വര്‍ദ്ധനയേ ഉണ്ടാകൂ. പുതുക്കിയ നിരക്ക് മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
 ഇന്ധന വിലയിലും സ്‌പെയര്‍പാര്‍ട്ടുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വര്‍ദ്ധന മൂലം ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ റിട്ട ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
 പുതുക്കിയ മിനിമം നിരക്ക് പ്രകാരം ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ് ബസ് ചാര്‍ജുകള്‍ ഏഴ് രൂപയില്‍ നിന്നും എട്ടു രൂപയാകും. ഓര്‍ഡിനറി, സിറ്റി ബസുകള്‍ക്ക് ഓരോ കിലോമീറ്ററിനു നിലവിലെ 64 പൈസ 70 പൈസയായും സിറ്റിഫാസ്റ്റിന് 68 പൈസയില്‍ നിന്നും 75 പൈസയായും വര്‍ദ്ധിക്കും. ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ 10 രൂപയെന്ന നിലവിലെ നിരക്ക് 11 രൂപയാകും. കിലോ മീറ്ററിന് 68 പൈസയെന്നത് 75 പൈസയാകും. സൂപ്പര്‍ ഫാസ്റ്റിലെ നിലവിലെ നിരക്കായ 13 രൂപ 15 ആയി ഉയരും. സൂപ്പര്‍ എക്‌സ്പ്രസില്‍ 20ല്‍ നിന്നും 22 രൂപയായും സൂപ്പര്‍ ഡീലക്‌സ്, സെമി സ്ലീപ്പര്‍ നിരക്കുകളില്‍ 28 ല്‍ നിന്നും 30 രൂപയായും വര്‍ദ്ധിക്കും. ഹൈടെക് എസി ലക്ഷ്വറി ബസുകളില്‍ 40 രൂപ 44 ആയും വോള്‍വോയില്‍ 40 രൂപയെന്നത് 45 രൂപ എന്ന നിരക്കിലേക്കും മാറും.
 കേരളത്തില്‍ മൂന്ന് വര്‍ഷത്തിനുശേഷമാണ് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതെന്ന് മന്ത്രിസഭായോഗശേഷം ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ധന വിലയിലുണ്ടായ വന്‍ വര്‍ധനയാണ് കെഎസ്ആര്‍ടിസിസ്വകാര്യ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതമായത്. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകളും കെഎസ്ആര്‍ടിസിയും നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബസ് ചാര്‍ജ് വര്‍ധന പരിശോധിക്കുന്നതിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ നിയോഗിക്കുകയും മന്ത്രിസഭായോഗം റോപ്പര്‍ട്ട് അംഗീകരിക്കുകയും ചെയ്തതെന്നും മന്ത്രി അറിയിച്ചു.