Monday
23 Apr 2018

ബസ് ചാര്‍ജ് കൂടും; മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്നും എട്ടുരൂപയാകും

By: Web Desk | Tuesday 13 February 2018 4:37 PM IST

ബസ് ചാര്‍ജ് കൂട്ടാന്‍ ഇടതുമുന്നണി ശുപാര്‍ശ ചെയ്തു. മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് എട്ട് രൂപയാകും. ഫാസ്റ്റ് പാസഞ്ചറില്‍ മിനിമം ചാര്‍ജ് 10 ല്‍ നിന്നും 11 ആകും.

അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. ജനങ്ങള്‍ക്കുമേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാതെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

ബസ് ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യാന്‍ ഇന്ന് എകെജി സെന്‍ററില്‍ അടിയന്തര ഇടതുമുന്നണി യോഗം കൂടിയിരുന്നു. ഈ യോഗത്തിലാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയത്.

ചാര്‍ജ് വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ ഈ മാസം 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടതുമുന്നണി യോഗം ചേര്‍ന്നത്.